അലിഗഢ്: സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിലും പ്രണയത്തിലുമാകുന്നവർ ധാരാളമുണ്ട്. ചിലപ്പോൾ ഈ പ്രണയങ്ങൾ അതിർത്തി കടന്നുപോകാറുമുണ്ട്. ഇത്തരത്തിൽ പ്രണയം തലയ്‌ക്കുപിടിച്ച് കാമുകിയെ കാണാൻ പാകിസ്ഥാൻ അതിർത്തി കടന്നുപോയ ഒരു ഇന്ത്യക്കാരനുണ്ട്. ഉത്തർപ്രദേശ് അലിഗഢ് സ്വദേശിയായ ബാദൽ ബാബുവാണ് ആ ചെറുപ്പക്കാരൻ.
അന്ന് അനധികൃതമായി അതിർത്തി കടന്ന് പാകിസ്ഥാനിലെത്തിയെങ്കിലും ബാദൽ ബാബുവിനെ കാമുകി തള്ളിപ്പറഞ്ഞു. പിന്നാലെ പാകിസ്ഥാൻ പൊലീസ് ഇയാളെ ജയിലിലാക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ബാദൽ ബാബുവിന്റെ ശിക്ഷാകാലാവധി കഴിഞ്ഞിരിക്കുകയാണ്. ശിക്ഷ കഴിഞ്ഞിട്ടും ബാദൽ ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകുന്നുവെന്ന് കാട്ടി ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
ഡൽഹിയിൽ തയ്യൽക്കാരനായി ജോലി ചെയ്‌തിരുന്ന ബാദൽ ബാബു ഫേസ്‌ബുക്കിലൂടെയാണ് പാകിസ്ഥാൻ സ്വദേശിനി സനയെ പരിചയപ്പെട്ടത്. ഇവരുടെ സൗഹൃദം വൈകാതെ പ്രണയമായി മാറി. 2024 ഓഗസ്റ്റിൽ പാകിസ്ഥാനിലേക്ക് കടക്കാൻ ബാദൽ ബാബു ആദ്യം ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് 2024 ഒക്‌ടോബർ 15ന് വിസയില്ലാതെ അതിർത്തി കടന്ന് യുവാവ് പാകിസ്ഥാനിലെത്തി. തിരിച്ചറിയൽ രേഖകളെല്ലാം വീട്ടിൽ ഉപേക്ഷിച്ചാണ് പോയത്. പക്ഷേ, ബാദലിനെ വിവാഹം കഴിക്കാൻ സന തയ്യാറായില്ല. തുടർന്ന് ബാദൽ പാകിസ്ഥാനിൽ തന്നെ ജോലി ചെയ്‌ത് താമസിക്കാൻ തീരുമാനിച്ചു. ഇതിനിടെ സ്വന്തം കുടുംബത്തെ ഇയാൾ ഫോണിൽ വിളിക്കുമായിരുന്നു.
പാകിസ്ഥാനിൽ ആട് മേയ്‌ക്കുന്ന ജോലിയാണ് ബാദൽ ചെയ്‌തിരുന്നത്. 2024 ഡിസംബർ 27ന് ആടുകളെ മേയ്‌ക്കുന്നതിനിടെ ബാദലിന്റെ സംസാര ശൈലിയിൽ സംശയം തോന്നിയ നാട്ടുകാർ പാകിസ്ഥാൻ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്‌തു. ഇതിനിടെ ബാദലിന്റെ ഒരു വീഡിയോയും പുറത്തുവന്നിരുന്നു. താൻ ഇപ്പോൾ മടങ്ങിവരില്ലെന്നും വിഷമിക്കേണ്ടെന്നും കുടുംബത്തോട് പറയുന്നതാണ് വീഡിയോ. താൻ മതം മാറിയെന്നും ബാദൽ പറയുന്നുണ്ടായിരുന്നു. അഭിഭാഷകർ വഴി വീഡിയോ കോളിലൂടെയാണ് ഇയാൾ സംസാരിച്ചത്. നിലവിൽ ലാഹോറിലെ കോട്ട് ലഖ്‌പത് ജയിലിൽ കഴിയുന്ന ബാദൽ ബാബുവിനെ മോചിപ്പിക്കാൻ അലിഗഢ് എംപി സതീഷ് ഗൗതം വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
An Indian man, Badal Babu from Aligarh, illegally crossed into Pakistan to meet a woman he befriended on social media. The woman rejected him, and Pakistani police subsequently arrested him for illegal entry. After serving his sentence in Lahore, his family reports delays in his repatriation. Aligarh MP Satish Gautam has written to the Ministry of External Affairs seeking his release.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |