SignIn
Kerala Kaumudi Online
Wednesday, 12 August 2026 5.20 PM IST

സൂര്യനിൽ ‘ചുഴികൾ’; സംഭവിക്കാനിരിക്കുന്നത് വൻ സ്ഫോടനങ്ങൾ? ഭൂമിക്കും ബഹിരാകാശ യാത്രികർക്കും ഭീഷണി

sun
ഇനോയി സോളാർ ടെലിസ്കോപ്പ് പകർത്തിയ ചിത്രം

സൂര്യന്റെ ഉപരിതലത്തിന്റെ ഇതുവരെ കിട്ടിയിട്ടുള്ളതിൽവച്ച് ഏറ്റവും വ്യക്തതയുള്ള ചിത്രം ശാസ്ത്രലോകത്തിന് ലഭിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ സോളാർ ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ ചിത്രം പകർത്തിയിരിക്കുന്നത്. പുതിയ ചിത്രത്തിൽ കണ്ടെത്തിയ ചുഴികൾ പോലുള്ള സജീവ പ്രതിഭാസങ്ങളാണ് ശാസ്ത്രലോകം ഇപ്പോൾ ച‌ർച്ച ചെയ്യുന്നത്. ചൂടേറിയ വാതകത്തിന്റെ ചലനത്തെ തുടർന്ന് സൂര്യന്റെ കാന്തികക്ഷേത്രം വളയുകയും ചുറ്റിപ്പിണയുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് കണ്ടെത്തൽ.

തുടർച്ചയായ ഈ ചലനം സൂര്യനിൽ നിന്നുള്ള ഊർജവിസ്ഫോടനങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഇതുവഴി രൂപപ്പെടുന്ന ബഹിരാകാശ കാലാവസ്ഥ ഭൂമിയിലെ വൈദ്യുതി ശൃംഖലകളെയും ഉപഗ്രഹങ്ങളെയും തകരാറിലാക്കാൻ കാരണമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ,​ ഈ പ്രതിഭാസം ബഹിരാകാശ സഞ്ചാരികൾക്ക് വരെ അപകടമുണ്ടാക്കാനും സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

സൂര്യന്റെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭിക്കുന്നത് ഇത്തരം ബഹിരാകാശ കാലാവസ്ഥയെ നേരിടാനും അതിന്റെ പ്രത്യാഘാതങ്ങൾ മനസിലാക്കാനും സഹായിക്കുമെന്ന് അമേരിക്കയിലെ നാഷണൽ സോളാർ ഒബ്സർവേറ്ററിയിലെ ഡോ. ഡേവിഡ് ബോബോൾട്സ് പറഞ്ഞു. ബഹിരാകാശ കലാവസ്ഥ മനസിലാക്കുന്നതിന് സൂര്യന്റെ ഉപരിതലത്തിൽ നടക്കുന്ന പ്രതിഭാസങ്ങൾ നന്നായി മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹവായിയിലെ ഉയർന്ന പർവതശിഖരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇനോയി സോളാർ ടെലിസ്കോപ്പാണ് സൂര്യന്റെ ഇതുവരെ ലഭ്യമാകാത്ത വ്യക്തതയുള്ള ചിത്രങ്ങൾ പകർത്തിയത്. പൊടിപടലങ്ങൾ കുറഞ്ഞതും തെളിഞ്ഞ ആകാശവുമുള്ള പ്രദേശത്താണ് ഈ ടെലിസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത്. സൂര്യന്റെ ഉപരിതലത്തിലേക്ക് കൂടുതൽ സൂം ചെയ്ത് നിരീക്ഷിച്ച ശാസ്ത്രജ്ഞർ, അവിടെ രൂപപ്പെടുന്നതും ചുറ്റിത്തിരിയുന്നതുമായ ചുഴികളുടെ ദൃശ്യങ്ങൾ പകർത്തികയായിരുന്നു.

ഇത്തരത്തിലുള്ള ചുഴികൾ കാന്തിക ഊർജം സൃഷ്ടിക്കുകയും ഈ ഊർജം ക്രമേണ ശേഖരിക്കപ്പെടുകയും പിന്നീട് വലിയ തോതിലുള്ള സ്ഫോടനങ്ങൾക്ക് കാരണമാകുകയും ചെയ്യും. സൂര്യനിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഈ പ്രതിഭാസം കെൽവിൻ ഹെൽമ് ഹോൾട്സ് ഇൻസ്റ്റബിലിറ്രി എന്നാണ് വിളിക്കുന്നത്. രണ്ട് ചൂടേറിയ വാതകങ്ങൾ വ്യത്യസ്ത വേഗത്തിൽ ഒഴുകുമ്പോഴാണ് ഈ പ്രതിഭാസം രൂപപ്പെടുന്നത്.

English Summary

The Inouye Solar Telescope has captured the clearest-ever images of the Sun's surface, revealing active swirling phenomena dubbed "Kelvin-Helmholtz instability." Scientists observed these formations, caused by hot gas and magnetic field interactions, leading to solar energy explosions. This space weather can disrupt Earth's power grids, satellites, and pose risks to astronauts. Clearer images will aid in understanding and mitigating these critical impacts.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUN SOLAR VORTICES, KELVIN HELMHOLTZ INSTABILITY, SPACE WEATHER, SOLAR TELESCOPE, SPACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY