SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.07 AM IST

തമിഴ്‌നാട്ടിൽനിന്ന് ദിവസവും കേരളത്തിലേക്കെത്തുന്നത് മൂന്നുകോടിയോളം, പ്രധാനമായും വിറ്റഴിക്കുന്നത് മൂന്ന് തരം

currency
പ്രതീകാത്മക ചിത്രം

പാലക്കാട്: കോഴി ഇറച്ചിക്ക് പിന്നാലെ കോഴിമുട്ട വിലയും കുതിച്ചുയരുന്നു. മുട്ട ഒന്നിന്റെ വില എട്ട് രൂപയും കടന്ന് ഒമ്പതിലേക്ക് അടുക്കുകയാണ്. ചില്ലറവ്യാപരികൾ 8.70 രൂപ വരെയാണ് ഈടാക്കുന്നത്. മൊത്തവ്യാപാരികൾ 7.20 - 7.50 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഇതാണ് ചില്ലറ വ്യാപാരികൾ എട്ടര രൂപയ്ക്ക് മുകളിൽ വിൽക്കുന്നത്.

വരും ദിവസങ്ങളിൽ മുട്ടി വില 9 രൂപ തൊടുമെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലേക്ക് മുട്ടയെത്തുന്ന നാമക്കലിൽ ഉൽപ്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് മുട്ട വില ഉയരാനിടയാക്കിയത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കയറ്റുമതി നിലച്ചപ്പോൾ, നാമക്കലിൽ വൻതോതിൽ മുട്ട കെട്ടിക്കിടന്നു. ഇതോടെ കോഴികളെ ഇറച്ചിവിലയ്ക്ക് വിറ്റ് ഉൽപ്പാദനം കുറച്ചു. കയറ്റുമതി പുനരാരംഭിച്ചതോടെ ആവശ്യത്തിന് മുട്ട കിട്ടാതായി. ഇതോടെയാണ് വിലയും ഉയർന്നത്.

ഇന്ധനവില വർദ്ധനയും കോഴിത്തീറ്റ വില കുത്തനെ കൂടിയതും വിലവർദ്ധനവിന്റെ തോതുകൂട്ടി. തമിഴ്നാട്ടിലെ സ്‌കൂളുകളിൽ സർക്കാർ ആഴ്ചയിൽ അഞ്ചുദിവസം കോഴിമുട്ട നൽകുന്നുണ്ട്. ഇത് നേരത്തേ രണ്ടു ദിവസമായിരുന്നു. ഇതും കേരളത്തിലേക്കുള്ള മുട്ട വരവിൽ കുറവുണ്ടാക്കി. നാമക്കലിൽനിന്ന് മൂന്നുകോടിയോളം മുട്ട ദിവസേന കേരളത്തിലെത്തുന്നുവെന്നാണ് കണക്ക്.

മൂന്ന് തരം കോഴിമുട്ടയാണ് പ്രധാനമായും വിപണിയിലുള്ളത്. ബുള്ളറ്റ്, നോർമൽ, ഓവർസൈസ്. ഇതിൽ നോർമലാണ് പ്രധാനമായും കേരളത്തിൽ വിൽക്കുന്നത്. ഇതുതന്നെയാണ് കയറ്റുമതി ചെയ്യുന്നതും. ആദ്യത്തെ ആഴ്ചകളിൽ ഇടുന്ന വലുപ്പംകുറഞ്ഞ 'ബുള്ളറ്റ്' മുട്ടയാണ് വഴിയരികിൽ ചെറിയവിലയ്ക്ക് കിട്ടുന്നത്. ഇതിന് 25 മുതൽ 35 ഗ്രാമാണ് തൂക്കമുണ്ടാകുക. നോർമൽ മുട്ടയ്ക്ക് 40 മുതൽ 55 ഗ്രാം ഉണ്ടാകും. ഓവർസൈസ് മുട്ട പെട്ടെന്ന് പൊട്ടാൻ സാധ്യത ഉള്ളതിനാലാണ് വ്യാപരികൾ അധികം വിൽപ്പന നടത്താത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRICEHIKE, EGG PRICE, BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY