
ആലപ്പുഴ : വള്ളികുന്നത്ത് രണ്ടിടത്ത് നിന്ന് മൂർഖൻ പാമ്പുകളെ പിടികൂടി.
രണ്ടാം വാർഡിൽ കട്ടാണപ്പള്ളിൽ പ്രകാശിന്റെയും നാലാം വാർഡിൽ പെരുമ്പലത്ത് രാജീവിന്റെയും വീട്ടുപരിസരത്ത് നിന്നാണ് സർപ്പറസ്ക്യൂ വോളന്റിയർമാർ മൂർഖനെ പിടികൂടിയത്.
പ്രകാശിന്റെ വീട്ടിലെ വിറകുപുരയിൽ നിന്ന് പിടികൂടിയ മൂർഖൻ സമീപത്തെ കോഴിക്കൂട്ടിലെ മൂന്നു കോഴികളെ കൊന്നു. രാത്രി ഒരുമണിക്കൂറിലേറെ വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ മൂർഖനെ സർപ്പറസ് ക്യൂ അംഗം ഹരിപ്പാട് സ്വദേശി ചാർലി വർഗീസ് പിടികൂടിയതോടെയാണ് ആശ്വാസമായത്. തിങ്കളാഴ്ച രാത്രി വീട്ടിലെ വിറക് പുരയ്ക്ക് സമീപം കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് പ്രകാശിന്റെ മകളെത്തി നോക്കുമ്പോഴാണ് വിറകുപുരയിലേക്ക് പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. അയൽവാസിയും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്രി ചെയർമാനുമായ മൻസൂറിനെ വിവരം അറിയിക്കുകയും, അദ്ദേഹം ആളെക്കൂട്ടിയെത്തിയപ്പോഴാണ് മൂന്നുകോഴികൾ പാമ്പ് കടിയേറ്റ് ചത്തതായും കോഴികുഞ്ഞുങ്ങളെ വിഴുങ്ങിയതായും മനസിലാക്കിയത്. ഇതിനിടെ,വള്ളികുന്നം പൊലീസെത്തി. റസ്ക്യൂ വോളന്റിയർ ചാർലിയെത്തി പരിശോധനയിലാണ് വിറകുപുരയിലെ ചാക്കിനുള്ളിൽ നിന്ന് മൂർഖനെ കണ്ടെത്തിയത്. തുടർന്ന് മൂർഖനെ കൂട്ടിലാക്കി വനത്തിൽ കൊണ്ടുവിട്ടു.
ഇന്നലെ രാവിലെയാണ് രാജീവിന്റെ വീട്ടിൽ മൂർഖനെ കണ്ടത്. വീടിന് മുന്നിലേക്ക് പാമ്പ് ഇഴഞ്ഞുവരുന്നത് കണ്ട വഴിയാത്രക്കാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രാജീവും അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിൽ വീടിന് മുൻവശത്തെ ചെടികൾക്കും കൽക്കെട്ടിന്റെയും ഇടയ്ക്കുള്ള വിടവിൽ പാമ്പിനെ കണ്ടെത്തി. തുടർന്ന് സർപ്പറസ്ക്യൂ വോളന്റിയറായ ചക്കുവള്ളി സ്വദേശി അനിലെത്തി പിടികൂടുകയായിരുന്നു. രണ്ട് ദിവസം മുമ്പ് നാലാം വാർഡിലെ മറ്റൊരുവീട്ടിലും മൂർഖനെകണ്ടെത്തിയിരുന്നു. സർപ്പ റസ്ക്യൂ അംഗങ്ങളെത്തിയപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |