SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.39 AM IST

മട്ടനും പോർക്കും ഇഷ്ടമുള്ള ഷി, ബ്രിക്സ് ഡിന്നറിൽ കാരറ്റ് പൊരിയലും പനീറും; ചൈനീസ് പ്രസിഡന്റ് അത്താഴം ഒഴിവാക്കിയതിന് പിന്നിൽ?

xi-jinping
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബ്രിക്സ് ഉച്ചകോടിയുടെ ആദ്യ ദിവസം ഗാല ഡിന്നറിൽ നിന്ന് വിട്ടുനിന്നത് അതിഥേയത്വം വഹിച്ച ഇന്ത്യയെ ഞെട്ടിച്ചിരുന്നു. വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം ഒരുക്കിയ ഡിന്നർ പാർട്ടിയിൽ നിന്നാണ് ലോകനേതാക്കൾ വിട്ടുനിന്നത്. ദിനചര്യയിൽ മാംസവും മറ്റ് നോൺവെജ് വിഭവങ്ങളും കഴിക്കുന്ന അതിഥികൾക്ക് വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടാത്തതുകൊണ്ടാണോ വിട്ടുനിന്നതെന്ന ചർച്ചയും ഇതിന് പിന്നാലെ ഉയർന്നു. ഇന്ത്യയുമായി ഉഭയകക്ഷി ചർച്ചകൾ നടത്താൻ 400ലധികം പ്രതിനിധികളുമായി ഡൽഹിയിൽ എത്തിയ ചൈനീസ് പ്രസിഡന്റ് ഉച്ചകോടിയിലെ പ്രധാന ആകർഷണമായിരുന്നു. അതുകൊണ്ട് അദ്ദേഹം എന്താണ് കഴിക്കുന്നത്? ദിനചര്യയിൽ എന്തൊക്കെ ഉൾപ്പെടുത്തുമെന്ന് നോക്കാം?

ബ്രിക്സ് മെനുവിൽ എന്തൊക്കെ?
പുറത്തുവന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം, പനീർ ലബാബ്ദാർ, ഗുച്ചി മാർമിക്, കാരറ്റ് ബീൻ പൊരിയാൽ, തക്കാളി ബെല്ലെ സാരു, മില്ലറ്റ് പുലാവ്, ബീറ്റ്‌റൂട്ട് റൈത്ത തുടങ്ങിയ വിഭവങ്ങളും ജിലേബി, ഷാഹൂട്ട് ഫിർണി തുടങ്ങിയ മധുരപലഹാരങ്ങളുമാണ് ഗാല ഡിന്നറിൽ വിളമ്പിയത്. എന്നാൽ ഈ വിഭവങ്ങൾ ഒന്നും തന്നെ ചൈനീസ് പ്രസിഡന്റ് കഴിക്കാറില്ല. പ്രത്യേകതരം റൈസ് വിഭവങ്ങൾ, നൂഡിൽസ്, സീസണൽ പച്ചക്കറികൾ, സ്റ്റിർഫ്രൈസ്, സ്റ്റ്യൂകൾ തുടങ്ങിയ മിതമായ ഭക്ഷണങ്ങളാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

2013 ഡിസംബറിൽ ബീജിംഗിലെ ക്വിങ്‌ഫെങ് സ്റ്റീംഡ് ബൺ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ അദ്ദേഹം എത്തിയത് വലിയ ചർച്ചയായിരുന്നു. പന്നിയിറച്ചികൊണ്ടുള്ള വിഭവങ്ങൾ, സ്‌കാലിയൻ ബൺസ്, സ്റ്റ്യൂഡ് ലിവർ എന്നിവയാണ് ഓർഡർ ചെയ്തത്. അന്ന് ആ ഭക്ഷണത്തിന് 21 യുവാൻ (300 രൂപ) മാത്രമാണ് ചെലവായത്. അന്ന് ക്യൂവിൽ നിന്ന് പണം നൽകി ഭക്ഷണം ഓർഡർ ചെയ്ത് എല്ലാവരും കഴിക്കുന്ന കമ്മ്യൂണിറ്റി ടേബിളിൽ ഇരുന്നാണ് ഭക്ഷണം കഴിച്ചത്.

ഷി ജിൻപിംഗിന്റെ ഭക്ഷണക്രമം
2012ൽ ചൈനയിലെ ഫ്യൂപ്പിംഗ് കൗണ്ടി സന്ദർശിക്കുന്നതിനിടെ ഷി ജിൻപിംഗ് അവിടെയുള്ള ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. അന്ന് ബ്രൗൺ സോസിൽ പാകം ചെയ്ത ചിക്കൻ നഗ്ഗറ്റുകൾ, പന്നിയിറച്ചികൊണ്ടുള്ള വിഭവങ്ങൾ എന്നിവയാണ് ഓർഡർ ചെയ്തത്. അത്താഴത്തോടൊപ്പം മദ്യം വിളമ്പരുതെന്ന് അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. 2014ൽ ബീജിംഗിൽ വച്ച് അന്നത്തെ കുമിന്റാങ് ചെയർമാൻ ലിയാൻ ചാനെ ഷി ജിൻപിംഗിനെ കണ്ടുമുട്ടിയപ്പോൾ, മട്ടൺ പൈ, മട്ടൺ സൂപ്പ്, നൂഡിൽസ് എന്നിവ അടങ്ങിയ ഭക്ഷണമാണ് അദ്ദേഹത്തിന് വിളമ്പിയത്. 2014ലെ ചൈനീസ് പുതുവത്സരത്തിന് മുന്നോടിയായി ഇന്നർ മംഗോളിയയിൽ ചൈനീസ് പ്രസിഡന്റ് സൈനികർക്കൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.

മുകളിൽ പറഞ്ഞ റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് പ്രസിഡന്റ് മാംസാഹാരം ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്ന് മനസിലാക്കാം. അതുകൊണ്ട് തന്നെ ബ്രിക്സിൽ വിളമ്പിയ വെജിറ്റേറിയൻ ഭക്ഷണങ്ങൾ അദ്ദേഹത്തിന് കഴിക്കാൻ താൽപര്യമില്ലെന്ന് വേണം അനുമാനിക്കാൻ. അതുകൊണ്ടാവാം അദ്ദേഹം ഗാല ഡിന്നറിൽ നിന്ന് ഒഴിവായത്. എന്നാൽ വിഷയത്തിൽ ചൈന ഇതുവരെ ഔദ്യോഗകമായി പ്രതികരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: XI JINPING, BRICS DINNER, XI JINPING FOOD, CHINESE PRESIDENT BRICS, BRICS SUMMIT DINNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360