SignIn
Kerala Kaumudi Online
Tuesday, 04 August 2026 12.06 PM IST

'കോടികൾ സമ്പാദ്യമുള്ള മലയാളികളുടെ പ്രിയനടൻ, ഇന്ന് ഒറ്റപ്പെട്ട് വൃദ്ധസദനത്തിൽ; 10 ലക്ഷം ശമ്പളമുള്ള മകൻ പോലും തിരിഞ്ഞുനോക്കുന്നില്ല'

-alleppey-ashraf
ആലപ്പി അഷ്റഫ്

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ മോഹൻ ശർമയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ കുറച്ചുദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മോഹൻ ശ‌ർമ ഇപ്പോൾ ഒറ്റപ്പെട്ട് വൃദ്ധസദനത്തിൽ കഴിയുകയാണെന്ന വാർത്തയാണ് പുറത്തുവന്നത്. മോഹൻ ശർമയുടെ ദയനീയാവസ്ഥ വിവരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ മോഹൻ ശർമയുടെ ജീവിതത്തിൽ സംഭവിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം മോഹൻ ശർമയുടെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു കാലത്ത് ജനഹൃദയങ്ങൾ കീഴടക്കിയ നായകനും കോടീശ്വരനുമായ മോഹൻ ശർമ ഇന്ന് മരുന്ന് വാങ്ങാൻ പോലും കാശില്ലാതെ വൃദ്ധസദനത്തിൽ കഴിയുകയാണെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.

'തമിഴ്‌നാട്ടിലെ നന്ദിയമ്പാക്കത്തുള്ള വൃദ്ധസദനത്തിലാണ് മോഹൻ ശർമ കഴിയുന്നത്. മോഹൻ ശർമയുടെ മകൻ ജർമനിയിൽ 10 ലക്ഷത്തോളം ശമ്പളം വാങ്ങി കഴിയുകയാണ്. തന്റെ മകനെ മാത്രമല്ല തന്റെ ആദ്യഭാര്യയുടെ മകളെയും വളർത്തിവലുതാക്കിയത് മോഹൻ ശർമയാണ്. പക്ഷേ ഈ കാര്യങ്ങളൊന്നും അദ്ദേഹം ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. മോഹൻ ശർമയുടെ ആദ്യ ഭാര്യയായ നടി ലക്ഷ്മി അഭിനയിക്കാൻ പോകുമ്പോൾ അവരുടെ മകളായ ഐശ്വര്യയെ നോക്കിയത് മോഹനാണ്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം കണ്ട ആളാണ് ഞാൻ. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് കേൾക്കുമ്പോൾ ഞെട്ടലും സങ്കടവുമാണ് തോന്നുന്നത്.

ചെന്നൈയിലെ പോയസ് ഗാർഡനിൽ താമസിക്കുന്നവർ വലിയ ഉന്നതിയിൽ ഉള്ളവരാണ്. അവിടെ മോഹനും സ്വന്തമായി ഒരു ഫ്ലാറ്റ് ഉണ്ടായിരുന്നു. അവിടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിർദേശപ്രകാരമാണ് ആ ഫ്ലാറ്റ് വാങ്ങിയതെന്ന് പണ്ട് മോഹൻ തന്നെ പറഞ്ഞിട്ടുണ്ട്. മോഹനന് ഇതെല്ലാം നഷ്ടപ്പെടാൻ കാരണം അദ്ദേഹം നല്ല സിനിമയെ സ്‌നേഹിച്ചതുകൊണ്ടാണ്. മദ്യപാനമോ പുകവലിയോ അദ്ദേഹത്തിന് ഇല്ലായിരുന്നു. വിവിധ ഭാഷകളിലായി 100ഓളം ചിത്രങ്ങളിൽ മോഹൻ നായകനായി അഭിനിയിച്ചിട്ടുണ്ട്.

കൂടാതെ 50 ഓളം ചിത്രങ്ങളിൽ പ്രതിനായകനായും അഭിനയിച്ചു. കൂടാതെ ഗായകൻ,​ കഥയെഴുത്ത്,​ സംവിധാനം,​ നിർമാണം തുടങ്ങിയ മേഖലയിലും കൈയൊപ്പ് പതിപ്പിച്ചു. നടി ലക്ഷ്മിയെ മോഹൻ വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യം അധികനാൾ നിലനിന്നില്ല. പിരിയാനുള്ള കാരണം പോലും അദ്ദേഹം പുറത്തുപറഞ്ഞിട്ടില്ല.

mohan-sharma
മോഹൻ ശർമ

രണ്ടാം വിവാഹത്തിലാണ് മോഹന് ഒരു മകൻ ഉണ്ടായത്. ആ ബന്ധവും വേർപിരിഞ്ഞതായി പറയുന്നു. എന്നാൽ മകന് ജർമനിയിൽ ജോലി ഉണ്ടെന്നും എന്നെ നോക്കാൻ എങ്ങനെ അവൻ ആ ജോലി ഉപേക്ഷിച്ച് വരുമെന്നും മോഹൻ തന്നെ ചോദിച്ചിട്ടുണ്ട്. പക്ഷേ മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത പിതാവിന് ആ മകൻ എന്തുകൊണ്ട് പണം നൽകുന്നില്ല എന്ന കാര്യം ചിന്തിക്കണം. എന്നാൽ മോഹന്റെ അവസ്ഥ കേട്ട രജനികാന്ത് ഉൾപ്പടെയുള്ള നടന്മാർ സഹായിക്കുന്നുണ്ടെന്നാണ് വിവരം.

സിനിമ എടുത്ത് വീടും സ്വത്തും നശിപ്പിച്ചതുകൊണ്ടാവാം ഒരുപക്ഷേ മകൻ സാമ്പത്തികമായി സഹായം ചെയ്യാത്തത്. എന്തായാലും സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. മോഹൻ ശർമയുടെ സാമ്പത്തിക അടിത്തറ ഇളകാൻ കാരണമായത് 'നമ്മ ഗ്രാം' എന്ന ചിത്രമാണ്. ചിത്രം നാഷണൽ അവാർഡ് നേടിയെങ്കിലും പടം തിയേറ്ററിൽ വീണുടഞ്ഞു. ഇതാണ് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്'- ആലപ്പി അഷ്റഫ് വ്യക്തമാക്കി.

English Summary

Veteran actor Mohan Sharma, once a popular star among Malayali audiences, is now reportedly living in an old-age home in Tamil Nadu, according to filmmaker Alappi Ashraf. In a YouTube video, Ashraf claimed that the actor, who was once financially well-off and owned property in Chennai, is now struggling to afford medicines.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHAN SHARMA, MOHAN SHARMA OLD AGE HOME, MOHAN SHARMA LATEST NEWS, ALLEPPEY ASHRAF NEW VIDEO, ALLEPPEY ASHRAF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY