SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ജില്ലയിലാകെ അലയടിച്ച് സുധാകരൻ ഫാക്ടർ

ആലപ്പുഴ: കറകളഞ്ഞ കമ്മ്യൂണിസ്റ്റ്, അഴിമിതി രഹിതൻ, ജനകീയൻ തുടങ്ങിയ ഇമേജുകളിൽ തിളങ്ങുന്ന ജി.സുധാകരൻ സി.പി.എം ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചത് ഇടതുമുന്നണിക്ക് കടുത്ത പ്രഹരമായി. കൈയിലിരുന്ന അമ്പലപ്പുഴയ്ക്ക് പുറമേ സമീപ മണ്ഡലങ്ങൾ കൂടി പിടിച്ചെടുക്കാൻ സുധാകരൻ ഫാക്ടർ യു.ഡി.എഫിനെ സഹായിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

പരസ്യ പിന്തുണ നൽകിയ യു.ഡി.എഫ് ഉഷാറാക്കിയ പ്രചരണത്തിനപ്പുറം പൊതുയോഗങ്ങളോ, വീടുവീടാന്തരം കയറിയുള്ള പ്രചരണങ്ങളോ സുധാകരൻ പ്രചരണ മാർഗ്ഗമാക്കിയിരുന്നില്ല. എം.എൽ.എയും മന്ത്രിയുമായിരുന്ന കാലയളവിൽ താൻ നടത്തിയ വികസന പ്രവ‌ർത്തനങ്ങൾ വോട്ടായി മാറുമെന്ന ആത്മവിശ്വാസമാണ് സുധാകരന് കരുത്തു നൽകിയത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ ശരിവയ്ക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ഇടതുകോട്ടകളെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളിൽ പോലും പാർ

ട്ടി വോട്ടുകളിൽ വിള്ളൽ വീണു.

പരസ്യമായി സുധാകരനെതിരെ പ്രതിഷേധ പ്രകടനത്തിന് ഇറങ്ങിയവർ പോലും രഹസ്യമായി സുധാകരനെ അനുകൂലിച്ചുവെന്നാണ് വ്യക്തമാകുന്നത്. സ്ത്രീ വോട്ടർമാരിൽ നിന്നും നല്ല പിന്തുണ ലഭിച്ചു. ഇന്നലെ അതിരാവിലെ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം വോട്ടെണ്ണൽ കേന്ദ്രമായ എസ്.ഡി കോളേജിൽ സുധാകരനെത്തിയിരുന്നു. പോസ്റ്റൽ വോട്ടെണ്ണൽ ആരംഭിച്ചതോടെ വീട്ടിലേക്ക് മടങ്ങി. സ്വീകരണ മുറിയിൽ അടുപ്പക്കാർക്കൊപ്പം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്ന സുധാകരൻ ഇ.വി.എം വോട്ടുകളിൽ വ്യക്തമായ ലീഡ് നേടിയ ശേഷമാണ് ടിവിയിൽ ഫലം വീക്ഷിക്കാൻ ആരംഭിച്ചത്. ലീഡിൽ വ്യക്തത വന്നതോടെ ഭാര്യ ജൂബിലി നവപ്രഭ മുത്തം നൽകി മധുരം പങ്കുവെച്ചു. പന്ത്രണ്ട് മണിയോടെ അമ്പലപ്പുഴയിലെത്തി പ്രവർത്തകർക്കൊപ്പം ആഹ്ലാദപ്രകടനത്തിൽ പങ്കുചേർന്നു. ഉച്ചയോടെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിക്കുന്ന വേളയിൽ വിജയാശംസകളുമായി നിരവധി കോൺഗ്രസ് പ്രവർത്തകരും വോട്ടർമാരും വീട്ടിലെത്തിയിരുന്നു. എല്ലാവർക്കും മധുരം വിതരണം ചെയ്തും, മാദ്ധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയും വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL