ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് തിരിച്ചടിയായി ടിക്കറ്റ് ഇതര സേവനങ്ങൾക്ക് ചാർജ് വർദ്ധിപ്പിച്ച് വിമാനക്കമ്പനി. കുഞ്ഞുങ്ങളുടെ യാത്ര, അധിക ബാഗേജ്, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്തവർ, മുൻഗണനാ ചെക്ക് ഇന്നും ബോർഡിംഗും, ട്രാവൽ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനിയായ ഇൻഡിഗോ.
മുതിർന്നയാൾക്കൊപ്പം യാത്ര ചെയ്യുന്ന കുഞ്ഞിനുള്ള ഫീസ് 2000 രൂപയിൽ നിന്ന് 3000 രൂപയായി ഉയർത്തി. മൂന്ന് ദിവസം മുതൽ രണ്ട് വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങൾക്കാണ് ഈ നിരക്ക് ബാധകമാവുക. ഇവർക്ക് വിമാനത്തിൽ പ്രത്യേക സീറ്റ് ലഭിക്കുകയില്ല. ഇവരുടെ പ്രായം തെളിയിക്കുന്ന രേഖയും ഒപ്പമുള്ളയാൾ കയ്യിൽ കരുതണം. പ്രായം തെളിയിക്കാനായില്ലെങ്കിൽ സാധാരണ വിമാന യാത്രികനുള്ള ഫീസ് അടയ്ക്കേണ്ടതായി വരും.
മുതിർന്നയാൾക്കൊപ്പമല്ലാതെ യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുള്ള ഫീസ് 5000ൽ നിന്ന് 5999 രൂപയായി വർദ്ധിപ്പിച്ചു. അഞ്ചുവയസിന് താഴെയുള്ള കുട്ടികൾക്ക് ഫ്ളൈയിംഗ് സോളോ സർവീസ് ലഭ്യമാകില്ല. ഇവരുടെ ഒപ്പം 18 വയസിന് മുകളിലുള്ളയാൾ ഉണ്ടാകണം. അഞ്ചിനും 12നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് ഈ സേവനം ലഭ്യമാകും. 13നും 18നും ഇടയിൽ പ്രായമുള്ളവർക്ക് ഈ സേവനം ഉപയോഗിക്കുകയോ ഒറ്റയ്ക്ക് യാത്ര ചെയ്യുകയോ ആവാം.
ഇൻഡിഗോയുടെ നിബന്ധനകൾ പ്രകാരം, കൂടെ മുതിർന്നവരില്ലാതെ യാത്ര ചെയ്യുന്ന കുട്ടികൾ ആഭ്യന്തര വിമാനയാത്രയ്ക്ക് പുറപ്പെടുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അന്താരാഷ്ട്ര വിമാനയാത്രയാണെങ്കിൽ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് റിപ്പോർട്ട് ചെയ്യേണ്ടത്. കൂടാതെ, ചെക്ക് ഇൻ സമയത്ത് മാതാപിതാക്കളോ രക്ഷിതാവോ നിർദ്ദിഷ്ട 'അൺഅക്കമ്പനീഡ് മൈനർ' ഫോം സമർപ്പിക്കേണ്ടതുണ്ട്. ലക്ഷ്യസ്ഥാനത്ത് കുട്ടിയെ ഏറ്റുവാങ്ങുന്ന മുതിർന്ന വ്യക്തിയുടെ വിവരങ്ങൾ ഈ ഫോമിൽ രേഖപ്പെടുത്തിയിരിക്കണം.
ആഭ്യന്തര വിമാനയാത്രകളിൽ അധിക ബാഗേജിനും ഇനിമുതൽ അധിക ചാർജ് നൽകണമെന്ന് ഇൻഡിഗോ അറിയിച്ചു. അനുവദനീയമായ ഭാരത്തേക്കാളും കൂടുതലുണ്ടെങ്കിൽ ഇനിമുതൽ ഓരോ കിലോയ്ക്കും 800 രൂപയാണ് ഫീസ്. നേരത്തെയിത് 700 രൂപയായിരുന്നു. മുൻഗണനാ ചെക്ക് ഇൻ, മുൻഗണനാ ബോർഗിംഗ് ഫീസ് 450 രൂപയിൽ നിന്ന് 650 രൂപയായി വർദ്ധിപ്പിച്ചു. ട്രാവൽ സർട്ടിഫിക്കറ്റ് ഫീസ് 200 രൂപയിൽ നിന്ന് 300 രൂപയാക്കി.
IndiGo has increased charges for several non-ticket services. Infant fees rose from ₹2,000 to ₹3,000, unaccompanied minor fees from ₹5,000 to ₹5,999, excess baggage to ₹800 per kg, priority check-in/boarding to ₹650, and travel certificates to ₹300. The revised charges affect domestic and selected passenger services.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |