
ഹിന്ദുവായി ജനിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ, ക്രിസ്തീയ ദർശനങ്ങളെ ഉൾക്കൊണ്ട് വിശ്വാസികളോട് സംവദിക്കുന്ന മുപ്പത്തിരണ്ട് പ്രഭാഷണങ്ങളുടെ സമാഹാരം 'ആദം നീ എവിടെ ആകുന്നു' സമൂഹത്തിന് നേരെയുള്ള കണ്ണാടികൂടിയാണ്. വേദനയും വെല്ലുവിളികളും മയക്കുമരുന്ന്, വംശഹത്യ, ന്യൂനപക്ഷ പീഡനങ്ങൾ, വർഗീയത തുടങ്ങിയവ ചൂണ്ടിക്കാണിക്കുന്നുണ്ട്. പരിഹാരമായി ബൈബിളിലെ യേശുവിന്റെ ഉദാത്ത സ്നേഹവും, സഹനമാർഗവും ഓർമിപ്പിക്കുന്നു. പരസ്‌പര വിശ്വാസത്തിന്റെ പ്രതീക്ഷകൾ ഉണർത്തിക്കൊണ്ട്, മുൻപേ നടന്ന മഹാരഥന്മാരെ അനുസ്മരിക്കുന്നുണ്ട്. ദൈവത്തിന്റെ നാമത്തിൽ മനുഷ്യ സേവനം നടത്തിയ പുരോഹിതരെ ഉൾപ്പെടെ ഉദാഹരിച്ചാണ് സതീശൻ പ്രഭാഷണങ്ങളിലൂടെ കടന്നുപോകുന്നത്.
യേശുദേവന്റെ വചനങ്ങൾ സന്ദർഭോചിതമായി പറഞ്ഞ് അതിന്റെ സമകാലിക പ്രസക്തിയും ഇപ്പോൾ ആ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളിയുമാണ് സതീശന്റെ ഓരോ പ്രഭാഷണങ്ങളുടേയും കാതൽ. ഫ്രാൻസിസ് മാർപ്പാപ്പ മുതൽ യുവാൽ നോവ ഹരാരിയും ടോണി ജോസഫും വരെയും കർദിനാൾ തിരുമേനി മുതൽ പുരോഹിത ശ്രേഷ്ഠർ വരെയും ഇടം പിടിക്കുന്നു. 'യുവതയെ കൊല്ലുന്ന ലഹരി' എന്ന പ്രസംഗത്തിലൂടെ വേദപുസ്തകത്തിലെ മുടിയനായ പുത്രന്റെ കഥ പറഞ്ഞ്, ഹിന്ദി സിനിമ താരം സഞ്ജയ് ദത്തിന്റെയും ക്രിക്കറ്റ് താരം ശിവരാമകൃഷ്ണന്റെയും, വിനോദ് കാംബ്ലിയുടേയും ഉദാഹരണങ്ങൾ നിരത്തി സമൂഹത്തെ ലഹരി മുക്തമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നു.
'പ്രാർത്ഥിക്കാനുള്ള അവകാശം' എന്ന പ്രസംഗത്തിലാകട്ടെ, ഡയാന രാജകുമാരിയുടെ കഥയിലൂടെ ഏകാന്തത, സ്നേഹശൂന്യത ഇവ ചെറുക്കേണ്ടതിനെപ്പറ്റി പറയുന്നു. 'ന്യൂനപക്ഷ സംരക്ഷണവും ഭരണഘടനയും' എന്ന പ്രസംഗത്തിൽ നെഹ്‌റുവിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സമകാലിക ന്യൂനപക്ഷ പ്രശ്‌നങ്ങളും രാജ്യത്താകമാനം ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റെ പുറത്തുള്ള കുറ്റ കൃത്യങ്ങളും സൂചിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളിൽ താനും ഉണ്ടാകുമെന്ന് വി.ഡി.സതീശൻ പറഞ്ഞു നിറുത്തുന്നു. മണിപ്പൂർ വംശഹത്യയും ഗ്രഹാം സ്റ്റൈൻസും, സ്റ്റാൻ സ്വാമിയുമൊക്കെ പ്രതിപാദന വിഷയമായിരിക്കുന്ന പ്രഭാഷണങ്ങളിൽ ന്യൂനപക്ഷങ്ങൾ പൊതുവെയും ക്രിസ്ത്യാനികൾ പ്രത്യേകിച്ചും നേരിടുന്ന വെല്ലുവിളികൾ കാണാം.
പക്ഷേ, അപ്പോഴും ബൈബിൾ ഉദ്ധരിച്ചുകൊണ്ടും ഗാന്ധിജിയെ സ്വാധീനിച്ച സി.എഫ്. ആൻഡ്രൂസ്, സ്റ്റാൻലി ജോൺസ് ഇവരെ ഉദാഹരിച്ചു കൊണ്ടും പ്രതീക്ഷയുടെ സൂര്യ കിരണങ്ങൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നു. 'മലയാളിയെ വെളിച്ചത്തിലേക്ക് നയിച്ച ബെഞ്ചമിൻ ബെയ്‌ലി' എന്ന പ്രസംഗം എടുത്തുപറയേണ്ടതാണ്. മലയാള ഭാഷയ്‌ക്കും,കേരളത്തിനും അദ്ദേഹം നൽകിയ അമൂല്യ സംഭാവനകളെ ഓർത്തെടുക്കുന്നു. കോട്ടയം നഗരവും ഈ പ്രസംഗത്തിൽ ഇടം പിടിക്കുന്നു. 'ഈ മനുഷ്യൻ നീതിമാനായിന്നു' എന്ന പ്രസംഗം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കൊടുക്കാവുന്ന വലിയ ബഹുമതിയാണ്.
അത്രക്ക് ആഴത്തിൽ ക്രിസ്തീയ ദർശനങ്ങളെ മനസിലാക്കിയ, അതിന്റെ പ്രായോഗിക നടപ്പാക്കൽ സ്വപ്നം കാണുന്ന, നല്ല വായനയുള്ള, ആശയങ്ങളിൽ പൂർണ വ്യക്തതയുള്ള ഒരാളിൽ നിന്ന് മാത്രം പ്രതീക്ഷിക്കാവുന്ന, അനുകരിക്കാനാവാത്ത അനുഭവ സാക്ഷ്യങ്ങൾ. സമുദായ മൈത്രി, ന്യൂനപക്ഷ സംരക്ഷണം, ഭരണഘടനാ അവകാശങ്ങൾ ഒക്കെ അവിടെ പ്രതിപാദന വിഷയങ്ങളാണ്. ആധുനിക മാനവിക മൂല്യങ്ങൾക്ക് നിരക്കാത്ത ഒരൊറ്റ കാര്യം പോലും പറയുന്നില്ല.
“ശ്രേഷ്ഠനായ ഒരു വ്യക്തി ചെയ്യുന്നത് ബാക്കിയുള്ളവർ പിന്തുടരുമെന്ന്” ഭഗവദ് ഗീത ഉദ്ധരിച്ചു കൊണ്ട്, പാഴ്സിയായി ജനിച്ച പ്രമുഖ അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ്. നരിമാൻ പാർലമെന്റിൽ പ്രസംഗിച്ചത് അദ്ദേഹത്തിന്റെ ആത്മ കഥയിലുണ്ട്. ഈ പുസ്‌തകത്തിലെ പ്രഭാഷണങ്ങൾ നടത്തിയ വി.ഡി. സതീശൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നുള്ളത്, സമാധാനപരമായ സഹവർത്തിത്വം, സഹനം, സ്നേഹം മുതലായ മഹത്തായ ആശയങ്ങൾക്ക് കേരളസമൂഹത്തിൽ കൂടുതൽ സ്വീകാര്യത നൽകാൻ വലിയ കാരണമാകട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |