SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.03 PM IST

പ്ലാസ്റ്റിക് 'കുപ്പികൾ' വാങ്ങുന്നവരാണോ? വിലകൂടിയ മദ്യം ഗ്ലാസ് ബോട്ടിലുകളിൽ നിറയ്ക്കുന്നതിന് കാരണം ഇതാണ്

liquor

മദ്യപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച മദ്യം കൂടുതൽ അപകടകാരിയാണെന്ന് എത്രപേർക്കറിയാം? മദ്യത്തിൽ അടങ്ങിയിരുക്കുന്ന ആൽക്കഹോൾ ഒരു ലായകമാണ്. ചില പദാർത്ഥങ്ങളോട് ആൽക്കഹോളിന് രാസപരമായി പ്രതിപ്രവർത്തിക്കാനുള്ള കഴിവുള്ളതിനാൽ മദ്യത്തിന്റെ മണത്തിനും രുചിക്കും വ്യത്യാസമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇത്തരത്തിലുള്ള മദ്യം കുടിക്കുന്നത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്ലാസ്റ്റിക്കിലൂടെ ചെറിയ അളവിൽ ഓക്സിജൻ അകത്തേക്ക് കടക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇത് മദ്യത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തും.

ഗ്ലാസ് ബോട്ടിലുകളിലെ മദ്യമാണ് ഗുണനിലവാരത്തിലും രുചിയിലും പ്ലാസ്റ്റിക് ബോട്ടിലുകളിലെ മദ്യത്തേക്കാൾ മികച്ചതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രാസപരമായി പ്രവർത്തിക്കാൻ ഗ്ലാസിന് കഴിയാത്തത് കാരണം അതിൽ നിറയ്ക്കുന്ന മദ്യത്തിന്റെ രുചിക്കോ മണത്തിനോ മാറ്റമൊന്നും സംഭവിക്കില്ല. എന്നാൽ പ്ലാസ്റ്റിക് കുപ്പിയിൽ ദീർഘനാൾ സൂക്ഷിക്കുന്ന മദ്യത്തിന്റെ യഥാർത്ഥ രുചിയും മണവും നഷ്ടമാകാൻ സാദ്ധ്യത കൂടുതലാണ്. ഇക്കാരണത്താലാണ് വിലകൂടിയതും ഉയർന്ന നിലവാരമുള്ളതുമായ മദ്യം എപ്പോഴും ഗ്ലാസ് ബോട്ടിലുകളിൽ വിൽക്കുന്നത്.

ആൽക്കഹോളിന് വളരെ സങ്കീർണമായ ഘടനയാണുള്ളത്. എഥനോൾ, ആൽക്കഹോളുകൾ, എസ്റ്ററുകൾ, ആൽഡിഹൈഡുകൾ തുടങ്ങി നിരവധി ജൈവ സംയുക്തങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മദ്യത്തിന്റെ പാക്കേജിംഗിന് ഉപയോഗിക്കുന്ന വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ ഈ ജൈവ സംയുക്തങ്ങളുമായി പ്രവർത്തിച്ച് പുതിയ ഘടനയുള്ള പദാർത്ഥങ്ങൾ രൂപപ്പെടുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സാധാരണ പ്ലാസ്റ്റിക്കുകളിൽ പോലും ദോഷകരമായ ജൈവ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കാലക്രമേണ വിഘടിച്ച് മദ്യത്തിലേക്ക് എത്തുകയും അതിന്റെ രുചിയെയും സ്വാഭാവികതയെയും നശിപ്പിക്കുകയും ചെയ്യും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്ധ‌ർ വ്യക്തമാക്കുന്നത്.

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFESTYLE HEALTH, LIQUOR, PLASTIC, GLASS BOTTLE, HEALTH ISSUES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY