തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ സിപിഎം പൂർണമായും കൈവിട്ട അവസ്ഥയിൽ. അറസ്റ്റിനുപിന്നാലെയുള്ള നേതാക്കളുടെ പ്രതികരണങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തേ എ പത്മകുമാറിന്റെ അറസ്റ്റിനുപിന്നാലെ വ്യക്തമായ നടപടികളിലേക്ക് പാർട്ടി കടക്കാത്തതിൽ കൈപൊള്ളിയ അനുഭവമാണ് ഇത്തരമൊരു നിലപാടിന് കാരണമെന്നാണ് കരുതുന്നത്. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാതിരുന്നത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ തിരിച്ചടിയായെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ തന്നെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന പാർട്ടി കമ്മിറ്റികളിൽ സംസ്ഥാന, ജില്ലാ നേതാക്കളെ ഇക്കാര്യമുയർത്തി പാർട്ടി അംഗങ്ങൾ നിറുത്തിപ്പൊരിച്ചിരുന്നു.
പ്രശാന്തിന്റെ അറസ്റ്റ് രാഷട്രീയപ്രേരിതമാണെന്ന വാദം ആദ്യം തള്ളിയത് മുതിർന്ന നേതാവ് ഇപി ജയരാജനായിരുന്നു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമായി കാണുന്നില്ലെന്നും നിയമം നിമയത്തിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രശാന്ത് ദേവസ്വംബോർഡ് പ്രസിഡന്റായിരുന്നപ്പോൾ ദേവസ്വം മന്ത്രിയായിരുന്ന വിഎൻ വാസവനും ഇതേ നിലപാടാണ് സ്വീകരിച്ചത്. അറസ്റ്റ് വിഷയത്തിൽ പ്രതികരിക്കാൻ പാർട്ടി ജനററൽ സെക്രട്ടറി തയ്യാറായതുമില്ല.
പത്തുവർഷം സംസ്ഥാനം ഭരിച്ച പിണറായി സർക്കാർ നിയമിച്ച അഞ്ച് ദേവസ്വംബോർഡ് പ്രസിഡന്റുമാരിൽ മൂന്നുപേർ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് പാർട്ടിയെ വലിയരീതിയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ കരുതലോടെ നീങ്ങിയില്ലെങ്കിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇതിനകംതന്നെ സിപിഎമ്മിന് വ്യക്തമായിട്ടുണ്ട്. ഇതും പ്രശാന്തിനെ കൈവിടാൻ കാരണമായെന്നാണ് വിലയിരുത്തുന്നത്.
കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പ്രശാന്തിന് ഉടൻതന്നെ ദേവസ്വംബോർഡ് പ്രസിഡന്റ് സ്ഥാനം നൽകിയതിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കുൾപ്പെടെ എതിർപ്പുണ്ടായിരുന്നു. പാർട്ടിമാറിവന്ന ഉടൻ മറ്റാർക്കും ഇത്രവലിയ സ്ഥാനം നൽകുന്ന രീതി സിപിഎമ്മിലുണ്ടായിരുന്നില്ല. കമ്മിറ്റികളിൽ ഉൾപ്പെടെ പലരും ഈ വിഷയം ഉയർത്തിയെങ്കിലും അതിന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ ആഗോള അയ്യപ്പസംഗമവും തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായെന്ന ആക്ഷേപവും തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉയർന്നിരുന്നു.
ഇന്നുരാവിലെയാണ് തിരുവനന്തപുരം ഏണിക്കരയിലെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് കൊല്ലത്ത് എത്തിച്ചശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
CPM has distanced itself from former Devaswom Board President P.S. Prashanth following his arrest in the Sabarimala gold robbery case. Party leaders stated the arrest is not politically motivated, emphasizing the law must proceed. This stance comes after a previous ex-president's arrest impacted election results, and three former presidents under the current government now face charges.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |