
ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം എന്നറിയപ്പെടുന്ന മിയാസാക്കി മാമ്പഴം വിജയകരമായി വിളയിച്ചെടുത്ത് ശ്രദ്ധനേടുകയാണ് അയോദ്ധ്യയിൽ നിന്നുള്ള ഒരു കർഷകൻ. അയോദ്ധ്യയിലെ അഷ്‌റഫ്‌ദുൾ ഗ്രാമത്തിലെ കർഷകനായ ഓപ്രകാശ് സിംഗാണ് അപൂർവ്വ മാമ്പഴയിനമായ മിയാസാക്കി
വിളയിച്ചെടുത്തിരിക്കുന്നത്. മാർക്കറ്റിൽ മിയാസാക്കി മാമ്പഴങ്ങൾക്ക് ഒന്നരലക്ഷത്തിലധികം വില ലഭിക്കും.
ജപ്പാനിലെ മിതോഷ്ണ കാലാവസ്ഥയിലാണ് സാധാരണയായി ഇവ വളരുന്നത്. കാലത്തിനനുസരിച്ച് പുതിയ വിളകൾ പരീക്ഷിക്കുന്ന കർഷകർക്കിടയിൽ മിയാസാക്കി മാമ്പഴങ്ങൾ വലിയ ചർച്ചയായിട്ടുണ്ട്. ജപ്പാനിൽ ഇതിനെ 'തായ്യോ-നോ-ടമാഗോ അഥവാ സൂര്യന്റെ മുട്ട എന്നാണ് അറിയപ്പെടുന്നത്. നന്നായി പാകമെത്തിയ മാമ്പഴങ്ങളുടെ കടുംചുവപ്പ് നിറമാണ് ഈ വിളിപ്പേരിന് കാരണം. അസാധാരണമായ മധുരവും നാരുകളില്ലാത്ത ഘടനയുമാണ് ഇതിന്റെ പ്രത്യേകത. ജപ്പാനിൽ 2.7 ലക്ഷം വരെയാണ് ഈ മാമ്പഴത്തിന്റെ വില. 350 ഗ്രാം വരെയാണ് ഒരു മാമ്പഴത്തിന് ഭാരം വരുന്നത്.
നിലവിൽ എട്ട് മുതൽ പത്ത് വരെ മാമ്പഴങ്ങൾ മാത്രമാണ് വിളഞ്ഞുകിട്ടിയതെങ്കിലും വരും വർഷങ്ങളിൽ കൂടുതൽ മാമ്പഴങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓം പ്രകാശ്. ആഗോളതലത്തിൽ കൃഷിചെയ്യുന്ന 90 തരം വിദേശയിനം മാവുകൾ ഓം പ്രകാശിന്റെ പരിപാലനത്തിൽ വളരുന്നുണ്ട്. വിദേശയിനം മാമ്പഴങ്ങൾ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകർക്ക് ഒരു പ്രചോദനമാണിത്. നേരത്തെ പൂനെ, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിലെ കർഷകരും മിയാസാക്കി മാമ്പഴം കൃഷിചെയ്‌തിരുന്നു.
കൃഷി ചെയ്യുന്ന വിധം
കേരളത്തിലെ കാലാവസ്ഥയിലും ഇവ കൃഷി ചെയ്യാൻ സാധിക്കും. മുളപ്പിച്ചുണ്ടാകുന്ന തെെകളെക്കാൾ ഗ്രാഫ്റ്റിംഗ് ചെയ്തോ ലെയറിംഗ് വഴിയോ തയ്യാറാക്കിയ തെെകളാണ് നടാൻ ഏറ്റവും അനുയോജ്യം. നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമോ ടെറസ്റ്റോ ഇതിനായി തിരഞ്ഞെടുക്കാം. ദിവസത്തിൽ കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്. വെള്ളക്കെട്ടില്ലാത്തതും ജെെവാംശം അടങ്ങിയതുമായ മണ്ണാണ് ഇതിന് ആവശ്യം. ചുവന്ന മണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത മിശ്രിതം ഉപയോഗിച്ച് മണ്ണ് പാകപ്പെടുത്താം. ജെെവവളത്തിന് വേണം മുൻഗണന നൽകാൻ.
ചാണകപ്പൊടി, ആട്ടിൻകാഷ്ടഠം തുടങ്ങിയവ ഉപയോഗിക്കാം. തുടക്കത്തിൽ എല്ലാദിവസവും തെെകൾ നനച്ച് കൊടുക്കണം. എന്നാൽ മണ്ണിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഇത് വേരുകൾ ചീഞ്ഞുപോകാൻ ഇടയാക്കും. മാമ്പഴം പൂർണപാകമെത്തുമ്പോൾ താനേ കൊഴിഞ്ഞുവീഴും. ആ സമയം താഴെ വീഴാതിരിക്കാനായി ഓരോ മാങ്ങയും വലകൾ ഉപയോഗിച്ച് മരത്തിൽത്തന്നെ കെട്ടിപ്പൊതിഞ്ഞ് തൂക്കിയിടുക. കായ്ക്കാൻ മൂന്ന് വർഷത്തിലധികം സമയമെടുക്കും. കഠിനമായ മഴയുള്ള സമയത്ത് പൂക്കൾ കൊഴിഞ്ഞുപോകാതെ ശ്രദ്ധിക്കുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |