SignIn
Kerala Kaumudi Online
Thursday, 24 September 2026 2.01 PM IST

കുറഞ്ഞ പരിചരണം മതി, രണ്ട് ഗ്രോബാഗിൽ നിന്ന് ആവശ്യത്തിന് കായ്കൾ; പൂവിട്ട് 20-30 ദിവസത്തിനുള്ളിൽ വിളവെടുക്കാം

tomato
പ്രതീകാത്മക ചിത്രം

അടുക്കളത്തോട്ടത്തിൽ എളുപ്പത്തിൽ വളർത്താവുന്ന പച്ചക്കറികളിൽ പ്രധാനപ്പെട്ടതാണ് തക്കാളി. വലിയ സ്ഥലമൊന്നും ആവശ്യമില്ലാത്തതിനാൽ ടെറസിലും ബൽക്കണിയിലും വരെ തക്കാളി കൃഷി ചെയ്യാൻ സാധിക്കും. ഗ്രോബാഗിലോ ചട്ടിയിലോ തൈ നട്ടു കഴിഞ്ഞാൽ 2 മാസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. ശരിയായ പരിചരണം നൽകിയാൽ വീട്ടാവശ്യത്തിനുള്ള തക്കാളി തന്നെ വീട്ടിൽ നിന്ന് ലഭിക്കും. രാസവളം ഇല്ലാത്ത പച്ചക്കറികൾ സ്വാദോടെ വീട്ടുവളപ്പിൽ നിന്ന് തന്നെ കഴിക്കാമെന്നുള്ളതാണ് ഇതിന്റെ പ്രധാന ഗുണം.

വിത്ത് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം?​

രോഗബാധയില്ലാത്തതും ഗുണമേന്മയുള്ളതുമായ വിത്തുകളാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. വിത്ത് നേരിട്ട് വലിയ ചട്ടിയിൽ നടുന്നതിന് പകരം ആദ്യം ചെറിയ ട്രേയിലോ പാത്രത്തിലോ പാകി തൈകൾ തയ്യാറാക്കുന്നതാണ് എളുപ്പം. ആരോഗ്യകരമായി വളർന്ന തൈകൾ പിന്നീട് പ്രധാന പാത്രത്തിലേക്ക് മാറ്റിനടാം.

ചട്ടിയും മണ്ണും എങ്ങനെ ഒരുക്കും?​

തക്കാളി കൃഷി ചെയ്യുന്നതിന് വെള്ളം കെട്ടിനിൽക്കാത്ത നല്ല നീർവാർച്ചയുള്ള മണ്ണാണ് അനുയോജ്യം. ഗ്രോബാഗ്, ചട്ടി, പെയിന്റ് ബക്കറ്റ് പോലുള്ള പാത്രങ്ങളിലും കൃഷി ചെയ്യാം. പാത്രത്തിന്റെ അടിയിൽ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാൻ ആവശ്യമായ ദ്വാരങ്ങൾ ഉണ്ടായിരിക്കണം. മണ്ണിനൊപ്പം ജൈവവളം, കമ്പോസ്റ്റ് തുടങ്ങിയവ ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാം. മണ്ണ് വളരെ കട്ടിയുള്ളതാകാതെ വായുസഞ്ചാരവും നീർവാർച്ചയും ഉറപ്പാക്കുന്നതും പ്രധാനമാണ്.

തൈകൾ എപ്പോൾ മാറ്റി നടണം?​

തൈകൾക്ക് ഏതാനും ഇലകൾ വന്നശേഷം വലിയ പാത്രത്തിലേക്ക് മാറ്റിനടാം. ഒരു പാത്രത്തിൽ ആവശ്യത്തിലധികം തൈകൾ നടുന്നത് ഒഴിവാക്കണം. ചെടികൾ തമ്മിൽ ആവശ്യമായ അകലം ലഭിച്ചാൽ വളർച്ച മെച്ചപ്പെടും.

തക്കാളിച്ചെടിക്ക് ദിവസവും മതിയായ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. എന്നാൽ ചെടിക്ക് അമിതമായി വെള്ളം നൽകുന്നത് ഒഴിവാക്കണം. മുകളിലെ മണ്ണ് ഉണങ്ങുമ്പോൾ ആവശ്യത്തിന് മാത്രം നനയ്ക്കുന്നതാണ് നല്ലത്. വെള്ളം കെട്ടിനിൽക്കുന്നത് വേരുകൾക്ക് കേടുണ്ടാക്കാം.

താങ്ങും വളവും എപ്പോൾ?​

ചെടി വളരുന്നതിനനുസരിച്ച് ജൈവവളം ഇടയ്ക്കിടെ നൽകാം. പൂക്കൾ ഉണ്ടാകുന്ന ഘട്ടത്തിലും കായകൾ രൂപപ്പെടുന്ന സമയത്തും ചെടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ചെടി വളരുന്നതിനനനുസരിച്ച് താങ്ങ് നൽകി കെട്ടിനിർത്തണം. ഇത് ചെടി മറിഞ്ഞുവീഴുന്നത് ഒഴിവാക്കാനും കായകൾ മണ്ണിൽ തട്ടാതെ സംരക്ഷിക്കാനും സഹായിക്കും.

കീടങ്ങളെ ശ്രദ്ധിക്കണം

ഇലകളിലും തണ്ടിലും കായകളിലും കീടബാധയുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുക. രോഗബാധയുള്ള ഇലകൾ കണ്ടെത്തിയാൽ നീക്കം ചെയ്യുന്നത് രോഗം പടരുന്നത് കുറയ്ക്കാൻ സഹായിക്കും. പുകയില കഷായം ഇരട്ടിവെള്ളം ചേർത്ത് നേർപ്പിച്ച് സ്‌പ്രേ ചെയ്യുന്നത് കീടങ്ങളെ അകറ്റാൻ സഹായിക്കും.

എപ്പോൾ വിളവെടുക്കാം?​

സാധാരണയായി തക്കാളി തൈ നട്ടതിന് ശേഷം 60–90 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുക്കാം. വിത്ത് പാകി മുളപ്പിച്ചാൽ 90 മുതൽ 120 ദിവസത്തിനുള്ളിലും വിളവെടുക്കാൻ കഴിയും. ചെടിയിൽ പൂവിട്ട ശേഷം ഏകദേശം 20–30 ദിവസത്തിൽ കായകൾ പാകമാകാൻ തുടങ്ങും. കായകൾ പച്ചയിൽ നിന്ന് നിറം മാറിത്തുടങ്ങുമ്പോൾ വിളവെടുക്കാം.

English Summary

Tomatoes are easy to grow at home, even in limited spaces such as balconies and terraces. They can be cultivated in grow bags or pots using well-drained soil, compost, and organic manure. Adequate sunlight, controlled watering, support, and regular pest checks are important. Seedlings usually produce the first harvest within 60–90 days, while fruits ripen around 20–30 days after flowering.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOMATO CULTIVATION, TOMATO HARVEST, TERRACE FARMING, EASY TOMATO CULTIVATION, FARMING AT HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE