SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.48 PM IST

കുട്ടികൾ കഴിക്കുന്ന ചിപ്‌സും ബിസ്‌കറ്റും ഇനി ശ്രദ്ധിച്ച് വാങ്ങണം; പാക്കറ്റിൽ പുതിയ മുന്നറിയിപ്പ്

bakery
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ദിവസേന നിരവധി പാക്കറ്റ് സാധനങ്ങളാണ് നമ്മൾ ഓരോരുത്തരും വീട്ടിലേക്ക് വാങ്ങുന്നത്. ചിപ്‌സ്, ബിസ്‌കറ്റ്, കേക്ക്, ശീതളപാനീയങ്ങൾ തുടങ്ങി നിത്യജീവിതത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളുടെ പാക്കറ്റിന്റെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന രീതിയിലുള്ള ലേബൽ കൊണ്ടുവരുന്നതാണ് പരിഗണനയിലുള്ളത്.

എന്താണ് റെഡ് വാർണിംഗ് ലേബൽ?

ഉൽപ്പന്നത്തിൽ ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ടെങ്കിൽ അത് പാക്കറ്റിന്റെ മുൻവശത്ത് തന്നെ വ്യക്തമായി കാണുന്ന തരത്തിൽ അടയാളപ്പെടുത്തുന്ന സംവിധാനമാണ് മുന്നറിയിപ്പ് ലേബൽ അഥവാ റെ‌ഡ് വാർണിംഗ് ലേബൽ. നിലവിൽ പാക്കറ്റിന്റെ പിൻവശത്ത് രേഖപ്പെടുത്തിയുള്ള പട്ടിക വായിച്ചാണ് ഉൽപ്പന്നത്തിലെ ഘടകങ്ങൾ പലരും മനസിലാക്കുന്നത്. പുതിയ സംവിധാനം നിലവിൽ വന്നാൽ പാക്കറ്റ് കൈയിലെടുക്കുന്ന സമയത്ത് തന്നെ ഉൽപ്പന്നത്തിൽ ഏതെങ്കിലും ഘടകം ഉയർന്ന അളവിലുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും.

എന്തിനാണ് ഇത്തരമൊരു ലേബൽ?

ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയാണ് മുന്നറിയിപ്പ് ലേബലിന്റെ പ്രധാന ലക്ഷ്യം. പാക്കറ്റ് ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും രുചി, വില, ബ്രാൻഡ് തുടങ്ങിയ ഘടകങ്ങൾക്കാണ് സാധാരണയായി ഉപഭോക്താക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ പോഷകമൂല്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പാക്കറ്റിന്റെ പിന്നിൽ ചെറിയ അക്ഷരങ്ങളിൽ നൽകിയിരിക്കുന്നതിനാൽ അത് ശ്രദ്ധിക്കപ്പെടാതെ പോകാനും സാദ്ധ്യതയുണ്ട്.

മുൻവശത്ത് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നതിലൂടെ ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് പോഷകഘടകങ്ങളെക്കുറിച്ച് വേഗത്തിൽ തീരുമാനമെടുക്കാൻ ഉപഭോക്താവിന് കഴിയുമെന്നാണ് പുതിയ സംവിധാനത്തിലൂടെ പ്രതീക്ഷിക്കുന്നത്.

ഏതൊക്കെ ഭക്ഷണത്തിനാണ് മുന്നറിയിപ്പ്?

മാനദണ്ഡങ്ങൾ ഏതൊക്കെയാണെന്ന് അന്തിമ തീരുമാനം എടുത്ത ശേഷമായിരിക്കും ഏതൊക്കെ ഉൽപ്പന്നങ്ങൾക്കാണ് ഇത് ബാധകമാകുമെന്നത് വ്യക്തമാകുക. എന്നാൽ ഉയർന്ന അളവിൽ ആരോഗ്യകരമല്ലാത്ത ഘടകങ്ങൾ അടങ്ങിയ നിരവധി പാക്കറ്റ് ഭക്ഷണങ്ങൾ ഇതിന്റെ പരിധിയിൽ വരാൻ സാദ്ധ്യതയേറെയാണ്.

മുന്നറിയിപ്പ് ലേബലിന്റെ പ്രധാന ലക്ഷ്യം ഭക്ഷണം നിരോധിക്കുകയോ അത് കഴിക്കരുതെന്ന് പറയുകയോ അല്ല. പകരം, ഒരു ഉൽപ്പന്നത്തിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയർന്ന അളവിലുണ്ടെങ്കിൽ അത് ഉപഭോക്താവിനെ വ്യക്തമായി അറിയിക്കുകയാണ് ലക്ഷ്യം.

മുന്നറിയിപ്പ് ലേബൽ സംബന്ധിച്ച നിർദേശങ്ങൾ ഇപ്പോഴും നിയമപരമായ നടപടിക്രമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഘട്ടത്തിലാണ്. ഏതൊക്കെ ഭക്ഷണങ്ങൾക്ക് ലേബൽ നിർബന്ധമാക്കും, കൃത്യമായ മാനദണ്ഡങ്ങൾ എന്തായിരിക്കും, എപ്പോൾ മുതൽ ഇത് പ്രാബല്യത്തിൽ വരും തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം വരേണ്ടതുണ്ട്.

ഉപഭോക്താക്കൾക്ക് എന്താണ് പ്രയോജനം?

പാക്കറ്റ് ഭക്ഷണം വാങ്ങുമ്പോൾ അതിലെ പ്രധാന പോഷകഘടകങ്ങളെക്കുറിച്ച് വേഗത്തിൽ മനസിലാക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. പ്രത്യേകിച്ച് കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടി പരിഗണിക്കാൻ മുന്നറിയിപ്പ് ലേബൽ ഉപഭോക്താക്കളെ സഹായിച്ചേക്കും. അതായത്, ചുവപ്പ് മുന്നറിയിപ്പ് ലേബൽ വരുന്നതിന്റെ അടിസ്ഥാന ആശയം ഭക്ഷണത്തെ ‘നല്ലത്’ അല്ലെങ്കിൽ ‘ചീത്ത’ എന്ന് വേർതിരിക്കുക എന്നതല്ല,. ഉൽപ്പന്നത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരം നൽകി ഉപഭോക്താവിന് സ്വന്തം തീരുമാനം എടുക്കാൻ അവസരം നൽകുക എന്നതാണ്.

English Summary

The Food Safety and Standards Authority of India (FSSAI) is planning to introduce "Red Warning Labels" on the front of packaged food items. These labels will prominently display high levels of salt, sugar, and fat, enabling consumers to make informed choices. The initiative aims to reduce excessive consumption of these ingredients, with final guidelines and implementation details pending.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIPS BISCUITS, PACKAGED FOOD, KIDS FOOD, RED WARNING LABEL, FSSAI WARNING LABEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360