
1931സെപ്തംബർ 25 വെള്ളിയാഴ്ച. സമയം രാത്രി 11 കഴിയുന്നു. നാലായിരത്തോളം വരുന്ന ജനക്കൂട്ടം ആ വേനൽക്കാല രാവിൽ വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡാർവെൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലണ്ടനിൽ നിന്നുള്ള ട്രെയിനും കാത്തുനിന്നു. വണ്ടി പതിവിലും വൈകുന്നതിൽ ചിലർ ഉത്കണ്ഠാകുലരായി.
തീവണ്ടി പ്ലാറ്റ് ഫോമിലേയ്ക്ക് വന്നെത്തിയപ്പോൾ എല്ലാ കണ്ണുകളും സ്റ്റേഷൻ കവാടത്തിലേയ്ക്ക് തിരിഞ്ഞു. പക്ഷേ ആ കാത്തിരിപ്പ് വിഫലം. ട്രെയിനിൽ നിന്ന് ആദ്യം ഇറങ്ങിയ യാത്രക്കാരൻ വിളിച്ചു പറഞ്ഞു '' നിങ്ങൾക്കിനി വീട്ടിൽ പോകാം.'അദ്ദേഹം" തൊട്ടു മുൻപുള്ള സ്പ്രിംഗ് വെയിൽ സ്റ്റേഷനിൽ ഇറങ്ങി"". കഷ്ടിച്ച് ഒരു മൈൽ മുന്നേയുള്ള സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ച ലണ്ടനിൽ നിന്നും വന്ന ആ 'അതിപ്രധാന വ്യക്തിയെ" സ്വീകരിക്കാനെത്തിയവർ, അദ്ദേഹത്തെയും കൂടെയുള്ളവരെയും കാറിൽ അല്പം അകലെയുള്ള ഗാർഡൻ വില്ലേജ് എന്ന തുണി മിൽ തൊഴിലാളികൾ പാർക്കുന്ന കെട്ടിട സമുച്ചയത്തിലെ ഫ്ലാറ്റിൽ കൊണ്ടുപോയി. ചാൾസ് ഹൊവാർത്ത് എന്ന മിൽ തൊഴിലാളിയുടെ വീടായിരുന്നു അത്. അപ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. അന്ന് അദ്ദേഹം അവിടെ തങ്ങി. ആ വാരാന്ത്യം ഡാർവെനിലും പരിസരപ്രദേശത്തും സഞ്ചരിച്ചു. നാട്ടുകാരെ കണ്ടു. അവരുമായി സംസാരിച്ചു. ഞായറാഴ്ച്ച വൈകി അദ്ദേഹം ലണ്ടനിലേയ്ക്ക് മടങ്ങി.
95 വർഷങ്ങൾക്ക് ശേഷം 2026 സെപ്തംബറിലെ ആദ്യ വാരാന്ത്യത്തിന്റെ മദ്ധ്യാഹ്നവേളയിൽ ഗാർഡൻ വില്ലേജിൽ ഞാനെത്തി. ഒരു കോളനി പോലെ ഒരേ വലുപ്പത്തിലും രീതിയിലുമുള്ള കുറെ വീടുകൾ ഫ്ലാറ്റുകളിൽ ഒന്നിന്റെ ചുവരിൽ പതിച്ചിരിക്കുന്ന വട്ടത്തിലുള്ള നീല ലോഹ ഫലകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.
'മോഹൻദാസ് കരംചന്ദ് ഗാന്ധി, മഹാത്മാ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള മുന്നേറ്റത്തിന്റെ പ്രചോദകൻ, 1931 സെപ്തംബർ 26 നമ്പർ 3 ഗാർഡൻ വില്ലേജിൽ താമസിച്ചു. വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനായി ലണ്ടനിൽ എത്തിയ വേളയിൽ ഇന്ത്യയിലെ വിദേശവസ്ത്ര ബഹിഷ്കരണത്തെ തുടർന്ന് ദാരിദ്ര്യത്തിലായ തൊഴിലാളികളെ നേരിട്ട് കണ്ടു മനസിലാക്കാനും മിൽ ഉടമകളെ സന്ധിക്കാനും സമീപത്തെ ഗ്രീൻ ഫീൽഡ് മിൽ ഉടമ പേഴ്സി ഡേവിസിന്റെ ക്ഷണപ്രകാരം എത്തി ".
അൽപ്പം ചരിത്രം
ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് ഗാന്ധിജിയുൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം തടങ്കലിലായിരുന്ന 1930 നവംബറിൽ നടന്ന ഒന്നാം വട്ടമേശ സമ്മേളനം കോൺഗ്രസ് ബഹിഷ്കരിച്ചു. 1931 മാർച്ച് അഞ്ചിന് ഒപ്പിട്ട ഗാന്ധി വൈസ്രോയി കരാർ അനുസരിച്ച് രാജ്യവ്യാപകമായുള്ള നിയമലംഘന പ്രക്ഷോഭം പിൻവലിക്കാനും രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനും കോൺഗ്രസ് സമ്മതിച്ചു. അതിൽ പങ്കെടുക്കാനായി ഗാന്ധിജി ആഗസ്റ്റ് 29ന് ലണ്ടനിൽ കപ്പലിറങ്ങി. സെപ്തംബർ ഏഴിന് ലണ്ടനിലെ സെയിന്റ് ജെയിംസ് കൊട്ടാരത്തിലെ സമ്മേളനത്തിൽ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ യും വിവിധ മതവിഭാഗങ്ങളുടെയും ബ്രിട്ടനിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ പങ്കെടുത്തപ്പോൾ കോൺഗ്രസിന്റെ ഏക ഔദ്യോഗിക പ്രതിനിധി ഗാന്ധിജിയായിരുന്നു. അതിനിടെയാണ് ഗ്രീൻഫീൽഡ് മില്ല് ഉടമയും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനുമായ പേഴ്സി ഡേവിസിന്റെയും പത്നി കാതലിന്റേയും അതിഥിയായി ഗാന്ധിജി വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയറിൽ സെപ്തംബർ 25 മുതൽ 27 വരെ ഹ്രസ്വ സന്ദർശനത്തിനെത്തിയത്. മീര ബെന്നും, മഹാദേവ് ദേശായിയും, പ്യാരേലാലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. കോൺഗ്രസിന്റെ വിദേശ വസ്ത്ര ബഹിഷ്കരണം മൂലം തങ്ങളുടെ തൊഴിലാളികൾ നേരിടുന്ന കഷ്ടപ്പാടുകൾ ഗാന്ധിജി നേരിട്ട് കണ്ട് ബോദ്ധ്യപ്പെടട്ടെ എന്ന ഉദ്ദേശമായിരുന്നു ഈ ക്ഷണത്തിന് പിന്നിൽ.
പരുത്തിയുടെ പത്തായം
പത്തൊൻപതാം നൂറ്റാണ്ട് മുതൽ ലോകത്തിലെ പ്രധാന പരുത്തിത്തുണികളുടെ ഉൽപ്പാദന കേന്ദ്രങ്ങളായിരുന്നു ലങ്കാഷയറിലെ ഡാർവെനും, ബോൾട്ടൻ, ഓൾഡാം, ബ്ലാക്ക്ബേൺ തുടങ്ങിയ സമീപ പട്ടണങ്ങളും. ഇന്ത്യയിലെ തെരുവുകളിലും നാൽക്കവലകളിലും ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്ത തുണിയും മറ്റ് ഉത്പന്നങ്ങളും കൂട്ടിയിട്ട് കത്തിക്കുന്ന വാർത്തകൾക്കും ചിത്രങ്ങൾക്കും വലിയ പ്രചാരം ലഭിച്ചിരുന്നു.
ലങ്കാഷെയറിലെ ഒട്ടുമിക്ക കുടുംബങ്ങളുടെയും വരുമാനം തുണിമിൽ തൊഴിലിലൂന്നിയുള്ളതായിരുന്നു. കോൺഗ്രസിന്റെ ഈ തീരുമാനം തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുന്നതിനും ദുരവസ്ഥയ്ക്കും ഹേതുവായി എന്ന് ന്യായമായും തൊഴിലാളികൾ വിശ്വസിച്ചു. അടുത്ത ദിവസം രാവിലെ അദ്ദേഹം ഗ്രീൻ ഫീൽഡ് മില്ലിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. മീര ബെൻ 'ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്" എന്ന ആത്മകഥയിൽ കുറിക്കുന്നു. മില്ലിന്റെ മാനേജർ മണി മുഴക്കി പൊടുന്നനെ യന്ത്രങ്ങൾ നിലച്ചു, ഓടുന്ന കാലടി ശബ്ദങ്ങൾ കെട്ടിടമാകെ മുഴങ്ങി. ഞങ്ങൾ പുറത്തുവന്നപ്പോൾ തൊഴിലാളികളുടെ വലിയകൂട്ടം കാത്തുനിൽപ്പുണ്ടായിരുന്നു. ബാപ്പു ഒരു ചെറിയ പ്രസംഗം നടത്തി. രണ്ട് വനിതാ തൊഴിലാളികൾ ഇരുവശവും നിന്ന് അദ്ദേഹത്തിന്റെ രണ്ട് കൈകളും പിടിച്ചുയർത്തി മുദ്രാവാക്യം പോലെ ' ത്രീ ചിയേർസ് ഫോർ മിസ്റ്റർ ഗാന്ധി, ഹിപ്, ഹിപ്... ഹുറേ"...! എന്ന് ഉറക്കെ വിളിച്ചു. മറ്റുള്ളവർ ഏറ്റു വിളിച്ചു. വീണ്ടും ആവർത്തിച്ചു. മൂന്നാം തവണ അത് കൂടുതൽ ഉച്ചത്തിലായി. ' ഒരു കോളനി രാജ്യത്തിലെ ജനനേതാവിന് ഭരിക്കുന്ന സാമ്രാജ്യ ഭരണകൂടത്തിലെ സാധാരണ പൗരന്മാർ സ്നേഹവും ആദരവും കൊണ്ട് വീർപ്പ് മുട്ടിക്കുന്ന ചരിത്രത്തിൽ തന്നെ ഏറ്റവും ദുർലഭവും സുന്ദരവുമായ സന്ദർഭമായി ആ ചിത്രം ക്യാമറയിൽ പതിഞ്ഞു. ഷൂസില്ലാതെ സാധാരണ വള്ളിച്ചെരുപ്പും പരുത്ത വെളുത്ത ഖാദി തുണി ഉടുത്തും പുതച്ചും വന്ന ഗാന്ധിജിയുടെ വസ്ത്ര ധാരണവും ലാളിത്യവും പലരുടെയും മനസിൽ പതിഞ്ഞു. ബ്രിട്ടീഷ് റോയൽ നേവിയിൽ അഡ്മിറൽ ആയിരുന്ന സർ എഡ്മൺഡ് സ്ലേയിഡിന്റെ പുത്രി മദലീൻ സ്ലേഡ് വിദേശവസ്ത്രം ഉപേക്ഷിച്ചു ഇന്ത്യൻ നിർമിത ഖാദി വസ്ത്രം ധരിച്ചെത്തിയതും തെല്ലൊന്നുമല്ല ഇംഗ്ലീഷ് തൊഴിലാളികളെ ആശ്ചര്യപ്പെടുത്തിയത്. ഗാന്ധിജിയെ കാണാനും കുട്ടികൾക്ക് കാണിച്ചു കൊടുക്കാനും ഫോട്ടോ എടുക്കാനുമൊക്കെ, പ്രതിഷേധിക്കാനും പരിദേവനം പറയാനുമെത്തിവർ തിരക്ക് കൂട്ടി.
വിഷമങ്ങൾകേട്ട് ഗാന്ധി
വളരെയേറെ ക്ഷമയോടെ ഗാന്ധിജി മിൽ തൊഴിലാളികളുടെ പരാതികളും വിഷമങ്ങളും കേട്ടു. കോളനി വാഴ്ച്ച കൊണ്ട് ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളും പട്ടിണിയും അദ്ദേഹം ലളിതമായി അവരോട് വിശദീകരിച്ചു. തൊഴിൽ നഷ്ടപ്പെട്ടവരുടെ വിഷമങ്ങളോടും അവരുടെ കുടംബങ്ങളുടെ അവസ്ഥയോടുമൊക്കെ അദ്ദേഹം അനുതാപം പ്രകടിപ്പിക്കുമ്പോഴും ബ്രിട്ടീഷ് അധിനിവേശം തന്റെ രാജ്യത്തിനുണ്ടാക്കുന്ന ദുരിതങ്ങളെയും സ്വന്തം നാട്ടുകാർ ആഴ്ന്നു കിടക്കുന്ന ഭീതിതമായ ദാരിദ്ര്യത്തെയും കുറിച്ചുമൊക്കെ അവബോധമുള്ളവരാകാൻ അവരോട് അഭ്യർത്ഥിച്ചു. ''പ്രിയപ്പെട്ടവരേ, യഥാർത്ഥ ദാരിദ്ര്യം എന്താണെന്ന് നിങ്ങൾക്ക് ഒരു രൂപവുമില്ല. താൻ ദിവസേന നൂൽ നൂൽക്കുന്ന ചർക്ക ഇന്ത്യയിലെ ലക്ഷങ്ങളുടെ ജീവനോപാധിയാണ്. അവർക്ക് അത് പട്ടിണിയിൽ നിന്നുള്ള മോചനത്തിന്റെ പ്രതീകമാണ്""- അദ്ദേഹം വിശദീകരിച്ചു. പരുത്ത ഖാദി കൊണ്ടുള്ള ഒരു ഉടുമുണ്ടും മേൽമുണ്ടും ചേർന്ന അദ്ദേഹത്തിന്റെ വേഷമായിരുന്നു സന്ദേശവും. ശുദ്ധഗതിക്കാരായ, വിദ്യാഭ്യാസവും പരിഷ്കാരവും കുറഞ്ഞ അദ്ധ്വാനശീലരായ ലങ്കാഷെയറിലെ തൊഴിലാളികൾ രാഷ്ട്രീയ വൈരമൊന്നും കൂടാതെ തങ്ങളുടെ തൊഴിലില്ലായ്മക്ക് കാരണക്കാരൻ എന്ന ബോദ്ധ്യം മാറ്റിനിറുത്തി അദ്ദേഹത്തെ സ്വീകരിച്ചു.
മില്ലുടമകൾ അദ്ദേഹത്തെ സർവാത്മനാ സത്ക്കരിച്ചു. അവർ ചോദ്യങ്ങൾ ചോദിച്ചു, അഭിപ്രായങ്ങൾ ശ്രദ്ധയോടെ ശ്രവിച്ചു. ചർച്ചയിലുടനീളം ചുറ്റും കസേരകളിൽ ഉപവിഷ്ടരായിരുന്നവർക്ക് മദ്ധ്യത്തിൽ തന്റെ ചർക്കക്ക് മുന്നിൽ നിലത്താണ് അദ്ദേഹം ഇരുന്നത്.എഡ്ജ് വേർതിൽ മില്ല് ഉടമകളുടേയും തൊഴിലാളികളുടേയും കൂടിക്കാഴ്ചയിൽ പങ്കെടുത്ത ജോൺ ലീ ഇങ്ങനെ രേഖപ്പെടുത്തി ''ആശയപരമായി ഞങ്ങൾക്ക് മിസ്റ്റർ ഗാന്ധിയെ എതിരിടാൻ കഴിയില്ല. ഒരു സഹപ്രവർത്തകനോട് ഞാൻ തന്നെ പറഞ്ഞു. ഒരു ഇന്ത്യക്കാരനായിരുന്നെങ്കിൽ ഞാൻ തീർച്ചയായും അദ്ദേഹത്തിന്റെ ശിഷ്യനായേനെ"" അടുത്ത രണ്ടു ദിവസം പേഴ്സി ഡേവിസിന്റെ അതിഥിയായി പടിഞ്ഞാറൻ ബ്രാഡ്ഫോർഡിലുള്ള ഹെയ്സ് ഗസ്റ്റ് ഹൗസിൽ താമസിച്ചു. ഗാന്ധിജിയുടെ വരവറിഞ്ഞ് എത്തിയ ലോകത്തിലെ വിവിധ പത്ര പ്രതിനിധികളോട് ഇന്ത്യക്ക് സ്വയം ഭരണം ലഭിക്കേണ്ട ആവശ്യത്തെക്കുറിച്ചും സ്വതന്ത്ര്യ ലബ്ധിക്ക് മുന്നോട്ടുള്ള നടപടികൾ ഇല്ലാതെ വിദേശവസ്ത്ര ബഹിഷ്കരണനിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരർത്ഥത്തിൽ തങ്ങളുടെ മാത്രം ആനുകൂല്യം മുൻനിർത്തിയുള്ള സാമ്പത്തിക വ്യാപാര ബന്ധങ്ങൾ നിലനിർത്തുക അസാദ്ധ്യമോ ദുഷ്കരമോ ആയിരിക്കും എന്ന വാസ്തവം ബ്രിട്ടീഷ് സാമ്രാജ്യത്തിന് ബോദ്ധ്യം വന്ന ചരിത്ര നിമിഷം കൂടിയാവാം ഇത്.
കാലത്തിന്റെ കണക്കിൽ
സ്പ്രിംഗ് വെയിൽ സ്റ്റേഷൻ 1958ൽ പ്രവർത്തനം നിറുത്തി. ഗാന്ധിജി സന്ദർശിച്ച ഗ്രീൻ ഫീൽഡ് മില്ലും ഇന്നില്ല. ഒരു നൂറ്റാണ്ടിലധികം പ്രായമുണ്ടെങ്കിലും ഗാർഡൻ വില്ലേജിലെ വസതികൾക്ക് കാലപ്പഴക്കം തോന്നിയില്ല. തുണി വ്യവസായം പഴങ്കഥയായപ്പോൾ ഇവിടെയൊക്കെ പുതിയ പൊറുതിക്കാരെത്തി. പഴയ തൊഴിലാളികളുടെ പിന്മുറക്കാരിൽ ചിലർ അവശേഷിക്കുന്നു. ഗാന്ധിജി താമസിച്ച കെട്ടിടത്തിന്റെ അടഞ്ഞുകിടക്കുന്ന വാതിലിന് മുന്നിൽ നിൽക്കുമ്പോൾ എതിർവശത്തുള്ള വൃദ്ധനായ അയൽക്കാരൻ സഹായത്തിനെത്തി. സ്വയം അവരോധിച്ച ഒരു ഗെയ്ഡിനെപ്പോലെ അദ്ദേഹം ആ പ്രദേശത്തിന്റെ ചരിത്രവും ഗാന്ധിജിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലവുമെല്ലാം വിവരിച്ചു. അദ്ദേഹത്തിന്റെ മുത്തശ്ശൻ സമീപത്തെ ഒരു മില്ലിലെ ജീവനക്കാരനായിരുന്നുവത്രെ. വല്ലപ്പോഴും ഗാന്ധിസത്തിലും ചരിത്രത്തിലും താല്പര്യമുള്ള ചിലർ തേടിപ്പിടിച്ച് എത്താറുണ്ട്. അപൂർവം ചില ഇന്ത്യക്കാരും.ഗാന്ധിജി ഇവിടെയെത്തിയിട്ട് ഈ മണ്ണിലൂടെ നടന്നിട്ട് ഒൻപതര ദശാബ്ദങ്ങൾ കഴിയുന്നു. ഡാർവെൻ എന്ന് സ്ഥലത്തെക്കുറിച്ച് വിക്കിപീഡിയയിൽ പരതിയപ്പോഴും ഈ ഗാന്ധിവിശേഷം തന്നെയാണ് അവിടെയും പ്രാധാന്യത്തോടെ കണ്ടത്. വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഈ ചെറിയ പട്ടണത്തിന്റെ പൂർവകാല പ്രതാപത്തിന്റെ ഏറ്റവും മഹത്തായി അടയാളപ്പെടുത്തുന്ന ഒരു ഏട്, കൊല്ലങ്ങൾക്ക് മുൻപ് മഹാത്മജി ഇവിടെ ചിലവിട്ട ചില മണിക്കൂറുകളാണ്!
ലേഖകന്റെ നമ്പർ
+91 9447341351, +44 7448426112
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |