
കൊച്ചി: വമ്പന്‍ ശമ്പളം കൈപ്പറ്റിയാലും പത്തുകാശ് സമ്പാദിക്കുന്നതില്‍ ത്രില്ലില്ല. പകരം, മുന്തിയ ഇനം മൊബൈല്‍ ഫോണ്‍ വാങ്ങും. ക്രെഡിറ്റ് കാര്‍ഡിലൂടെ ഇടപാടുകള്‍ നടത്തും. ഐ.ടി., മാര്‍ക്കറ്റിംഗ്, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന വരുമാനമുള്ള പാക്കേജോടെ ജോലി നേടുന്ന യുവതലമുറക്കാണ് നിക്ഷേപങ്ങളോട് താത്പര്യക്കുറവ്. വീടോ സ്ഥലമോ വാങ്ങുന്നതിനെക്കാള്‍ അടിപൊളി ജീവിതത്തിനോടാണ് ഭൂരിപക്ഷത്തിനും ഇഷ്ടം. നിക്ഷേപ വിദ്യാഭ്യാസം പുതുതായി ജോലിക്ക് കയറുന്നവര്‍ക്ക് ലഭിക്കാത്തത് അലസതയ്ക്ക് കാരണമാണെന്ന് ധനകാര്യ വിദഗ്ദ്ധര്‍ പറയുന്നു.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഉപകരണങ്ങളും വാഹനങ്ങളും വാങ്ങുക, യാത്രകളും ആഡംബരങ്ങളും അനുഭവിച്ചു സുഖമായി കഴിയുക എന്നതാണ് ഭൂരിപക്ഷത്തിന്റെയും ശൈലി. ക്രെഡിറ്റ് കാര്‍ഡുകളും ഇ വാലറ്റുകളുമാണ് വിനിയോഗിക്കുന്നത്. വീടോ ഫ്‌ളാറ്റോ സ്ഥലമോ നിക്ഷേപമായി വാങ്ങുന്ന ശീലം കുറഞ്ഞു. വാടകയ്ക്ക് വീടും ഫ്‌ളാറ്റുകളും സുലഭമായിരിക്കുമ്പോള്‍ എന്തിന് വാങ്ങണമെന്നാണ് നിലപാട്.
വേണം നിക്ഷേപ വിദ്യാഭ്യാസം
പ്രതിമാസ ശമ്പളത്തില്‍ നിന്ന് നിശ്ചിതഭാഗം നിക്ഷേപമായി ഭാവിയിലേയ്ക്ക് മാറ്റിവയ്ക്കുന്നവര്‍ കുറവാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് എടുക്കുന്നവര്‍ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും പ്രതിമാസ പദ്ധതികള്‍, ഇക്വിറ്റി, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നവര്‍ വളരെ കുറവാണ്.
ചെറുപ്രായത്തില്‍ ഉയര്‍ന്ന വരുമാനം ലഭിക്കുന്നവര്‍ക്ക് നിക്ഷേപ വിദ്യാഭ്യാസം ലഭിക്കാത്തതാണ് കാരണം. സ്ഥാപനങ്ങളിലെ ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിന് ഇതില്‍ പങ്കുവഹിക്കാന്‍ കഴിയും. ലാഭകരമായ നിക്ഷേപ പദ്ധതികള്‍, ഭാവി ആസൂത്രണം തുടങ്ങിയവയെക്കുറിച്ച് ബോധവത്കരണം നല്‍കിയാല്‍ യുവതലമുറയുടെ മനോഭാവത്തില്‍ മാറ്റം വരുത്താമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
വരുമാനത്തിന്റെ 20 നും 30നുമിടയില്‍ ഭാവിക്ക് കരുതലാക്കാന്‍ യുവതലമുറ ശ്രദ്ധിക്കണം. വരുമാനവും ലാഭവും ഉറപ്പുള്ള നിരവധി നിക്ഷേപപദ്ധതികള്‍ ലഭ്യമാണ്. - ദിനേശ് നായര്‍, ഡയറക്ടര്‍, ഇക്വിറസ് വെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ്
വാഹന, വ്യക്തിഗത വായ്പകള്‍ എടുക്കുന്ന പ്രവണത യുവതലമുറയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. - ടി. ആന്റോ ജോര്‍ജ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |