
കൊല്ലം: ഇന്ധന വില വർദ്ധനയ്ക്ക് പിന്നാലെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുനീക്കവും കുറഞ്ഞതോടെ ജില്ലയിൽ പച്ചക്കറി വില കുതിക്കുന്നു. ഒരാഴ്ച മുമ്പുവരെ കിലോഗ്രാമിന് 50 രൂപയിൽ താഴെയായിരുന്ന പല പച്ചക്കറികളുടെയും വില ഇപ്പോൾ 80 മുതൽ 100 രൂപവരെയെത്തി.
സ്കൂളുകൾ തുറന്നതോടെ വീടുകളിലും ഹോസ്റ്റലുകളിലും പച്ചക്കറി ഉപയോഗം വർദ്ധിച്ചതും ഇന്ധനവില വർദ്ധനവും പച്ചക്കറികളുടെ വരവ് കുറഞ്ഞതുമാണ് വില കുത്തനെ ഉയരാൻ കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഇഞ്ചിക്കും വെളുത്തുള്ളിക്കും റെക്കാർഡ് വിലക്കയറ്റമാണ്.
ഇഞ്ചിക്ക് കിലോയ്ക്ക് 170 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ് നിലവിലെ വില. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 100 രൂപയിൽ താഴെയായിരുന്ന ഇഞ്ചി വില. കറിയിലിടാൻ മുളക് വാങ്ങിയാലും പോക്കറ്റ് ചോരും. തമിഴ്‌നാട്ടിൽ നിന്നുള്ള ചെറിയ പച്ചമുളകിന് 40 രൂപയും കർണാടകയിൽ നിന്നുള്ള വലിയ മുളകിന് 60 രൂപയുമാണ് വില. വലിയ ഉള്ളിക്ക് 25 രൂപയാണെങ്കിൽ ചെറിയ ഉള്ളിക്ക് 60 രൂപ നൽകണം. ഇതോടൊപ്പം ഇറച്ചിക്കോഴി വിലയും 150 രൂപയ്ക്ക് മുകളിലാണ്.
ഉൽപ്പാദനം കുറഞ്ഞത് തിരിച്ചടി
കടുത്ത ചൂട് കാരണം പച്ചക്കറിത്തോട്ടങ്ങളിലേക്കുള്ള ജലസേചനം തടസപ്പെട്ടു
ഇത് ഉൽപ്പാദനം പകുതിയായി കുറച്ചു
ഇത് വിളവെടുപ്പിനെയും ബാധിച്ചു
കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത് തമിഴ്‌നാട്ടിലെ ദിണ്ടിഗൽ, മേട്ടുപ്പാളയം, സഞ്ചിരിമല, കർണാടകയിലെ ഗുണ്ടൽപേട്ട്, മൈസൂരു എന്നിവിടങ്ങളിൽ നിന്ന്
വരും ദിവസങ്ങളിൽ മഴ ലഭിച്ചാലേ വിലയിൽ കുറവുണ്ടാകൂ
പച്ചക്കറി വില (കിലോയ്ക്ക്)
വെളുത്തുള്ളി ₹250
ഇഞ്ചി ₹170
ബീൻസ് ₹100
മുരിങ്ങക്ക ₹100
കാരറ്റ് ₹80
പയർ ₹75-80
പാവയ്ക്ക ₹65
പടവലം ₹60
തക്കാളി ₹35 - ₹60
വഴുതനങ്ങ ₹60
വെണ്ടയ്ക്ക ₹48 - ₹50
കാബേജ് ₹50
സവാള, ഉരുളക്കിഴങ്ങ്, മത്തൻ, വെള്ളരി ₹50 ൽ താഴെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |