
പഞ്ചാരമണൽ തൊടുന്ന തിരമാലകളും മനോഹരമായി വിതാനിക്കപ്പെട്ട പവിഴപ്പുറ്റുകളും കടലിന്റെ അടിത്തട്ടോളം കാണാവുന്ന സ്ഫടികതുല്യമായ ജലപ്പരപ്പുകളുമൊക്കെയായി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ മോഹിപ്പിക്കുകയാണ്. കാഴ്ചയുടെ സൗന്ദര്യത്തിനൊപ്പം നമ്മുടെ പൂർവികർ അനുഭവിച്ച ത്യാഗത്തിന്റെ ഹൃദയം തൊടും അനുഭവങ്ങളും ദ്വീപിൽ നിന്ന് അറിയാം.
രാവിലെ തിരുവനന്തപുരത്തുനിന്ന് ബംഗളൂരു വഴിയായിരുന്നു യാത്ര. ഉച്ച കഴിഞ്ഞതോടെ പോർട്ട് ബ്ലെയറിലെ വീര സവർക്കർ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങി. ടി.എസ്.ജി ഗ്രൂപ്പിന്റെ ഹോട്ടലിലായിരുന്നു താമസം.
തൊട്ടടുത്തുള്ള കോർഡിയൻസ് കോവാ ബീച്ചിൽ സന്ധ്യ മയങ്ങിയതോടെ കടലിനോട് ഓരം ചേർന്നു നിൽക്കുന്ന മറീന പാർക്ക് റോഡിലെ ചരിത്രപ്രസിദ്ധമായ ഫ്ളാഗ് പോയിന്റിലേയ്ക്ക് നീങ്ങി.1943 ഡിസംബർ 30 ന് സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ സ്ഥലമാണിത്. കടൽ ക്കാറ്റിനോടൊപ്പം ചരിത്രത്തിന്റെ മർമ്മരവും നമ്മെ തഴുകുന്ന അപൂർവ നിമിഷം !
റോസ് ദ്വീപിലെ കാഴ്ചകൾ
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രൗഢിയുടെയും പിന്നീടുള്ള തകർച്ചയുടെയും ഓർമ്മകളുറങ്ങുന്ന റോസ് ദ്വീപിലായിരുന്നു രണ്ടാം ദിനം. ബ്രിട്ടീഷ് നാവിക സർവ്വേയർ ആയിരുന്ന സർ ഡാനിയൽ റോസിന്റെ പേരിലുള്ള ദ്വീപ്. റോസ് ഐലൻഡിൽ പീനൽ സെറ്റിൽമെന്റ് സ്ഥാപിക്കാനായി ജെ.പി വാക്കർ എന്ന ബ്രിട്ടീഷ് ജയിൽ സൂപ്രണ്ട് 1858ലാണ് പോർട്ട് ബ്ലെയറിൽ എത്തിയത്. രണ്ട് കപ്പലുകളിലായി 200 സ്വാതന്ത്ര്യ സമര പോരാളികളെ തടവുകാരാക്കി പിടിച്ച് ഒപ്പം കൂട്ടിയിരുന്നു. തടവുകാരെ ഉപയോഗിച്ച് കാടുവെട്ടി തെളിച്ചും റോഡ് വെട്ടിയും കെട്ടിടങ്ങൾ നിർമ്മിച്ചും അവർ വളരെ പെട്ടെന്ന് ദ്വീപിൽ ആധുനിക നഗരം പണിതു. ഉദ്യോഗസ്ഥരുടെ വീടുകൾ, കടകൾ, പോസ്റ്റോഫീസ് , ഹെലിപ്പാഡ് , ടെന്നീസ് കോർട്ട് , മിനറൽ വാട്ടർ പ്ലാന്റ്, നീന്തൽകുളം, ലൈബ്രറി, ബസാറുകൾ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള നഗരമായി മാറിയ ദ്വീപ് കിഴക്കിന്റെ പാരീസ് എന്ന് അറിയപ്പെട്ടു.1941 ജൂൺ 21ന് ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ സെറ്റിൽമെന്റ് തകർന്നടിഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനീസ് സേനകളുടെ മുന്നേറ്റം മൂലം ഭീതിയിലായ ബ്രിട്ടീഷുകാർ ഒന്നടങ്കം ഇവിടെ നിന്ന് പോർട്ട് ബ്ലെയറിലേയ്ക്ക് പിൻവാങ്ങിയതോടെ പ്രകൃതിയുടെ മധുര പ്രതികാരം പോലെ റോസ് ഐലൻഡ് വിജനമായി. തിരമാലകൾ കരയെ നക്കിത്തുടച്ചപ്പോൾ ദ്വീപിൽ സ്ഥാപിച്ച ലൈറ്റ് ഹൗസ് കടലിന്റെ നടുവിലായി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജാപ്പനീസ് പട്ടാളം റോസ് ദ്വീപ് പിടിച്ചെടുത്ത് ബംഗറുകൾ പണിതും പീരങ്കികൾ സ്ഥാപിച്ചും സൈനിക താവളമാക്കി. സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ എല്ലാ ഒത്താശകളും നൽകി. 1943 ഡിസംബർ 30ന് നേതാജി ദ്വീപിലെത്തി ചരിത്രത്തിൽ ആദ്യമായി ജയ് ഹിന്ദ് വിളികളുടെ പശ്ചാത്തലത്തിൽ ത്രിവർണ പതാക ഉയർത്തി. ഇന്ത്യൻ മണ്ണിൽ പാറിയ ആദ്യത്തെ സ്വതന്ത്ര ദേശീയപതാകയുടെ സാക്ഷിയായി ദ്വീപ് മാറി. 1979 ൽ ഇന്ത്യൻ നാവികസേന ഈ ദ്വീപ് ഏറ്റെടുത്തു.
പോർട്ട് ബ്ലെയറിലെ അബർഡീൻ ബോട്ട് ജെട്ടിയിൽ നിന്ന് സ്പീഡ് ബോട്ടിൽ കയറി 15 മിനിറ്റ് യാത്ര ചെയ്ത് ഞങ്ങൾ റോസ് ഐലൻഡിൽ എത്തി. ചരിത്രസ്മാരകമായി രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പട്ടാളം പണിത ബംങ്കറിൽ ഒന്ന് തൊട്ടുമുന്നിൽ. ബോട്ട് ജെട്ടിയിൽ നിന്ന് പുറത്തു കടന്നപ്പോൾ വരവേൽക്കാൻ അരുമയോടെയെത്തിയ മാൻ കൂട്ടങ്ങൾ. അങ്ങാടിയിൽ ആട്ടിൻപറ്റങ്ങൾ സഞ്ചരിക്കുന്ന പോലെ നിർഭയരായി അവർ സഞ്ചാരികൾക്കിടയിൽ. തൊട്ടടുത്ത മരച്ചില്ലകളിൽ മയിലുകളുടെ ആഹ്ലാദപ്രകടനങ്ങൾ. ആരവങ്ങളൊഴിഞ്ഞ് വൃക്ഷങ്ങളൊക്കെ പുനർജനിച്ച് കാട് വളർന്ന് മാനുകൾക്കും മയിലുകൾക്കും മറ്റു ജീവജാലങ്ങൾക്കുമൊക്കെ സ്വച്ഛന്ദമായി വിഹരിക്കാനുള്ള ഇടമായി മാറിയിരിക്കുന്നു ഇന്ന് റോസ് ഐലൻഡ്.
സന്ധ്യ മയങ്ങുമ്പോൾ പഴയ ബേക്കറിക്ക് സമീപം ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആരംഭിക്കും. ദ്വീപ് തന്നെ അതിന്റെ കഥ പറയുന്ന രീതിയിലാണ് പ്രതിപാദനം. ഞാൻ ഒരു സാക്ഷിയാണ് എന്ന് ആരംഭിക്കുന്ന ആഖ്യാനം. വെളിച്ചം മാറിമറിയുമ്പോൾ തകർന്ന ചുമരുകളിൽ ചരിത്രം ജീവൻ വയ്ക്കുന്നു. 1788 ൽ ആർച്ചി ബാൾഡ് പ്ലെയറിന്റെ വരവ് തടവുപുള്ളികളുടെ അദ്ധ്വാനത്തിൽ ആഡംബര നഗരമാകുന്ന ദ്വീപിൽ ഉയർന്നുവരുന്ന കെട്ടിടങ്ങളുടെ വിഷ്വലുകൾ വെളിച്ചത്തിൽ തെളിയുന്നു. പശ്ചാത്തലത്തിൽ സായിപ്പും മദാമ്മയും നൃത്തം ചെയ്യുന്ന നിഴലുകൾ ഗവർണ്ണുടെ കൊട്ടാരത്തിലെ ആഡംബര കാഴ്ചകൾ, പിയാനോ സംഗീതം, മദ്യ ചഷകങ്ങൾ തമ്മിൽ മുട്ടുന്ന ശബ്ദം, ചിരി. പശ്ചാത്തലത്തിൽ ആത്മഗതം പോലെ 'ഞങ്ങൾ ഇവിടെ ഒരു കൊച്ചു ഇംഗ്ലണ്ട് സൃഷ്ടിച്ചു . പക്ഷേ , ആരുടെ ചോരയിൽ എന്നത് ഞങ്ങൾ മറന്നു ' . 1941ലെ ഭൂകമ്പം, പൊട്ടിത്തകരുന്ന കെട്ടിടങ്ങൾ, ബ്രിട്ടീഷുകാരുടെ പലായനം, ജപ്പാൻ പട്ടാളം ദ്വീപ് പിടിച്ചടക്കുന്ന കാഴ്ച, ബംഗറുകളുടെ നിർമ്മാണം, ജാപ്പനീസ് പട്ടാളത്തിന്റെ താണ്ഡവം, നേതാജി 1943 ഡിസംബർ 30ന് ദ്വീപിൽ വന്നു പതാക ഉയർത്തുന്ന ദൃശ്യം, ജയ് ഹിന്ദ് വിളിയുടെ പശ്ചാത്തലത്തിൽ ത്രിവർണ പതാകയുടെ ദൃശ്യം, 1979 ഏപ്രിൽ 18ന് ദ്വീപ് ഇന്ത്യൻ നേവി ഏറ്റെടുക്കുന്നതും 2018 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വീപിന് നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് നാമകരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമെല്ലാം ഷോയിലുണ്ട്.
മനുഷ്യത്വം ഖനീഭവിച്ച തടവറ
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മറ്റൊരു കറുത്ത അദ്ധ്യായമായ സെല്ലുലാർ ജയിലകങ്ങളിലേയ്ക്കായിരുന്നു അടുത്ത യാത്ര. നാസിതടവറകളെ നാണിപ്പിക്കുന്ന മനുഷ്യത്വ ധ്വംസനങ്ങളുടെ ചരിത്രം ഖനീഭവിച്ച കാലാപാനി. ആൻഡമാൻ ദ്വീപിലെ പോർട്ട് ബ്ലെയറിൽ നിന്ന് അല്പം മുന്നോട്ട് നീങ്ങി അറ്റ്ലാന്റാ പോയിന്റിലേയ്ക്ക് എത്തുമ്പോൾ ദൂരെ നിന്ന് തന്നെ കൈകൾ വിരിച്ചു നിൽക്കുന്ന ആ ഭീകര ദൃശ്യം കാണാം. കടലിലേയ്ക്ക് തള്ളി നിൽക്കുന്ന വിശാല തുരുത്തിൽ, ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളെ കൊല്ലാക്കൊല ചെയ്യാൻ ബ്രിട്ടീഷ് ഭരണകൂടം പണിത കൊടുംക്രൂരതകളുടെ പര്യായമായ സെല്ലുലാർ ജയിൽ. ഒരു തരത്തിലും രക്ഷപ്പെടാൻ കഴിയാത്ത വിധം കടലിലെ കറുത്ത വെള്ളത്തിന്റെ നടുവിൽ പണിത ഈ കൊടിയ നരകത്തിന്റെ മറ്റൊരു പേരാണ് കാലാപാനി.
റോഡിന് സമാന്തരമായി നീണ്ടു നിവർന്നു നിൽക്കുന്ന തടവറയുടെ ചെറിയ വാതിലിലൂടെ അകത്തു കടക്കുമ്പോൾ സന്ദർശകരുടെ നെഞ്ചിടിപ്പുയരും. നക്ഷത്ര മത്സ്യത്തിന്റെ ആകൃതിയിൽ സൈക്കിൾ ചക്രത്തിന്റെ ആരക്കാലുകൾ പോലെ ഒരു കേന്ദ്രത്തിൽ നിന്ന് നീണ്ടുനിൽക്കുന്ന മൂന്ന് നിലകളുള്ള ഏഴ് കെട്ടിടങ്ങൾ. ഇവയിൽ നാലെണ്ണം 1941ലെ ഭൂകമ്പത്തിൽ തകർന്നതോടെ ഇപ്പോൾ മൂന്നെണ്ണമാണ് അവശേഷിക്കുന്നത്.
ഒരാൾക്ക് മാത്രം കഴിയാവുന്ന 13.5 അടി നീളവും 7.5 അടി ഉയരവുമുള്ള ഏകാന്തമായ 696 മുറികൾ. ഇന്ന് അവശേഷിക്കുന്നത് 293 മുറികൾ മാത്രം. ഒരാൾക്ക് മറ്റൊരാളെ കാണാനോ സംസാരിക്കാനോ കഴിയില്ല. ഓരോ മുറിക്കും ഇടനാഴികളിലേയ്ക്ക് തുറക്കുന്ന മൂന്നു മീറ്റർ ഉയരമുള്ള ഒരു ഇരുമ്പഴി വാതിൽ. അതിലൂടെ കാണുന്ന ആകാശത്തിന്റെ ചെറിയ ചതുരം മാത്രമായിരുന്നു തടവുകാരുടെ ലോകം. മൂന്നു മീറ്റർ ഉയരത്തിൽ സെല്ലിന്റെ ഭിത്തിയിൽ പണിത, പരിമിതമായി മാത്രം കാറ്റും വെളിച്ചവും കടക്കുന്ന ജനാല. ഏകാന്ത തടവായിരുന്നു ഏറ്റവും വലിയ ശിക്ഷ. സംസാരിക്കാൻ ആരുമില്ലാതെ വർഷങ്ങളോളം ഒറ്റയ്ക്ക്. ശബ്ദമുണ്ടാക്കിയാൽ ശിക്ഷ. പലരും ഭ്രാന്തന്മാരായി. ചിലർ ചുമരിൽ തലയടിച്ചു ജീവിതം അവസാനിപ്പിച്ചു.
ശിക്ഷിക്കപ്പെട്ട വി.ഡി. സവർക്കറോടൊപ്പം അദ്ദേഹത്തിന്റെ അനിയനും ഈ ജയിലിൽ തടവുപുള്ളിയായി ഉണ്ടായിരുന്നെങ്കിലും 10 വർഷത്തിനിടയ്ക്ക് ഒരു പ്രാവശ്യം പോലും അവർക്ക് കാണാൻ സാധിച്ചിരുന്നില്ലത്രേ. ഈ പ്രത്യേകതകൾ ഉള്ളതിനാലാണ് ഇത് സെല്ലുലാർ ജയിലായത്. കേന്ദ്ര ഭാഗത്തുള്ള നിരീക്ഷണ കോണിൽ നിന്ന് ജയിൽ അധികൃതർക്ക് എല്ലാ സെല്ലുകളേയും നിരീക്ഷിക്കാനാവും. ഒരുപറ്റം ബ്രിട്ടീഷ് എൻജിനീയർമാരുടെ വക്രബുദ്ധിയിൽ രൂപകല്പന ചെയ്യപ്പെട്ട ലോകചരിത്രത്തിൽ സമാനതകളില്ലാത്ത തടവറ !
മുഴങ്ങും ദീനരോദനങ്ങൾ
ഓരോ നിലകളിലും നെടുനീളത്തിൽ കിടക്കുന്ന വരാന്തയിലൂടെ തടവറകളിൽ നിന്നും തടവറകളിലേയ്ക്ക് നീങ്ങുമ്പോൾ പരസ്പരം കാണാനാവാതെ , സംസാരിക്കാനാവാതെ ജീവിച്ച 696 തടവുകാരുടെ ദീനരോദനങ്ങളുടെ സ്മരണകൾ മനസിനെ അസ്വസ്ഥമാക്കും. കൗതുകത്തിനായി ഞാൻ വിനായക് ദാമോദർ സവർക്കർ കിടന്നിരുന്ന സെല്ലിലേയ്ക്ക് കയറി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒരു കുസൃതിയെന്നോണം പെട്ടെന്ന് വാതിൽ അടച്ചു. രണ്ട് മിനിറ്റ് തടവറയിൽ കഴിഞ്ഞപ്പോഴേക്കും എന്റെ കാലിൽ നിന്നും മുകളിലേയ്ക്ക് ഒരുതരം തണുപ്പ് ഇരച്ചുകയറി. ശ്വാസംമുട്ടി. അലറി വിളിച്ചാണ് ഞാൻ പുറത്ത് കടന്നത്. തടവറയിലെ ക്രൂര പീഡനത്തിന് ഇതിനപ്പുറമൊരു തെളിവ് വേണ്ടായിരുന്നു.
ശിക്ഷകൾ കാണാം മ്യൂസിയത്തിൽ
തടവറയിലെ മൃഗീയമായ ശിക്ഷാവിധികളുടെ ദൃശ്യങ്ങൾ ജയിലിനകത്തെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കാളകൾക്ക് പകരം മനുഷ്യനെ കെട്ടി കൊപ്ര ആട്ടി വെളിച്ചെണ്ണയെടുക്കുന്ന കൊലു. ഒരു ദിവസം 13.6 കിലോ വെളിച്ചെണ്ണ ആട്ടിയെടുക്കണമെന്നാണ് നിബന്ധന . വെളിച്ചെണ്ണയുടെ അളവ് കുറയുന്ന ക്രമത്തിൽ ചാട്ടവാറടി. തൊട്ടടുത്ത് നൂൽ നൂൽക്കുന്ന നൂൽപ്പു കേന്ദ്രത്തിൽ രണ്ട് കൈയിലെയും തൊലി പൊളിഞ്ഞു പോകും വരെ നിർബന്ധിച്ചു നൂല് പിരിപ്പിക്കൽ. ഒരു ദിവസം ഒരു കിലോ എന്ന കണക്കിന് നൂൽ പിരിക്കാത്തവർക്ക് ചാട്ടവാർപ്രഹരം! പട്ടിണിക്കിടൽ ആയിരുന്നു മറ്റൊരു ശിക്ഷ. തടവുകാർക്ക് ഒരു ദിവസം ആറ് ഔൺസ് അരിയും ആറ് ഔൺസ് പരിപ്പും മാത്രമാണ് ആഹാരം. വേവിച്ചതും പകുതി വേവ് ആയതും തീരെ വേവിക്കാത്തതുമായ ഭക്ഷണം. നിരസിക്കുന്നവർക്ക് ചാട്ടവാറടി. കൊടിയ മർദ്ദനങ്ങളിൽ പ്രതിഷേധിച്ച് നിരാഹാരം ഇരിക്കുന്നവരെ പിടിച്ചു കെട്ടി മൂക്കിലൂടെ റബ്ബർ ട്യൂബ് കടത്തി വയറ്റിലേയ്ക്ക് പാലൊഴിപ്പിക്കും. ഒപ്പംഒരു ദിവസം 30 വരെ നീളുന്ന ചാട്ടവാറടി. കാലിൽ ഇരുമ്പു ചങ്ങലയും കഴുത്തിൽ ഇരുമ്പ് വളയവും. ഒരുകാലത്ത് ഒരേസമയം മൂന്നുപേരെ വരെ തൂക്കിലേറ്റാൻ സൗകര്യമുള്ള തൂക്കുമരങ്ങൾ സജ്ജീകരിച്ചിരുന്ന നടുമുറ്റം ഇന്ന് പൂന്തോട്ടമാണ്.
കൊത്തിവച്ചിട്ടുണ്ട് ധീര പേരുകൾ
കെട്ടിടങ്ങളുടെ കേന്ദ്ര ഭാഗത്ത് വൃത്താകൃതിയിലുള്ള ചുമരുകളിൽ ഫസൽ ഇ ഹക്ക് ഖൈറാബാദി എന്ന 80കാരൻ ഉറുദു കവി മുതൽ 17 വയസുള്ള ഇന്ദുഭൂഷൺ റോയ് വരെയുള്ള 201 തടവുകാരുടെ പേരുകൾ കല്ലിൽ കൊത്തി വച്ചിരിക്കുന്നു. നാസിക് ഗൂഢാലോചന കേസിൽ പ്രതിയായ സവർക്കർ, അലിപ്പൂർ ബോംബ് കേസിൽ പ്രതിയായ അരവിന്ദ് ഘോഷിന്റെ അനിയൻ ബരിൻ ഘോഷ്, തടവറയിൽ വൈദ്യുതി ഷോക്ക് നൽകി ഭ്രാന്തനാക്കപ്പെട്ട ഉല്ലാസ് കർ ദത്ത, ഭഗത് സിംഗിനോടൊപ്പം അസംബ്ലിയിൽ ബോംബെറിഞ്ഞതിന് തടവിലാക്കപ്പെട്ട ബടുകേശ്വർ ദത്ത, മലബാർ കലാപത്തിൽ ശിക്ഷിക്കപ്പെട്ട് തടവിലാക്കപ്പെട്ട ആലി മുസ്ലിയാരുടെ അനുയായികൾ എന്നിവരൊക്കെ ഇവരിൽ പെടും.
ചരിത്രം പുനർജനിക്കുന്ന ദൃശ്യാനുഭവങ്ങൾ
പകൽ മറഞ്ഞ് സന്ധ്യ മയങ്ങുന്നതോടെ സെല്ലുലാർ ജയിൽ ഭാവസാന്ദ്രമാവും. പകൽ കണ്ട കൽത്തുറങ്കുകൾ രാത്രിയിൽ വികാരനിർഭരമായ ചരിത്രവേദിയാകും. ദിവസവും രാത്രി ആറിനും 7.15 നും ഹിന്ദിയിലും ഇംഗ്ലീഷിലും മാറിമാറി 50 മിനുട്ട് ദൈർഘ്യമുള്ള ലൈറ്റ് ആൻഡ് സൗണ്ട് പ്രോഗ്രാം അരങ്ങേറും.
ഈ ദൃശ്യ ശ്രവ്യ അനുഭവം സന്ദർശകരെ ഒന്നര നൂറ്റാണ്ട് പിന്നിലേയ്ക്ക് കൂട്ടും. ശ്വാസമടക്കിപ്പിടിച്ചല്ലാതെ നമുക്കിൽ പങ്കെടുക്കാനാവില്ല. ഇപ്പോൾ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് എത്ര മധുരമുണ്ടെന്ന് ബോദ്ധ്യപ്പെടുന്ന നിമിഷം!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |