
കൽപ്പറ്റ: നാടിനെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം. 2024ജൂലായ് 29ന് അർദ്ധരാത്രി 12.45 ഓടെയാണ് പുഞ്ചിരിമട്ടത്ത് ആദ്യ ഉരുൾപൊട്ടിയത്. പിന്നീട് 30ന് പുലർച്ചെ വരെ രണ്ടുതവണ ഉരുൾപൊട്ടലുണ്ടായി. മുണ്ടക്കൈയും ചൂരൽമലയും നാമാവശേഷമായി. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെ എട്ടു കിലോ മീറ്ററിൽ 8600 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ ദുരന്തം വ്യാപിച്ചു. 298പേരാണ് മരിച്ചത്. അറുനൂറോളം വീടുകൾ തകർന്നു. 500ലേറെ വീടുകൾ ഉപയോഗ ശൂന്യമായി. ആയിരത്തിലേറെ കുടുംബങ്ങളെയാണ് നേരിട്ടു ബാധിച്ചത്. പരോക്ഷമായി ബാധിച്ചവരാകട്ടെ ഇതിലും ഇരട്ടിയാണ്.
മൃതദേഹങ്ങൾ സംസ്ക്കരിച്ച പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അനുസ്മരണവും നടക്കും. മന്ത്രിമാർ സംബന്ധിക്കും. ദുരന്തബാധിതരെയും കുടുംബാംഗങ്ങളെയും കൽപ്പറ്റയിൽ നിന്ന് പുത്തുമലയിൽ എത്തിക്കാൻ കെ.എസ്. ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. പ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തു. മേപ്പാടി പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ വിദ്യാലയങ്ങൾക്ക് അവധി നൽകിയിരുന്നു.
കൽപ്പറ്റയിൽ സർക്കാർ വിലക്ക് വാങ്ങിയ 64.47 ഹെക്ടർ ഭൂമിയിൽ ഉരുൾ ദുരിതബാധിതർക്കായി ടൗൺ ഷിപ്പ് ഉയർന്നു. കഴിഞ്ഞ മാർച്ച് ഒന്നിന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അതിജീവന നഗരം ഉദ്ഘാടനം ചെയ്തു. 178 കുടുംബങ്ങൾ താമസം തുടങ്ങി. 410 പേർക്കാണ് ഇവിടെ വീട്. മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തിൽ 51 കുടുബങ്ങൾക്ക് വെളളിത്തോടും വീട് നിർമ്മിച്ച് നൽകി. കുന്നമ്പറ്റയിൽ കോൺഗ്രസ് വിലക്ക് വാങ്ങിയ ഭൂമിയിൽ വീടുകളുടെ നിർമ്മാണം ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളും ഉരുൾ ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |