
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ സി.പി.എം ജില്ലാ കമ്മിറ്റിയംഗവും, മുൻ എം.എൽ.എയുമായ എ. പദ്മകുമാറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ കാലപരിധി ഒരു വർഷം വരെയാണ്. പദ്മകുമാർ പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് മാദ്ധ്യമങ്ങളോടു പറഞ്ഞു.
സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടി നടത്തുന്ന അന്വേഷണത്തിന്റെ കുറ്റപത്രത്തിൽ പദ്മകുമാറിനെതിരെ ഗുരുതരമായ കണ്ടെത്തലുകളുണ്ടായാൽ തുടർ നടപടി സ്വീകരിക്കുമെന്ന് ഐസക് പറഞ്ഞു. ഇങ്ങനെ സംഭവിച്ചാൽ, പാർട്ടി ഭരണഘടന പ്രകാരം പുറത്താക്കലാണ് അടുത്ത ഘട്ടം.
സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയും ദ്വാരപാലക ശില്പ കേസിൽ പതിനൊന്നാം പ്രതിയുമാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായ പദ്മകുമാർ. 90 ദിവസം ജയിലിൽ കിടന്ന ശേഷം സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങി ആറൻമുളയിലെ വീട്ടിൽ കഴിയുകയാണ് അദ്ദേഹം.
എൽ.ഡി.എഫിനുണ്ടായത് വലിയ തിരിച്ചടി
രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ പദ്മകുമാറിന്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു. പദ്മകുമാറിനെ പുറത്താക്കണമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സി.പി.എമ്മിലെ പല ഘടകങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ സംരക്ഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നടന്ന അവലോകന യോഗങ്ങളിൽ പദ്മകുമാറിനെതിരെ നടപടിയെടുക്കാതിരുന്നതിനെ പാർട്ടി അംഗങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു. തെറ്റ് സമ്മതിച്ച സംസ്ഥാന നേതൃത്വം പദ്മകുമാറിനെതിരെ നടപടിയെടുക്കാൻ ജില്ലാ കമ്മിറ്റിയോട് നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന, ജില്ലാ ഘടകങ്ങളുടെ തിരഞ്ഞെടുപ്പ് അവലോകനങ്ങൾക്കും ജില്ലാ സെക്രട്ടറിയുടെ റിപ്പോർട്ടിംഗിനും ശേഷമാണ് പദ്മകുമാർ വിഷയം ചർച്ചയ്ക്കെടുത്തത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനും പങ്കെടുത്തു.
'പാർട്ടി തീരുമാനം അംഗീകരിക്കുന്നു. പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനെപ്പറ്റി അറിയില്ല. 53 വർഷമായി ഈ പാർട്ടിയിലുണ്ട്. കൂടുതലൊന്നും പറയാനില്ല".
- എ. പത്മകുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |