
തിരുവനന്തപുരം: നിഴൽ വിരിച്ച കാട്ടുമരങ്ങൾക്കിടയിൽ ചെറുകുളങ്ങൾ. ചെറുതും വലുതുമായി 16 എണ്ണം. കുളത്തിന് നടുവിലെ മുളപ്പാലം കടന്നാൽ ഗുഹകൾ. പൈതൃകത്തിന്റെ ഓർമ്മകളുണർത്തുന്ന മുനിയറകൾ. സ്വതന്ത്രമായി വിഹരിക്കുന്ന ഗിനിപ്പന്നികളും മുയലും വാത്തകളും പ്രാവും കോഴികളും... ചാലക്കുടി പോട്ട പനമ്പിള്ളി കോളേജിന് സമീപം വർക്കിയുടെ (66) വെളിയത്ത് വീട്ടിലേക്ക് കടന്നാൽ വഴികാട്ടുക മതിലുകളല്ല, മരങ്ങളുടെ തണലാണ്. ഓരോ ചുവടിലും പ്രകൃതി മനുഷ്യനോട് സംസാരിക്കുന്ന അനുഭവം. പാരമ്പര്യ സ്വത്തായ വീടിന് ചുറ്റുമുള്ള ഒന്നരയേക്കർ സ്ഥലത്താണ് 25 വർഷം മുൻപ് സ്വന്തം അദ്ധ്വാനത്തിൽ പാർക്ക് നിർമ്മിച്ചത്. പാരമ്പര്യമായി കൃഷിക്കാരായിരുന്നു കുടുംബം. വർക്കിയുടെ കൈയിലെത്തിയതോടെ, 27 നക്ഷത്രങ്ങൾക്ക് യോജിച്ച മരങ്ങൾ നഴ്സറിയിൽ നിന്നും വാങ്ങി വച്ചുപിടിപ്പിച്ചു. ആദ്യം ലൗ ബേഡ്സിനെ വളർത്തി. പിന്നെ സ്വന്തമായി കുളം നിർമ്മിച്ചു. അതിൽ കാരി, കൂരി പോലുള്ള മത്സ്യങ്ങളെ വളർത്തി.
കൗതുകങ്ങളുടെ ആർക്കിടെക്ട്
ഭാര്യയ്ക്ക് വീട്ടിൽ ബ്യൂട്ടി പാർലറായിരുന്നു. 16 വർഷം സൗദിയിലെ ജോലിക്ക് ശേഷം നാട്ടിലെത്തിയ വർക്കി എൽ.ഐ.സി ഏജന്റായി. ഭാര്യയെയും വർക്കിയെയും കാണാനെത്തുന്നവർ പ്രദേശം കണ്ട് നല്ല അഭിപ്രായം പറഞ്ഞുതുടങ്ങി. ഇതോടെ ആവേശമായി. പാരമ്പര്യമായി കിട്ടിയ മറ്റ് സ്വത്തും സ്വർണവുമെല്ലാം ഉപയോഗിച്ച് പതിയെ കൗതുകങ്ങളുടെ പാർക്കാക്കി. ഡിസൈനറും ആർക്കിടെക്ടും ഗൈഡും എല്ലാം വർക്കി. പക്ഷികൾക്കുള്ള കൂടിന് പഴയ ചട്ടി, കലം, ചിമ്മിണിക്കട്ടകൾ ഉപയോഗിച്ചു. ഭാര്യ ലിസിയും മകൾ രേഷ്മയും ഒപ്പമുണ്ട്. ആദ്യ മനുഷ്യനിർമ്മിത ആവാസവ്യവസ്ഥയ്ക്ക് രണ്ട് ലിംക ബുക്ക് ഒഫ് റെക്കാഡ് അടക്കം മുപ്പതോളം പുരസ്‌കാരം നേടി. സന്ദർശകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ചെറിയ തുക ഈടാക്കും. ഇതാണ് വരുമാനം.
മരത്തിലെ പരീക്ഷണം ഏറുമാടമായി
പി.വി.സി പൈപ്പിൽ മണ്ണ് നിറച്ച് അതിലേക്ക് അത്തിമരത്തിന്റെ വേര് കയറ്റിവിട്ട് നനച്ച് മാസങ്ങളെടുത്ത് വളർത്തിയെടുത്തു. ആറ് മീറ്ററോളം വലിപ്പമായപ്പോൾ, ഈ വേരുകൾ കൂട്ടിക്കെട്ടി അതേമരത്തിൽ ഏറുമാടമുണ്ടാക്കി. ഏറുമാടത്തിലേയ്ക്ക് കയറാനുള്ള ഗോവണിയും വേര് കൊണ്ട് ഉണ്ടാക്കി. മുളയിലും ഏറുമാടമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |