SignIn
Kerala Kaumudi Online
Wednesday, 23 September 2026 6.27 PM IST

ഭാര്യയെ ഡോക്‌ടറാക്കിയ പൊലീസുകാരൻ; 35ാം വയസിൽ എംബിബിഎസ് മോഹം സഫലമാക്കി ലിൻസി

lincy
ഡോ.ലിൻസിയും കുടുംബവും

ആലപ്പുഴ: ഡോക്ടർ മോഹം ഉള്ളിലടക്കിയായിരുന്നു ലിൻസി വിവാഹിതയായത്. ഭാര്യയുടെ മനസറിഞ്ഞ പൊലീസുകാരനായ ഭർത്താവ് കട്ടയ്ക്ക് കൂടെ നിന്നു. എം.ബി.ബി.എസ് സ്വപ്നം 35ാം വയസിൽ യാഥാർത്ഥ്യമാക്കിയ ഡോ.ലിൻസി പറയുന്നു, ഇനി പീഡിയാട്രിക്സിൽ പി.ജി നേടണം. നാട്ടിൽ ആതുരസേവനം നടത്തണം.

എറണാകുളം കൺട്രോൾ റൂം സി.പി.ഒ ചേർത്തല തൈക്കൽ തീരദേശത്തെ വെട്ടിയഴീക്കൽ വീട്ടിൽ സിജോ ഡൊമിനിക്കാണ് ഭർത്താവ്. ഓമനപ്പുഴ സ്വദേശിയാണ് ലിൻസി. എം.എസ്‌സി ബോട്ടണി ബിരുദം നേടി നിൽക്കെ 2013ലായിരുന്നു മിന്നുകെട്ട്. എം.ബി.ബി.എസിന് ശ്രമിക്കുന്നോയെന്ന് സിജോ ചോദിച്ചപ്പോൾ തമാശയെന്നാണ് ലിൻസി ആദ്യം കരുതിയത്.

എന്നാൽ സിജോ സീരിയസായെടുത്തു. എൻട്രസിന് ചേരുമ്പോൾ മകൻ റൺധീറിന് ആറ് മാസം പ്രായം. മകനെ അമ്മയെ ഏല്പിച്ച്, ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. കുഞ്ഞിന് നൽകേണ്ട മുലപ്പാൽ കണ്ണീരോടെ പിഴിഞ്ഞു കളഞ്ഞ നാളുകൾ.

ആദ്യ ചാൻസിൽ പ്രവേശനം കിട്ടിയില്ല. റിപ്പീറ്റിന് ലിൻസി ഒരുങ്ങവേ സിജോയ്ക്ക് ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. രണ്ടുവർഷം പഠനം ഉപേക്ഷിച്ചു. വീണ്ടും കോച്ചിംഗ് സെന്ററിൽ ചേരുമ്പോൾ രണ്ടുമാസം ഗർഭിണി.

സെന്ററിനോട് ചേർന്ന് വാടകവീട്ടിൽ താമസിച്ചു. അക്കൊല്ലവും സീറ്റ് ലഭിച്ചില്ല. എം.ബി.ബി.എസ് പ്രവേശനത്തിന് മുപ്പത് വയസ് പ്രായപരിധിയുള്ള സമയമാണന്ന്. അടുത്തത് അവസാന ചാൻസാണെന്ന് തിരിച്ചറിഞ്ഞ ലിൻസി ഒരു നിമിഷം പോലും പാഴാക്കാതെ പഠിച്ചു. 2020ലെ കൊവിഡ് കാലമായിരുന്നു. ഇത്തവണ ലിൻസി ഉയർന്ന റാങ്ക് നേടി. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചു. അപ്പോൾ, മൂന്നാമത്തെ കുഞ്ഞ് വയറ്റിൽ വളരുന്നുണ്ടായിരുന്നു. മൂത്തമകന് ഇപ്പോൾ 11 വയസ്. എട്ടുവയസുകാരി സായംഗയും അഞ്ചരവയസുള്ള തൻവീറുമാണ് മറ്റ് മക്കൾ.

തോൽക്കാൻ മനസില്ല

മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗങ്ങളാണ് ലിൻസിയും സിജോയും. ഇരുവരുടെയും അച്ഛൻമാർ കടലിൽ പോയാണ് കുടുംബം പോറ്റിയത്. പഠനകാലത്ത് ലിൻസിയുടെ പിതാവിന്റെ മത്സ്യബന്ധന വള്ളം കടലെടുത്തു. കടുത്ത പ്രതിസന്ധിയുടെ ദിനങ്ങൾ. പട്ടിണികിടന്നു. പഠനച്ചെലവിന് ബന്ധുക്കൾ കൈത്താങ്ങായി. കുഞ്ഞുങ്ങളെയും അവർ ചേർത്തുപിടിച്ചു.

English Summary

Dr. Lincy, supported by her husband Sijo Dominic, fulfilled her dream of becoming an MBBS doctor at age 35. Despite numerous challenges, including repeated attempts, raising three children, her husband's surgery, and financial hardships, she persevered. She secured admission in 2020 while pregnant with her third child. Lincy now aims to pursue a PG in Pediatrics and serve her hometown.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRLINCY MBBS MEDICALDREAM, DR LINCY, MBBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE