
കണ്ണൂർ: ലുങ്കിയുടുത്ത് ചക്ക പറിക്കാൻ ഇറ്റലിക്കാരൻ, തിളങ്ങുന്ന വേഷഭൂഷാദികളോടെ വില്ലടിച്ചാൻ പാട്ടുപാടാൻ റഷ്യൻ സംഘം, വിത്തിടാനും വിളവെടുക്കാനും ഹോങ്കോംഗുകാർ. കണ്ണൂരുകാരൻ ഇ.വി.ഹാരീസിന്റെ (69) ആദികടലായിലെ ഹാരീസ് ബീച്ച് ഹോംസ്റ്രേയിൽ വിദേശികൾ കൃഷിപ്പണിക്കിറങ്ങും.
തനി നാടൻ മലയാളിയായി ജീവിക്കാൻ ആഗ്രഹിക്കുന്ന വിദേശികളെ കണ്ണൂരിന്റെ ഗ്രാമജീവിതത്തിലേക്ക് ഹാരീസ് കൂട്ടിക്കൊണ്ടുപോകും. ലുങ്കിയും ബനിയനും സാരിയുമൊക്കെ അണിഞ്ഞ വിദേശികളുടെ വീഡിയോകൾ സമൂഹ മാദ്ധ്യമത്തിൽ സൂപ്പർ ട്രെൻഡിംഗ്.
കണ്ണൂർ തെക്കീബസാറിൽ വസ്ത്രവ്യാപാരിയായിരുന്നു ഹാരീസ്. 2001ൽ കടയിലെത്തിയ വിദേശ വനിതയുമായി സൗഹൃദത്തിലായി. ഹാരീസിന്റെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ അവർക്ക് മാതാവ് റംലത്ത് ചൂട് പഴംപൊരി നൽകി. ആ രുചി ഇഷ്ടപ്പെട്ട അവർ, സുഹൃത്തുക്കളെയും കൂട്ടി വീണ്ടുമെത്തി. തൊട്ടടുത്ത വർഷം കൂടുതൽ പേരുമായി പിന്നെയുമെത്തി. ഇപ്പോൾ വർഷംതോറും നൂറിലധികം വിദേശ സഞ്ചാരികൾ ഹാരീസിനെ തേടിയെത്തുന്നു.
ജർമ്മൻ ബെസ്റ്റീസ്
ഒരിക്കൽ ഇവിടെയെത്തിയ ജർമ്മൻകാരായ മറിയയ്ക്കും ഹുന്റർട്ടിനും ഒരാഗ്രഹം. സ്വന്തമായി പിടിച്ച ചെമ്മീൻ ഒന്നു വറുത്തുകഴിക്കണം. ഹാരീസിനോട് പറയേണ്ട താമസം ആഗ്രഹം സാധിച്ചുകൊടുത്തു. പിന്നീട് പലതവണ ഇരുവരും ഹാരീസിനെ തേടിയെത്തി. ഇന്ന് നല്ല സുഹൃത്തുക്കളാണ് ഇവർ. കണ്ണൂരിലെത്തിയാൽ ഹാരീസിന്റെ കൃഷിയിടത്തിൽ നടീലിനും വളമിടീലിനുമൊക്കെ ഇവരുമുണ്ടാകും. തിരിച്ചുപോയാൽ വിളവിനെക്കുറിച്ച് അന്വേഷിക്കും. ജർമനിയിൽ നിന്നെത്തിയ മറ്റൊരു സംഘം വീടിനു സമീപത്തെ സ്‌കൂളിന് സംഭാവന നൽകിയതും ഹാരീസ് ഓർമ്മിച്ചു.
കൊവിഡ് കാലത്ത് കൃഷിയിലേക്ക്
കൊവിഡ് കാലത്താണ് ഹാരീസ് കൃഷിയിലേക്ക് തിരിഞ്ഞത്. റിസോർട്ടിന് സമീപത്തെ ഒരേക്കറിൽ പച്ചക്കറിക്കൃഷിയും ആട്, കോഴി, താറാവ്, മത്സ്യം, തേനീച്ച വളർത്തലും ആരംഭിച്ചു. പിന്നീട് അതിഥികൾക്ക് മായം കലരാത്ത ഭക്ഷണം നൽകാനായി ഇതു തുടർന്നു. ഭാര്യ സാജിതയും മക്കളായ നിഷിൻ, ഷിജിൻ, റോഷൻ എന്നിവരും ഇദ്ദേഹത്തിന്റെ യാത്രയ്ക്ക് കരുത്തേകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |