SignIn
Kerala Kaumudi Online
Sunday, 31 May 2026 3.32 PM IST

പ്രതിരോധശേഷി കൂട്ടാൻ ഇതാ ഒരു ഹെൽത്തി സൂപ്പ്; തയ്യാറാക്കാം എളുപ്പത്തിൽ

healthy-soup

ഇന്നത്തെ കാലത്ത് നല്ല ആരോഗ്യം നിലനിർത്തുക എന്നത് എല്ലാവരുടെയും പ്രഥമ മുൻഗണനയായി മാറിയിരിക്കുകയാണ്.പൂർണ ആരോഗ്യം ഉറപ്പാക്കാൻ മാന്ത്രിക ഗുളികകളൊന്നുമില്ലെങ്കിലും ശരിയായ പോഷകാഹാരം നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും രോഗങ്ങളെ അകറ്റുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ തിരക്കേറിയ ജീവിതത്തിനിടയിൽ പോഷകാഹാരത്തിന് മുൻഗണന നൽകുന്നത് വലിയ വെല്ലുവിളിയാണ്.

ഇതിന് എളുപ്പവഴിയെന്നോണം പലരും ആശ്രയിക്കുന്നത് വിപണിയിൽ ലഭിക്കുന്ന വിലകൂടിയ സപ്ലിമെന്റുകളെയാണ്. എന്നാൽ ഇനിയല്പം മാറി ചിന്തിക്കാം. സപ്ലിമെന്റുകൾക്ക് പകരം ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു സൂപ്പ് പരീക്ഷിച്ചാലോ?​ പ്രതിരോധശേഷി വ‌ർദ്ധിപ്പിക്കാൻ വളരെ എളുപ്പവും ഒപ്പം രുചികരവുമായി എങ്ങനെയാണ് ഈ സൂപ്പ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • മുരിങ്ങയില
  • തക്കാളി - 1
  • ഉള്ളി - 1
  • ഇഞ്ചി
  • വെളുത്തുള്ളി - 4 അല്ലി
  • ജീരകം - 1/2 ടീസ്പൂൺ
  • മല്ലി- 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി
  • കുരുമുളകു പൊടി
  • ഉപ്പ്
  • വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം മുരിങ്ങയില കഴുകി വൃത്തിയാക്കിയെടുക്കണം. ശേഷം ഒരു പാത്രത്തിൽ വൃത്തിയാക്കിയ മുരിങ്ങയിലയും ചെറുതായി അരിഞ്ഞ തക്കാളിയും ഉള്ളിയും എടുത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് തിളപ്പിക്കാം. പച്ചക്കറികൾ വെന്തതിനു ഇതിനെ ചൂട് മാറാൻ വയ്ക്കാം. പിന്നീട് ഇതിലേയ്ക്ക് ഇഞ്ചി,​ വെളുത്തുള്ളി, ജീരകം, മല്ലിയില എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം. അരച്ചെടുത്ത മിശ്രിതം കോട്ടൺ തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കണം. അരിച്ചെടുത്ത മിശ്രിതം ഒന്നുകൂടി ചൂടാക്കാം. ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കണം. ഇനി ഈ സൂപ്പ് ചൂടോടെ വിളമ്പി കഴിക്കാം.

ആരോഗ്യ ഗുണങ്ങൾ

ഓറഞ്ചിനേക്കാൾ ഏഴിരട്ടി വിറ്റാമിൻ സി മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.പാലിനേക്കാൾ കാത്സ്യം മുരിങ്ങയിലയിൽ ഉള്ളതിനാൽ ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്. കാരറ്റിലുള്ളതിനേക്കാൾ നാലിരട്ടി വിറ്റാമിൻ എ (ബീറ്റാ കരോട്ടിൻ) ഈ സൂപ്പിനുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ളതിനാൽ വിളർച്ച തടയാനും ഇത് സഹായിക്കും.മുരിങ്ങയിലയിൽ അടങ്ങിയ ഫൈബർ ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.മാത്രമല്ല ശരീരത്തിലെ അനാരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ മുരിങ്ങയിലയ്ക്ക് കഴിയും. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH, LIFESTYLE HEALTH, HEALTH, SOUP, HEALTHTIPS, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY