ന്യൂഡൽഹി: വാട്സാപ്പിൽ ഫോൺ നമ്പറിന് പകരം യൂസർ നെയിം നൽകുന്ന പുതിയ അപ്ഡേറ്റ് സുരക്ഷിതമാണോയെന്ന് പഠിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന മാറ്റം കൊണ്ടുവരുന്നതിനാണ് മെറ്റ തയ്യാറെടുക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആൾമാറാട്ടം അടക്കമുള്ള പ്രശ്നങ്ങൾ മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
സാഹചര്യം വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ മെറ്റയ്ക്ക് നോട്ടീസ് അയക്കുമെന്ന് സർക്കാർ വ്യക്തമാക്കി. നിലവിൽ മൂന്ന് ബില്യണിലധികം ആളുകളാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. ഫോൺ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് മെറ്റ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഫോൺ നമ്പറുകൾ പങ്കിടാതെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ ഗ്രൂപ്പുകളിലും മറ്റും അംഗമാകാം എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഫോൺ നമ്പറിന് പകരം ഒരു ഉപയോക്തൃനാമം മാത്രമായിരിക്കും മറ്റുള്ളവർക്ക് കാണാൻ സാധിക്കുക.
രാജ്യത്ത് സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നതിന് ഇത് കാരണമായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ടെലഗ്രാമിന് സമാനമായി വാട്സാപ്പും മാറുമോയെന്ന ആശങ്കയെത്തുടർന്നാണ് കേന്ദ്രം മെറ്റയുടെ പുതിയ ഫീച്ചറിനെ കുറിച്ച് വിശദമായി പഠിക്കാനൊരുങ്ങുന്നത്. ആർക്കും സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ ഏത് തരത്തിലുള്ള സന്ദേശവും പ്രചരിപ്പിക്കാൻ ഇത് അവസരമൊരുക്കുമെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |