SignIn
Kerala Kaumudi Online
Friday, 12 June 2026 9.29 PM IST

സിപിഎമ്മിന്റെ മേല്‍ കുതിരകയറുന്നത് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിട്ട് പോരെ? ചോദ്യങ്ങളുമായി ജയരാജന്‍

kannur

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ സിപിഎമ്മിനെ ഏറ്റവും അധികം ഞെട്ടിച്ചത് ശക്തികേന്ദ്രങ്ങളായ തളിപ്പറമ്പിലേയും പയ്യന്നൂരിലേയും തോല്‍വിയാണ്. പാര്‍ട്ടി വിട്ട് പുറത്തേക്ക് വന്ന ടികെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനുമാണ് ഇവിടങ്ങളില്‍ വിജയിച്ചത്. വിജയിച്ച് എംഎല്‍എമാരായതിന് ശേഷവും സിപിഎമ്മിനെതിരെ പരസ്യമായ വിമര്‍ശനം ഉന്നയിക്കുന്നത് തുടരുകയാണ് ഇരുവരും. ഈ പശ്ചാത്തലത്തില്‍ ഇരുവരോടും ചോദ്യങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജന്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് തരംകിട്ടുമ്പോഴെല്ലാം സിപിഎമ്മിനെ കുറ്റംപറയുന്ന രണ്ട് എംഎല്‍എമാരോട് ചില ചോദ്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് എം.വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎമ്മിനെതിരെ പറയുന്ന പല നുണകളും പറഞ്ഞ് തരുന്നത് മുഖ്യമന്ത്രി വി.ഡി സതീശനാണോ എന്നും ജയരാജന്‍ ചോദിക്കുന്നുണ്ട്.


എംവി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന്റെ പൂര്‍ണരൂപം


തരംകിട്ടുമ്പോഴെല്ലാം സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന രണ്ട് എംഎല്‍എമാരോടും ചില ചോദ്യങ്ങള്‍.


1. സിപിഐഎമ്മിന് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലെന്ന് പറഞ്ഞ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഏറ്റവും കൂടുതലുള്ള കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും മുമ്പ് രണ്ടുപേരോടും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അഭിപ്രായം തേടിയോ? ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാണോ അഭിപ്രായം?


2. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജില്ലാ കമ്മിറ്റിയുടെ മേല്‍ പഴിചാരി സംസ്ഥാന കമ്മിറ്റി രക്ഷപ്പെട്ടുവെന്ന പച്ച നുണ പറഞ്ഞുതന്നത് നുണകളുടെ രാജാവായ മുഖ്യമന്ത്രിയാണോ?


3. വര്‍ഗ്ഗീയതയോടുള്ള രണ്ടുപേരുടെയും സമീപനം എന്താണ്? നിങ്ങളില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിത്വം സ്വന്തമായി പ്രഖ്യാപിച്ചപ്പോള്‍ വര്‍ഗ്ഗീയ കക്ഷികള്‍ ഒഴിച്ചുള്ളവരുടെ പിന്തുണ സ്വീകരിക്കുമെന്നായിരുന്നു പറഞ്ഞതെന്ന് ഓര്‍ക്കുമല്ലോ.


4. 'ഇന്ദിര ഗ്യാരണ്ടി' വാഗ്ദാനമായ 21,000 രൂപ ആശമാര്‍ക്ക് നല്‍കാത്തതിനെതിരെ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുമോ?


5. കെഎസ്ആര്‍ടിസിയില്‍ തീര്‍ത്ഥാടന യാത്ര, ടൂറിസം യാത്ര എന്നിവയുള്‍പ്പെടെ എല്ലാ യാത്രകള്‍ക്കും എല്ലാ ബസ്സുകളിലും എല്ലാ സ്ത്രീകള്‍ക്കും സൗജന്യമെന്ന വാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ചതിനെതിരെ പത്രസമ്മേളനം നടത്തുമോ?


6. അദാനി ഗ്രൂപ്പിന്റെ ഫ്ലൈറ്റില്‍ ദുരൂഹമായ മംഗലാപുരം യാത്രയെക്കുറിച്ചും എന്‍ഡിഎ കക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും തുറമുഖ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയും ചെയ്തതിനെക്കുറിച്ച് എന്താണ് അഭിപ്രായം?


7. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ വേദിയില്‍ ഒരു മതത്തിന്റെ ദേവതകളെ മാത്രം പ്രകീര്‍ത്തിക്കുന്ന വന്ദേമാതരം ചൊല്ലിയത് ശരിയാണോ?


8. ന്യൂനപക്ഷ വോട്ടുകള്‍ വെട്ടിക്കളയാന്‍ ലക്ഷ്യമാക്കിക്കൊണ്ടുവന്ന എസ്ഐആര്‍ കേരളത്തില്‍ നടപ്പാക്കാന്‍ നേതൃത്വം കൊടുത്തയാളെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആക്കിയതും 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന മഹത്തായ സന്ദേശം മലയാളികളെ ഉല്‍ബോധിപ്പിച്ച ശ്രീനാരായണഗുരുവിന്റെ പരിപാവന കേന്ദ്രമായ ശിവഗിരിയില്‍ വര്‍ഗ്ഗീയവാദിയായ നരേന്ദ്രമോദിയെ ക്ഷണിച്ചപ്പോള്‍ നടന്ന പ്രതിഷേധ സമരം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്ത ടി കെ ഗോവിന്ദന്‍ മാസ്റ്ററും പയ്യന്നൂരില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത വി കുഞ്ഞികൃഷ്ണനും അന്ന് മോദിയെ ക്ഷണിച്ചതിനെ ന്യായീകരിച്ച സംഘി പുത്രനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ആക്കിയതിനെക്കുറിച്ച് എന്താണ് അഭിപ്രായം?


9. എം.ജി. യൂണിവേഴ്സിറ്റി വിസിയായി സംഘപരിവാര്‍ നേതാവിനെയും 19 ആര്‍എസ്എസുകാരെ സെനറ്റ് അംഗങ്ങളാക്കിയും നിയമിച്ചത് ശരിയാണോ?


10. കെ.എസ്ഇബിയും കെഎസ്ആര്‍ടിസിയും വാട്ടര്‍ അതോറിറ്റിയും സ്വകാര്യവല്‍ക്കരിക്കുമെന്നും കിഫ്ബി മുഖേനയുള്ള വികസന പദ്ധതികള്‍ നിര്‍ത്തലാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനെതിരെ നിയമസഭയില്‍ കോളിംഗ് അറ്റന്‍ഷന്‍ കൊണ്ടുവരുമോ? പയ്യന്നൂര്‍ തളിപ്പറമ്പ് മണ്ഡലങ്ങളിലെ മുന്‍ എംഎല്‍എമാരും എല്‍ഡിഎഫ് സര്‍ക്കാരും അനുവദിച്ച വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുമോ, അല്ല മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ നിര്‍ത്തലാക്കുമോ?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA