
ഓർക്കാനിഷ്ടമില്ലൊട്ടുമേ,
ഓർക്കാതിരിക്കാനുമാവുന്നില്ല
കണ്ണടച്ചിരുന്നാലും കൺമുന്നിൽ
തെളിഞ്ഞീടുന്നോരോന്നുമനുനിമിഷം
തുരു തുരാ യുദ്ധകഥകൾ ശ്രവിച്ചീടവേ
അരുതേ, അരുതരുതേയൊരിക്കലും
നേരായ് പുലരുകയെന്ന് പരിജ്ഞേയരാകണം
അശാമ്യമാം അശാന്തിയെങ്ങുമേ,
അവിഷഹ്യമാം യുദ്ധത്തിനൊപ്പമേ പടർന്നീടുന്നു
ആർദ്റനയനങ്ങൾ തുടയ്ക്കാനാവാതെ,
വിറങ്ങലിക്കുമീ ഹൃദയവുമായ് കേഴുന്നു.
കണ്ണീരായുരുകിത്തീരേ വര-
ല്ലെന്നോർക്കണം നാം കാലേതന്നെ.
അർത്ഥശങ്ക കൂടാതെ ചൊൽക-
യുദ്ധമേ, നീ മടങ്ങുക മരണം വരിക്കാതെ.
മാനവരാശിക്ക് വിപത്ത് വിതച്ചിട്ട്
മദമിളകി ഉല്ലസിക്കുകയാണോ?
വരും നാളുകളെ നിനച്ച് നുറുങ്ങീടുന്നു ഹൃദയം
മനുഷ്യത്വമാം ബോംബേറുക നാം
വെള്ളരിപ്രാവുകൾ ചിറക് വിരിക്കട്ടെ!
സ്ഫോടനാത്മകമാം ഗർജ്ജനത്താൽ
ഹൃത്തടം തുടിച്ചീടുന്നു സദാ
വയ്യയിനിയുമീ ധരണിയിലിമ്മട്ടിൽ
പായിക്കുക കൂരിരുട്ടിനെ ഗർത്തങ്ങളിലേക്ക്
വെളിച്ചത്തെ മാടിമാടി വിളിച്ചീടാം.
കുഞ്ഞിളംമേനിയിൽ കിനിയുമീ
രക്തവുമായ് മൺമറഞ്ഞയാ-
പിഞ്ചോമനകളെയോർത്താൽ!
വെടിക്കോപ്പുകൾക്ക് കാവലിരുന്ന്
ഭൂവൊരു ശ്മശാനമായ് പരിണമിച്ചീടിനാൻ
പലവട്ടമുരചെയ്തീടിലു-
മാത്മവഞ്ചന തകൃതിയിലാണ്ട് തുടരെതുടരെ
സ്വപ്നങ്ങൾ ചിറകറ്റു വീഴുന്നു,
അശ്മഹൃദയനാം നരാധമന്മാർ
വിഭ്രാന്തിയിലാഴ്ത്തി മനുഷ്യരാശിയാകമാനം
ആദിയുമന്തവുമില്ലാതെയവറ്റകൾ
കിനാവുണർത്താൻ അതിമോഹത്തിൽ മുങ്ങി
ഹന്ത! കഷ്ടമീ പ്രപഞ്ചം.
കത്തിജ്ജ്വലിക്കുമീ രണഭൂമിയിൽ ഉഴലുന്നു
സുവർണ്ണഭൂമിയിലേക്ക് കണ്ണുംനട്ടിരിപ്പായ്
കായേന, വാചാ, മനസാ നരാഭോഗം
യുദ്ധമെന്നതൊന്നിനുമറുതിയില്ലെന്നിരിക്കേ,
വർത്തിക്കട്ടെ, കൽപ്പാന്തകാലത്തോളം സമാധാനം!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |