SignIn
Kerala Kaumudi Online
Friday, 25 September 2026 11.00 AM IST

'ബർത്ത് ടൂറിസം' തടയാൻ ലക്ഷ്യമിട്ട് പുതിയ വിസ നിയന്ത്രണങ്ങളുമായി യുഎസ്: ഇന്ത്യക്കാ‌ർക്കും ബാധകമോ?

us-visa-rules
പ്രതീകാത്മക ചിത്രം

വാഷിംഗ്ടൺ: അമേരിക്കയിൽ പ്രസവിച്ച് കുഞ്ഞിന് പൗരത്വം നേടിക്കൊടുക്കുന്ന 'ബർത്ത് ടൂറിസം' തടയാൻ വിസ നിയമങ്ങൾ കർശനമാക്കി യുഎസ്. യുഎസ് വിദേശകാര്യ സെക്രട്ടറി മാർ‌ക്കോ റൂബിയോ ഇതുസംബന്ധിച്ച് പുതിയ വിസ നിയന്ത്രണ നയം പ്രഖ്യാപിച്ചു. അമേരിക്കയിലേയ്ക്ക് മനഃപൂ‌ർവ്വം ഗർഭിണികൾ യാത്ര ചെയ്യുകയോ, വിസ അപേക്ഷകളിൽ വ്യാജ വിവരങ്ങൾ നൽകാൻ സഹായിക്കുന്ന ഏജന്റുമാർ‌, അറിഞ്ഞുകൊണ്ട് സഹായിക്കുന്ന മെഡിക്കൽ സേവന ദാതാക്കൾ എന്നിവർക്കെതിരെ പുതിയ നയ പ്രകാരം കർശന നടപടിയുണ്ടാകും. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 212 (എ) (3) (സി) പ്രകാരമാണ് പുതിയ നടപടി.

എന്താണ് 'ബർത്ത് ടൂറിസം'

കുഞ്ഞിന് അമേരിക്കൻ പൗരത്വം ലഭിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ ഗർഭിണികൾ യുഎസിലേയ്ക്ക് യാത്ര ചെയ്യുന്നതാണ് 'ബർത്ത് ടൂറിസം'. യുഎസ് നിയമപ്രകാരം അവിടെ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വത്തിന് അവകാശമുണ്ട്. എന്നാൽ കുഞ്ഞിന് യുഎസ് പൗരത്വം നേടികൊടുക്കുക എന്ന ലക്ഷ്യത്തോടെ വിസയ്ക്ക് അപേക്ഷിക്കുന്നത് അനുവദനീയമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

2020 മുതൽ ഇത്തരത്തിൽ കുഞ്ഞിന് പൗരത്വം നേടിയത് കണ്ടെത്തിയാൽ ബി-വിസ അപക്ഷേകൾ നിരസിക്കാൻ കോൺസുല‌‌ർ ഓഫീസർമാ‌ർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ പുതിയ പ്രഖ്യാപനം ഗർഭിണികളായ എല്ലാ സ്ത്രീകളെയും ബാധിക്കില്ല. വ്യാജരേഖ ചമയ്ക്കുന്നവരെയും അനധികൃത വാണിജ്യ ശൃംഖലകളെയും മാത്രമാണ് ഇത് ലക്ഷ്യമിടുന്നത്. ചികിത്സയ്ക്കും മറ്റും അമേരിക്കയിലേയ്ക്ക് വിസിറ്റിംഗ് വിസയിൽ യാത്ര ചെയ്യുന്നവരെയും സാധാരണക്കാരായ യാത്രക്കാരെയും പുതിയ നിയന്ത്രണങ്ങൾ ബാധിക്കില്ല.

ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്

ഇന്ത്യൻ യാത്രക്കാരെ സംബന്ധിച്ചിടത്തോളം പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. കുഞ്ഞിന് യുഎസ് പൗരത്വം നേടുക എന്ന ഉദ്ദേശത്തോടെയുള്ള ബർത്ത് ടൂറിസത്തിന് വിസിറ്റിംഗ് വിസ ഉപയോഗിക്കാൻ കഴിയില്ല. വിസ അപേക്ഷകളിലും ഇന്റർവ്യൂകളിലും യാത്രയുടെ യഥാർത്ഥ ലക്ഷ്യം കൃത്യമായി വ്യക്തമാക്കണം. അല്ലാത്ത പക്ഷം നടപടികൾ നേരിടേണ്ടിവരും. ഗർഭിണികളായ സ്ത്രീകൾക്ക് ചികിത്സയ്ക്കായോ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കായോ യുഎസ് സന്ദർശിക്കുന്നതിന് പുതിയ നയം തടസമാകില്ല. അമേരിക്കൻ ഇമിഗ്രേഷൻ സിസ്റ്റത്തിന്റെ സുതാര്യത ഉറപ്പാക്കാനും തട്ടിപ്പുകൾ തടയാനുമാണ് പുതിയ വിസ നിയന്ത്രണങ്ങളെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കുന്നു.

English Summary

The US has tightened visa rules to curb “birth tourism,” under which pregnant women travel to the country to give birth and secure US citizenship for their children. Secretary of State Marco Rubio announced the new policy, which targets pregnant travellers, agents who help provide false information on visa applications, and medical providers who knowingly assist them.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMERICA, US BIRTH TOURISM, DONALD TRUMP, US VISA RULES, INDIAN TRAVELLERS US VISA ULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360