
പലായനം, മനുഷ്യനാഡികളിൽ നിന്ന് ഭൂപട വേരുകളിലേക്ക് ആഴ്‌ന്നിറങ്ങുന്ന ജീവിതയാത്രയുടെ ദൈർഘ്യമാണ്. ഭക്ഷണത്തിന് വേണ്ടി, തൊഴിലും സുരക്ഷയും തേടി, സുസ്ഥിരവും മെച്ചപ്പെട്ട ജീവിത നിലവാരവുമാഗ്രഹിച്ച് മനുഷ്യൻ അതിർത്തികൾ മറികടക്കുമ്പോൾ, അവിടെ പ്രവാസി ജനിക്കുന്നു, ഈ പ്രവാസിജീവിതത്തിന്റെ അന്ത:സത്തയിൽ അലിഞ്ഞുചേർന്ന സാംസ്‌കാരിക, രാഷ്ട്രീയ, സാഹിത്യ ചോദനകളെ തൊട്ടുണർത്തിയ, അവയ്ക്ക് വാക്കുകളുടെ ഓർമ്മച്ചെപ്പാവുന്ന രചനയാണ് സാം പൈനുംമൂട് എഴുതിയ പ്രവാസത്തിന്റെ നാല്‌പതാണ്ടുകൾ. നാല് പതിറ്റാണ്ടുകൾ നീണ്ട മണലും, വരണ്ട കാറ്റും അംബരചുംബികളായ കൂറ്റൻ കെട്ടിട നഗരികളും തിങ്ങിനിൽക്കുന്ന ഗൾഫ് സ്‌മരണകളിൽ നിന്ന് ജീവിതത്തെയടർത്തിയെടുക്കാനുതകുന്ന ശ്രമങ്ങളിൽ, പ്രവാസിയുടെ കണ്ണീരിനും കിനാവുകൾക്കുംമീതെ, ചരിത്ര, സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പാളികളും ഗ്രന്ഥകാരൻ പടർത്തുന്നു, ഇതിൽ മാനുഷിക മൂല്യങ്ങളുടെ ഉൾത്തുടിപ്പുകളും, നഷ്ടസ്വപ്നങ്ങളുടെ വേദനയും, പ്രവാസ ജീവിതത്തിന്റെ വിശ്വാസവും, മണൽക്കാറ്റിൽ വരണ്ടുപോയ പുഞ്ചിരികളും പ്രതിധ്വനിക്കുന്നു.
മണലാരണ്യങ്ങളുടെ മരുപ്പച്ചയിൽ ജീവിതങ്ങൾ മൊട്ടിടുമ്പോൾ, വരണ്ട് മണ്ണ് കൂനക്കുള്ളിൽ ചുരുണ്ടുകൂടുന്ന പ്രവാസിയുടെ മനസിന്റെ മരുഭൂമികളെ വിശദീകരണവും, വിശകലനവും ചാലിച്ച രചനാകൗശലത്തിലും വിഷയഗാംഭീര്യം തുളുമ്പുന്ന ഭാഷാവൈഭവത്തിലും പുസ്‌തകം വർണ്ണിക്കുന്നു, കേവലം ആത്മകഥയുടെയോ, യാത്രാവിവരണത്തിന്റെയോ ഓർമ്മക്കുറിപ്പുകളുടെയോ വെറുമൊരുവശത്ത് ഒതുങ്ങിനിൽക്കാതെ, 'പ്രവാസം ബൈബിളിൽ" എന്ന ലേഖനത്തിൽ തുടങ്ങി 'അധിനിവേശം സർഗ്ഗാത്മകമാക്കിയ അറബ് നോവൽ സാഹിത്യം" വരെ നീണ്ട 40 അദ്ധ്യായങ്ങളിൽ അധിനിവേശവും ആവാസവും ഗവേഷണാംശം ഉൾച്ചേർന്ന അനുഭവസാഹിത്യമായി പരിണമിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |