SignIn
Kerala Kaumudi Online
Monday, 19 October 2026 1.59 PM IST

'തൊപ്പിയും തോക്കും ലോക്കപ്പും കണ്ടു, പക്ഷേ അതുമാത്രം കണ്ടില്ല'; പൊലീസുകാരോട്‌ സംശയങ്ങളുടെ കെട്ടഴിച്ച് കുരുന്നുകൾ

kids
പൊലീസ് സ്റ്റേഷനിലെത്തിയ കുരുന്നുകൾ

ചെറിയ കുസൃതികൾ കാണിക്കുന്ന കുട്ടികളെ അടക്കിനിർത്താനായി പലപ്പോഴും രക്ഷിതാക്കൾ പൊലീസിന്റെ പേര് ഉപയോഗിക്കാറുണ്ട്. വികൃതി കാണിച്ചാലും ഭക്ഷണം കഴിച്ചില്ലെങ്കിലുമൊക്കെ പൊലീസ് പിടിച്ചുകൊണ്ടുപോകുമെന്ന് പറയുമ്പോൾ മിക്ക കുട്ടികളും മുതിർന്നവരെ അനുസരിക്കാറുണ്ട്. എന്നാൽ ഇന്നത്തെ കുട്ടികളങ്ങനെ പൊലീസെന്നുകേട്ടാൽ ഭയന്നുവിറയ്‌ക്കില്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം തൃശൂർ സിറ്റി പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീ‌ഡിയോ.

അദ്ധ്യാപകർക്കൊപ്പം മണ്ണുത്തി പൊലീസ് സ്റ്റേഷൻ സന്ദർശിച്ച കുരിയിച്ചിറയിലെ ആസ്ത‌ കിഡ്‌സ് പ്രീ കെജി സ്‌കൂളിലെ കുരുന്നുകളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പൊലീസ് സ്റ്റേഷനിലെ ഓരോ കാര്യങ്ങളും ഉദ്യോഗസ്ഥ അവർക്ക് പരിചയപ്പെടുത്തിയപ്പോൾ ഭയന്നുമാറിനിൽക്കാതെ ചുണക്കുട്ടികളായാണ് അവർ തങ്ങളുടെ സംശയങ്ങൾ ചോദിച്ചത്. പൊലീസ് ഉദ്യോഗസ്ഥ പിസ്റ്റൾ കാണിച്ചുകൊടുത്തപ്പോൾ 'എവിടെ ഉണ്ട കണ്ടില്ലല്ലോ' എന്നായിരുന്നു കൂട്ടത്തിൽ ഒരു വിരുതന്റെ സംശയം. ഇതോടെ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. സ്റ്റേഷൻ സന്ദർശിച്ച കുരുന്നുകളുടെ വീഡിയോയ്‌ക്കൊപ്പം ഒരു ചെറിയ കുറിപ്പും ചേർത്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാം പേജിലെ കുറിപ്പ്

'ഇത് ജയിലാണോ... കള്ളനെവിടെ...തോക്കിൻെറ ഉണ്ടയെവിടെ...

മണ്ണുത്തി പോലീസ് സ്റ്റേഷൻ സന്ദർശിച്ച കുഞ്ഞുങ്ങൾക്ക് നിറച്ചും കൗതുക ചോദ്യങ്ങളായിരുന്നു. ചിരിയോടെ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകിയ പോലീസ് ഉദ്യോഗസ്ഥരുടെ മനം നിറച്ചാണ് കുഞ്ഞുങ്ങൾ സ്റ്റേഷനിൽ നിന്നും മടങ്ങിയത്.

കഴിഞ്ഞ ദിവസമാണ് (14.10.2026) കുരിയച്ചിറയിലെ ആസ്ത കിഡ്സ് പ്രി കെജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം മണ്ണുത്തി പോലീസ് സ്റ്റേഷൻ സന്ദർശിച്ചത്. 10.30 മണിയോടെ സ്റ്റേഷനിലെത്തിയ കുഞ്ഞുങ്ങൾ സ്റ്റേഷനിലെ ശിശുസൗഹൃദ റിസപ്ഷനിലെ കാർട്ടൂണുകൾ കണ്ടും സബ് ഇൻസ്പെക്ടർ ജയനും മറ്റ് പോലീസ് ഉദ്യോസ്ഥരുമായി പാട്ടുപാടിയും കളി ചിരികളുമായും വിശേഷങ്ങൾ പങ്കുവച്ചു.

ഡ്യൂട്ടി തിരക്കിനിടയിൽ അല്പ സമയം കുഞ്ഞുങ്ങൾക്കായി മാറ്റിവച്ച് എസ് എച്ച് ഒ കെ. ശ്രീഹരി സ്റ്റേഷനിലെത്തിയപ്പോൾ കുഞ്ഞുങ്ങൾ വരിവച്ച് സ്റ്റേഷനുള്ളിലേക്ക് നടന്നുകയറി. സബ് ഇൻസ്പെക്ടർ ശ്രീഹരിയുമായി സംസാരിക്കുന്നതിനിടയിൽ കുഞ്ഞുങ്ങളിൽ ചിലർ പോലീസാകാനുള്ള തങ്ങളുടെ ആഗ്രഹം അറിയിച്ചും തൊപ്പി തൊട്ടുനോക്കിയും ഏറെ സന്തോഷംകൊണ്ടു. കുഞ്ഞുങ്ങൾക്ക് മധുരം വിതരണം ചെയ്ത സബ് ഇൻസ്പെക്ടർക്ക് സ്നേഹസമ്മാനം നൽകിയാണ് അവർ സ്റ്റേഷൻ ചുറ്റികാണാനിറങ്ങിയത്.

ലോക്കപ്പും, കൈവിലങ്ങും, പിസ്റ്റളും എല്ലാം അതിശയകണ്ണുകളോടെ നോക്കികണ്ട അവരുടെ സംശയങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥർ മറുപടി കൊടുത്തു. സ്റ്റേഷനിൽ കള്ളനെ തെരഞ്ഞുനടന്നതും കുസൃതി നിറഞ്ഞ ചില സംശയങ്ങളും പലരേയും ചിരിപ്പിച്ചു. ചെറിയ സമയത്തിനുള്ളിൽതന്നെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മനം കവർന്ന കുഞ്ഞുങ്ങൾ പോലീസ് സ്റ്റേഷൻ അടുത്തറിഞ്ഞ കൌതുകത്തോടെയാണ് സ്റ്റേഷനിൽ നിന്നും മടങ്ങിയത്.

English Summary

Thrissur City Police shared a viral video of preschoolers asking adorable questions during a visit to Mannuthy Police Station.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS IN POLICE STATION, FUNNY KIDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE