
തിരുവനന്തപുരം: തിരിച്ചടികളുടെയും വിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ സംഘടന പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നടപടികളുമായി സി.പി.എം. പ്രാദേശിക - ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കണമെന്നാണ് സംസ്ഥാനസമിതി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശം. ഒരു വർഷത്തെ സംഘടനാപ്രവർത്തനം ആസൂത്രണം ചെയ്യാൻ കലണ്ടർ തയ്യാറാക്കും. ജനപിന്തുണയും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ ജനകീയഇടപെടൽ ആവശ്യമാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം ഉപരികമ്മിറ്റികൾ നിരീക്ഷിക്കണം.
ഏരിയാ കമ്മിറ്റികളിലെ ദൗർബല്യങ്ങൾ പരിഹരിക്കുകയാണ് പ്രധാനലക്ഷ്യം. ഏരിയ മുതൽ ബ്രാഞ്ച് വരെയുള്ള ഘടകങ്ങളെ സമയബന്ധിതമായി ശക്തിപ്പെടുത്താനുള്ള കർമ്മപദ്ധതി തയ്യാറാക്കണം. ബ്രാഞ്ചുകളിൽ നിന്ന് വലിയ കൊഴിഞ്ഞു പോക്ക് ഉണ്ടെന്നും ലോക്കൽ, ഏരിയകമ്മിറ്റികൾ വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്നും വിശാല സംസ്ഥാന,ജില്ലാ കമ്മിറ്റികളിൽ വിമർശനമുണ്ടായിരുന്നു.
ഭരണത്തിൽ എത്തി നാലു മാസത്തിനുള്ളിൽ യു.ഡി.എഫിലെ ഭിന്നതകൾ മറനീക്കി പുറത്തുവന്നുവെന്നും സി.പി.എം വിലയിരുത്തി. ഇതിലും സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളിലും പ്രചരണം ശക്തമാക്കും. സർക്കാരിനെതിരെ ശക്തമായ പ്രചരണത്തിന് കഴിയുന്നില്ലെന്നും സംസ്ഥാനസമിതിയിൽ വിമർശനം ഉയർന്നു. എൽ.ഡി.എഫ് എന്ന നിലയിൽ സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാണിക്കുന്നതിൽ പരാജയമുണ്ടാകുന്നുവെന്നും ആക്ഷേപമുയർന്നു. സംസ്ഥാനസമിതിക്ക് ശേഷം ഉടൻ എൽ.ഡി.എഫ് യോഗം വിളിച്ചുചേർക്കണമെന്നും നിർദ്ദേശമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |