
കോലഞ്ചേരി: അരിവില കുതിപ്പിനൊപ്പം പഞ്ചസാരയും മല്ലിയും കാശ്മീരി മുളകും പയർ വർഗങ്ങളുടെയും വില കുതിച്ചതോടെ അടുക്കള ബഡ്‌ജറ്റ് താളം തെറ്റുന്നു. ഇടത്തരക്കാർ ഉപയോഗിക്കുന്ന വടിഅരിയുടെ വില ഒരാഴ്ചയിൽ 8 മുതൽ 10 രൂപ വരെ ഉയർന്നു. ജയ, മട്ട, സുരേഖ ഇനങ്ങൾക്ക് കാര്യമായ വില മാറ്റമില്ല. സംസ്ഥാനത്തെ ഉത്പാദനത്തിലെ ഇടിവാണ് തിരിച്ചടിയായത്. കാലംതെറ്റി പെയ്യുന്ന മഴ ഇക്കുറിയും നെൽക്കൃഷിയെ ബാധിച്ചു. വരും നാളുകളിൽ വില വീണ്ടും കൂടിയേക്കും.
പഞ്ചസാര വില കിലോയ്ക്ക് അഞ്ച് രൂപ കൂടി. മല്ലി വിലയും കാശ്മീർ മുളകുപൊടിയിലും കനത്ത വില വർദ്ധനയാണ്. മല്ലി കിലോ വില 130 ൽ നിന്നും 170 രൂപയിലേക്കും കാശ്മീരി മുളക് 450 ൽ നിന്നും 800 രൂപയിലേക്കും ഉയർന്നു. വൻപയർ, കടല, ചെറുപയർ എന്നിവയ്ക്കും വിപണിയിൽ ക്ഷാമം നേരിടുന്നുണ്ട്. വെള്ളപ്പയർ കിലോയ്ക്ക് എട്ട് രൂപ കൂടി.
അരിവില വർദ്ധന കുടുംബ ബഡ്‌ജറ്റിനെ കാര്യമായി ബാധിക്കും. വേവ് കുറഞ്ഞ അരികൾക്കാണ് കൂടുതൽ ഡിമാൻഡ്. കാലടിയിൽ നിന്നാണ് സംസ്ഥാനത്തെ വിപണികളിൽ അരിയെത്തുന്നത്. നെല്ല് ആവശ്യത്തിന് ലഭിക്കാതെ വന്നാൽ വില ഇനിയും കൂടുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു.
അരി ചില്ലറവില കിലോയ്ക്ക്
മട്ട ഉണ്ട - 48 - 52 രൂപ
മട്ട വടി - 51 - 58 രൂപ
സുരേഖ - 46 - 48 രൂപ
ജയ - 44 - 46 രൂപ
പശ്ചിമേഷ്യയിൽ സംഘർഷം കടുത്തതോടെ ക്രൂഡോയിൽ വില കുത്തനെ ഉയരുന്നതാണ് പ്രധാന വെല്ലുവിളി. ഇന്നലെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 88 ഡോളറിന് മുകളിലെത്തി. ഇതോടെ പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനയ്ക്ക് പൊതുമേഖല എണ്ണക്കമ്പനികൾ സമ്മർദ്ദം ശക്തമാക്കുകയാണ്. ചരക്കു ഗതാഗത ചെലവേറുന്നതോടെ വിലക്കയറ്റം വരുദിവസങ്ങളിൽ രൂക്ഷമായേക്കും.
Kerala households face severe budget strain due to surging prices of essential food items including rice, sugar, and spices, with Vadi rice up 8-10 rupees weekly. Reduced state agricultural production from unseasonal rains is a key factor. Simultaneously, escalating global crude oil prices threaten to increase fuel costs, potentially worsening overall inflation across various commodities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |