SignIn
Kerala Kaumudi Online
Saturday, 23 May 2026 7.09 PM IST

രചനയുടെ രസതന്ത്രം

s

എടാട്ട് ശങ്കരമേനോൻ ആയ ഞാൻ ഭാരതത്തിന്റെ വ്യവസ്ഥാപിതമായ ഭരണഘടനയോടുള്ള കൂറും വിശ്വാസവും ഉയർത്തിപ്പിടിക്കുമെന്നും,​ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തു സൂക്ഷിക്കുമെന്നും...

വാതിലിൽ ശക്തമായ മുട്ടു കേട്ട് ശങ്കരമേനോൻ ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റു. കണ്ടത് സ്വപ്നമോ സത്യമോ? എന്ന് മനസിലാക്കിയെടുക്കുന്നതിനു മുമ്പ് വീണ്ടും മുട്ട്. വാതിൽ തുറന്നപ്പോൾ തോഴനും സതീർത്ഥ്യനുമായ ചെറാപ്പിള്ളി ഗോവിന്ദക്കുറുപ്പ് മുമ്പിൽ!

'എടോ മേൻന്നേ... വീട്ടിലെ വൈൽ കഴിഞ്ഞിരിക്കുന്നു. നാൽക്കാലികൾക്ക് കൊടുക്കാൻ വൈക്കോൽ വേണം."- കുറുപ്പ് ആഗമനോദ്ദേശ്യം വെളിവാക്കി. നിരാശയുടെ ഗർത്തത്തിൽ വീണുപോയ മേനോൻ, കുറുപ്പ് പറഞ്ഞതൊന്നും കേട്ടില്ല. സ്വപ്നവലയത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയാത്ത ശങ്കരമേനോൻ ആത്മഗതമെന്നവണ്ണം ഉച്ചരിച്ചു- സുകൃതക്ഷയം! അരമിനിറ്റ് കൂടി കിട്ടിയിരുന്നുവെങ്കിൽ താൻ മന്ത്രിയായേനെ.

എല്ലാത്തിനും വേണം യോഗം!

ഗ്രാമത്തിലെ നായർ പ്രമാണിമാരാണ് ഇരുവരും. ധനാഢ്യർ. ആവശ്യത്തിലേറെ ഭൂസ്വത്ത്, സമ്പത്ത്.

ശങ്കരമേനോന് വയസ് 72. മുപ്പത്തിരണ്ടു വർഷമായി തുടർച്ചയായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഒരിക്കൽപ്പോലും ജയിച്ചില്ല. മേനോന് ആകട്ടെ,​ ജനങ്ങൾക്കു തന്നെ ആവശ്യമുണ്ടെങ്കിൽ ജയിപ്പിക്കട്ടെ എന്ന താത്വികമായ നിലപാടാണ്! അത്യാവശ്യം ഇംഗ്ലീഷ് വായിക്കാനറിയാം. ഇംഗ്ലീഷ് പത്രം വരുത്തുന്നുമുണ്ട്.

മേനോൻ പൂമുഖത്ത് ചാരുകസേരയിൽ ഇരിക്കുമ്പോൾ പടി കടന്ന് ആരെങ്കിലും വന്നാൽ ഉടൻ ഇംഗ്ലീഷ് പത്രം കൈയിലെടുത്ത്,​ ആഴത്തിലുള്ള വായനയിൽ മുഴുകും. ഒരാൾ വന്നു എന്ന ഭാവമേ നടിക്കില്ല. ആഗതന്റെ

ബുധശുക്രയോഗം തെളിയുമ്പോൾ മേനോന്റെ ദൃഷ്ടിപഥത്തിൽ തെളിയും: 'ക്ഷമിക്കണം; വന്നത് അറിഞ്ഞില്ല, കയറിയിരിക്കൂ..."

പിന്നെ ലോഹ്യം പറച്ചിലായി,​ ചോദ്യങ്ങളായി...- കൃഷിയും കാര്യങ്ങളുമൊക്കെ വെടിപ്പായി നടക്കുന്നില്ലേ? ഇത്തവണ പൂരവും വേലയും കെങ്കേമമല്ലേ? ഒടുവിൽ,​ ആഗതൻ പൊയ്ക്കഴിഞ്ഞാണ് മേനോനു മനസിലായത്,​ താൻ അത്രനേരവും ഇംഗ്ളീഷ് പത്രം പിടിച്ചിരുന്നത് തലതിരിച്ചാണ്!

സമ്പത്തിന്റെ കാര്യത്തിൽ ഗോവിന്ദക്കുറുപ്പാണ് ലേശം മുന്നിൽ. എഴുത്തും വായനയും തീരെ അറിയില്ല. ആകെ അറിയാവുന്നത് കാശു വച്ചുള്ള ചീട്ടുകളിയാണ്. അതിൽ കാശ് പോയിട്ടുള്ളതല്ലാതെ കിട്ടിയ ചരിത്രമില്ല! സമ്പത്തിൽ മുന്നിലാണെങ്കിലും പ്രശസ്തി തീരെ ഇല്ലാത്തതിൽ കുറുപ്പ് അസ്വസ്ഥനാണ്. മേനോനുള്ള ഖ്യാതിയും ഇംഗ്ലീഷിലെ അല്പജ്ഞാനവും കുറുപ്പിനെ അലോസരപ്പെടുത്തുന്നുമുണ്ട്. രണ്ടു പേർക്കും വ്യക്തമായ അജണ്ടയുണ്ട്! മേനോന് ഒരു ദിവസത്തേക്കെങ്കിലും മന്ത്രിയായേ പറ്റൂ. കുറുപ്പിനാകട്ടെ,​ എങ്ങനെയെങ്കിലും ഒന്നു പ്രശസ്തനായിക്കിട്ടിയാൽ മതി.

വൈക്കോൽ വലിച്ചെടുക്കുന്നതിനിടയിൽ മേനോൻ കുറുപ്പിനോടു ചോദിച്ചു: 'എടോ,​ പുലർകാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നു പറയുന്നത് സത്യമാണോ?" പ്രതീക്ഷാനിർഭരമായ മേനോന്റെ ചോദ്യം കേട്ടപ്പോൾ,​ നിരാശപ്പെടുത്തണ്ട എന്നു കരുതി കുറുപ്പ് പറഞ്ഞു: 'ന്താ സംശയം? ഉറപ്പല്ലേ!" അതു കേട്ട് മേനോന്റെ മുഖം ചെന്താമരയായി വിടർന്നു.

'ഞാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ടിരുന്നതിനിടയിലാണ് താൻ വന്ന് തട്ടിവിളിച്ചത്." കാര്യത്തിന്റെ ഏകദേശ രൂപം മനസിലാക്കിയ കുറുപ്പിന് ഒരു കാര്യം വ്യക്തമായി- മേനോൻ മന്ത്രിയായേ അടങ്ങൂ!

'മന്ത്രിയാവണംന്ന് തനിക്കെന്താ മേൻന്നേ ഇത്ര താത്പര്യം?​" കുറുപ്പ് ചോദിച്ചു.

"കുറുപ്പേ, ഈ ലോകത്തെ ഏറ്റവും മനോഹരവും മഹനീയവുമായ ഒന്നാണ് മന്ത്രിപ്പണി. ആരോടും കാര്യമായ ഉത്തരവാദിത്വമില്ല. കാര്യമായ വിദ്യാഭ്യാസം വേണ്ട. സ്റ്റേറ്റ് കാറിൽ സുഖമായി നാടുചുറ്റാം. വാനോളം പ്രശസ്തി. ആവശ്യത്തിലേറെ ശേവുകക്കാർ, ഭൂതഗണങ്ങൾ. പോലീസ് അകമ്പടി... കാര്യങ്ങൾ ഉദ്യോഗസ്ഥർ നോക്കിക്കോളും. പറ്റിയാൽ ശ്ശി ദമ്പിടി തരാക്കുകയും ചെയ്യാം."

അതൊക്കെ കേട്ട് കുറുപ്പും വികാരനിർഭരനായി. ആവേശത്താൽ കുറുപ്പ് ഉടവാൾ എടുക്കുന്നതായി ഭാവിച്ചു:

'പെരിങ്ങോട്ടുകര കാവിലമ്മയാണെ സത്യം. തന്നെ മന്ത്രിയാക്കി വാഴിച്ചിട്ടേ കുറുപ്പ് ഈ ഉടവാൾ ഉറയിലിടൂ."

മേനോൻ കുറുപ്പിനെ ഗാഢമായി പുണർന്നു. തനിക്കു വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്? പൊതുവെ ലോലഹൃദയനായ മേനോൻ കുറുപ്പിനോടു ചോദിച്ചു. ഒറ്റ ശ്വാസത്തിലായിരുന്നു,​ കുറുപ്പിന്റെ മറുപടി- 'എനിക്ക് പ്രശസ്തനാവണം. താൻ സഹായിക്കണം."

മേനോൻ ഗാഢമായി ചിന്തിച്ചു. തന്നെ മന്ത്രിയാക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന സതീർത്ഥ്യൻ. അയാൾ തന്നോട് ഒരു സഹായം ചോദിച്ചിരിക്കുന്നു. താനല്ലാതെ അയാൾക്ക് ആരുണ്ട്?- 'വഴിയുണ്ട് കുറുപ്പേ. തന്നെ പ്രശസ്തനാക്കുന്ന കാര്യം ഞാൻ ഏറ്റിരിക്കുന്നു!"

'പക്ഷേ,​ എങ്ങനെ മേൻന്നേ?"​- കുറുപ്പിന് സംശയം. കുറുപ്പ് ഐഡിയ പറഞ്ഞുകൊടുത്തു: 'താൻ ഒരു പുസ്തകമെഴുതൂ. വരുംകാലത്ത് പ്രശസ്തനാവാൻ പുസ്തക രചനയാണ് ഉത്തമം!"

കുറുപ്പിന്,​ തലച്ചോറിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോകുന്നതായി തോന്നി. മലയാളത്തിലെ മുഴുവൻ അക്ഷരങ്ങൾ പോലും അറിഞ്ഞുകൂടാത്ത തന്നോടാണ് പുസ്തകം എഴുതണമെന്ന് പറയുന്നത്. ആകെ അറിയാവുന്നത് പശുവിനെ കറക്കാനും കാശ് വച്ച് ചീട്ടു കളിക്കാനുമാണ്.

അസ്തപ്രജ്ഞനായി നിൽക്കുന്ന കുറുപ്പിനോട് മേനോൻ പറഞ്ഞു: 'താൻ തുടങ്ങിക്കോളൂ. അടുത്ത ഞാറ്റുവേലയ്ക്കു മുമ്പ് പണി തീർക്കണം. ഇത്തിരി ഉത്സാഹിച്ചാൽ ആർക്കും നടത്താവുന്നതാണ് പുസ്തകരചന."

രക്ഷപ്പെടാൻ കുറുപ്പ് ഒരു മറുവിദ്യ പ്രയോഗിച്ചു- 'മേൻന്നേ... പുസ്തകമെഴുതി എനിക്ക് അശേഷം ശീലമില്ല. നമുക്ക് രണ്ടുപേർക്കും ചേർന്ന് എഴുതിയാലോ. ചുളുവിൽ തനിക്കും കിട്ടുമല്ലോ പ്രശസ്തി!" പക്ഷേ,​ ആ ചൂണ്ടയിൽ മേനോൻ കൊത്തിയില്ല. മാത്രമല്ല; ചുളുവിൽ എന്ന പ്രയോഗം തീരെ ഇഷ്ടപ്പെട്ടുമില്ല. പക്ഷേ,​ മന്ത്രിപദം ചിന്തയിൽ വന്നതുകൊണ്ട് അനിഷ്ടം പ്രകടിപ്പിച്ചില്ല.

'കുറുപ്പേ... രചന എന്നത് എഴുത്തുകാരന്റെ മൗലികമായ ചിന്തയുടെയും ഭാവനയുടെയും സർഗാത്മക സൃഷ്ടിയാണ്. രണ്ടുപേർ ചേർന്ന് എഴുതാൻ പറ്റിയതല്ല പുസ്തകം. തനിക്ക് നിർബന്ധമായതുകൊണ്ട് ഒരു രഹസ്യം പറഞ്ഞു തരാം. ഞാനെഴുതിയ 'രാമചരിതമാനസം" താൻ വായിച്ചിട്ടുണ്ടോ? ഞാൻ പുസ്തകമെഴുതുന്ന വിദ്യ പറഞ്ഞു തരാം. പറയുമ്പോലെ ചെയ്യുക."

കൃത്യം ഒന്നര മിനിറ്റ് മാത്രം നീണ്ട ഒരു രഹസ്യം മേനോൻ കുറുപ്പിന് കൈമാറി. രഹസ്യം ശ്രവിച്ച കുറുപ്പ് വൈക്കോലിന്റെയും പശുവിന്റെയും കഥ മറന്ന് വീട്ടിലേക്ക് ഓടി. പിന്നെ നടന്നതെല്ലാം ചരിത്രരേഖകളായി നിലവിലുണ്ട്. എത്രയെത്ര പുസ്തകങ്ങൾ കുറുപ്പിന്റേതായി രചിക്കപ്പെട്ടു. മലയാള നോവൽ പ്രസ്ഥാനം തന്നെ ഗോവിന്ദക്കുറുപ്പിന് മുമ്പും ശേഷവും എന്ന രീതിയിൽ വിഭജിക്കപ്പെട്ടു.

മലയാള സാഹിത്യത്തിന്റെ ചരിത്രം തിരുത്തിയ ഒന്നര മിനിറ്റ് നീണ്ടുനിന്ന ആ രഹസ്യം ഇന്നും അജ്ഞാതമായി തുടരുന്നു. അപ്പോഴും വൈക്കോൽ കിട്ടാതെ കുറുപ്പിന്റെ പശു അമറിക്കൊണ്ടേയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KATHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY