SignIn
Kerala Kaumudi Online
Wednesday, 02 September 2026 2.44 PM IST

മലയാളം പാട്ടുകൾക്ക് കിടിലൻ ചുവടുകളുമായി അരുണാചലിലെ കുരുന്നുകൾ; പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്തി സോഷ്യൽമീഡിയ

dance
മലയാളം പാട്ടുകൾക്ക് ചുവടുവയ്‌ക്കുന്ന കുരുന്നുകൾ

കേരളത്തിന്റെ ദേശീയോത്സവമായ ഓണം മലയാളികളുടെ മാത്രം ആഘോഷമല്ല. കേരളത്തിന്റെ അതിരുകൾക്കപ്പുറം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓണാഘോഷങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ട്. അതിന് തെളിവാകുകയാണ് അരുണാചൽപ്രദേശിലെ ഒരു സ്‌കൂളിൽനിന്നുള്ള ഓണാഘോഷത്തിന്റെ ദൃശ്യങ്ങൾ. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി കഴിഞ്ഞു.

ഓണാഘോഷങ്ങളുടെ ഭാഗമായി സ്റ്റേജിൽ മലയാളം പാട്ടുകൾക്ക് ചുവട് വയ്‌ക്കുകയാണ് ഒരു കൂട്ടം കുരുന്നുകൾ. ഷർട്ടിട്ട് കേരള സ്റ്റൈലിൽ ലുങ്കി മടക്കി കുത്തിയാണ് കുട്ടികൾ വേദിയിലെത്തിയത്. മോഹൻലാലിന്റെയും ദിലീപിന്റെയും കലാഭവൻമണിയുടെയുമെല്ലാം ഹിറ്റ് പാട്ടുകൾക്ക് കുരുന്നുകൾ ആവേശത്തോടെ ചുവട് വയ്‌ക്കുന്നത് വീഡിയോയിൽ കാണാം. സദസിലിരിക്കുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും നിറഞ്ഞ കൈയടികളോടെയാണ് കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്നത്.

സദസിൽ നിന്നുയരുന്ന ശബ്‌ദങ്ങളിൽനിന്ന് ഒരു മലയാളി അദ്ധ്യാപകന്റെ സാന്നിദ്ധ്യവും സോഷ്യൽ മീഡിയ കണ്ടെത്തി. അതാരായാലും പാട്ടിന്റെ വരികളേറ്റുപാടിയും ആർപ്പുവിളിച്ചും കുട്ടികൾക്കൊപ്പം നിൽക്കുന്നുണ്ടെന്ന് വീഡിയോയിൽനിന്ന് മനസിലാക്കാം. കുട്ടികൾക്ക് സ്‌നേഹം അറിയിച്ച് നിരവധിപേരാണ് എത്തുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ച നൈന്റീസ് കിഡിനെ കാണണമെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. ഓണം ഇപ്പോൾ ഇന്ത്യയുടെ ദേശീയോത്സവമാണെന്നും കുറിക്കുന്നുണ്ട്. സ്‌കൂളിലേക്ക് പുതുതായി സ്ഥലംമാറി എത്തിയ മലയാളി അദ്ധ്യാപകനാകാം കുട്ടികളെ ഡാൻസ് പഠിപ്പിച്ചതെന്നും ചിലർ ഊഹിച്ചെടുക്കുന്നുണ്ട്. മറ്റ്‌ ചിലരാകട്ടെ നാട്ടിലേക്ക് വരുമ്പോൾ ആ കുട്ടികളെ കൂടെ കൂട്ടാൻ മറക്കരുതെന്ന് അദ്ധ്യാപകനെ ഓർമ്മിപ്പിക്കുന്നുമുണ്ട്.

എല്ലാത്തിലുമുപരിയായി കുട്ടികൾക്ക് ഡാൻസ് കളിക്കാനായി ഒരുക്കിയിരിക്കുന്ന വേദിയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു വലിയ മലയുടെ താഴ്‌വാരത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നതെന്ന് ദൃശ്യങ്ങളിൽനിന്ന് മനസിലാക്കാം. വാഴയിലകൾ ഉപയോഗിച്ചാണ് വേദി അലങ്കരിച്ചിരിക്കുന്നത്. പച്ചപ്പണിഞ്ഞ മലനിരകളുടെ പശ്ചാത്തലവും വാഴയിലകളുടെ നാടൻ അലങ്കാരവും ചേരുമ്പോൾ വേദിക്ക് വേറിട്ടൊരു ഭംഗിയാണ് ലഭിക്കുന്നത്. പ്രകൃതിയോട് ചേർന്നുനിൽക്കുന്ന മനോഹരമായ അന്തരീക്ഷത്തിൽ പഠിക്കുന്ന കുരുന്നുകളുടെ ഓണാഘോഷവും അത്രതന്നെ ഹൃദ്യമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM CELEBRATION, ARUNACHAL PRADESH ONAM CELEBRATION, ONAM DANCE, KIDS DANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY