SignIn
Kerala Kaumudi Online
Monday, 27 July 2026 12.38 AM IST

ഇവിടേയ്‌ക്ക്‌ യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്; കൗതുകവസ്‌തുക്കൾ ശേഖരിക്കരുത്, ദൗർഭാഗ്യം കൂടെവരും

pompeii

യാത്രകൾ ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നും ഓർമ്മയ്‌ക്കായി എന്തെങ്കിലും ശേഖരിക്കുന്ന ശീലം പലർക്കുമുണ്ട്. ആ നാട്ടിൽ മാത്രം ലഭിക്കുന്ന എന്തെങ്കിലും വസ്‌തുക്കളാകും അത്തരത്തിൽ ശേഖരിക്കുന്നത്. ഒരു നാടിന്റേത് മാത്രമായ എന്തെങ്കിലും ഉത്‌പന്നങ്ങളാണെങ്കിൽ അത് വില കൊടുത്ത് വാങ്ങും. മറ്റ് ചിലപ്പോൾ അത് വിലകൊടുക്കേണ്ട ആവശ്യമില്ലാത്ത ഏതെങ്കിലും മരത്തിന്റെ ഭാഗങ്ങൾ, ആ നാട്ടിലെ അപൂർവമായ കല്ല്, മണ്ണ് തുടങ്ങി എന്തുമാകാം. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ആ യാത്രയുടെ മനോഹരമായ ഓർമ്മകൾ സൂക്ഷിച്ചു വയ്‌ക്കാൻ സാധിക്കുമെങ്കിലും അത് ആ നാടിനെ വലിയ അപകടത്തിൽ കൊണ്ടെത്തിക്കാം. അതിനാൽ, ദിനംപ്രതി ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തികൾക്ക് നിയന്ത്രണങ്ങളുണ്ട്.

പുരാതന നഗരമായ പോംപെയ്‌ക്ക് ഇത്തരത്തിലുള്ള കഥകളേറെയുണ്ട് പറയാൻ. ഇവിടെയെത്തുന്ന സഞ്ചാരികൾ പുരാതന കല്ലുകൾ, പ്ലാസ്‌റ്റർ കഷ്‌ണങ്ങൾ, മൺപാത്രങ്ങളുടെയും മറ്റും ഭാഗങ്ങൾ തുടങ്ങിയവ ശേഖരിച്ചു കൊണ്ടുപോകുന്നത് പതിവായിരുന്നു. ഇത് അമൂല്യവസ്‌തുക്കൾ പൂർണമായും നാടുകടത്തപ്പെടും എന്ന അവസ്ഥയിലെത്തിച്ചതോടെ അധികൃതർ നിയമത്തിന്റെ വഴി സ്വീകരിച്ചു. എന്നാൽ അതുകൊണ്ടുമാത്രം കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ വിശ്വാസത്തിന്റെ വഴികൂടി സ്വീകരിച്ചപ്പോഴാണ് അവിടെ നടന്ന മോഷണത്തിന്റെ വലിപ്പം പുറത്തറിഞ്ഞത്.

പോംപെയിൽ നിന്ന് മോഷ്‌ടിച്ചു കൊണ്ടുപോകുന്ന വസ്‌തുക്കൾ ദൗർഭാഗ്യത്തിനും ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്നുള്ള വിശ്വാസം അതിന്റെ ഭാഗമായി ഉണ്ടായതാണ്. ഇന്ന് പോംപെയിൽ നിന്നും മോഷ്‌ടിക്കപ്പെട്ട പല വസ്‌തുക്കളും മാപ്പപേക്ഷയോടെയാണ് തപാലിൽ തിരിച്ചെത്തുന്നത്. ഓരോ വർഷവും ടൺ കണക്കിന് ചെറുകല്ലുകളും മൺപാത്ര അവശിഷ്‌ടങ്ങളുമാണ് ഇറ്റാലിയൻ അധികൃതർക്ക് ലഭിക്കുന്നത്. എഡി.79ൽ വെസൂവിയസ് അഗ്നിപർവ്വത സ്‌ഫോടനത്തെതുടർന്ന് ചാരത്തിനടിയിലായ നഗരമാണ് പോംപെ. അതുകൊണ്ടു തന്നെ ഇവിടുത്തെ ഓരോ ചെറുകല്ലിനും വലിയ മൂല്യമുണ്ടെന്നാണ് പുരാവസ്‌തു ഗവേഷകർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POMPEII, TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY