തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ചതിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരായ എസ്‌ഐടി റിപ്പോർട്ട് മടക്കി ഡിജിപി. ചില ഭാഗങ്ങളിൽ വ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി റവാഡാ ചന്ദ്രശേഖർ റിപ്പോർട്ട് മടക്കി അയച്ചത്. കഴിഞ്ഞമാസം 23നാണ് എസ്‌ഐടി ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചതിൽ അജിത്കുമാറിനെതിരെ നടപടിക്കായി ഡി.ജി.പി സർക്കാരിന് ഉടൻ ശുപാർശ കൈമാറുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
അജിത് കുമാറിനെതിരെ കടുത്ത നടപടി വേണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. എസ്.ഐ.ടി റിപ്പോർട്ടിൽ നടപടിയുണ്ടാകാത്തതിൽ കോൺഗ്രസ് കടുത്ത വിമർശനമുന്നയിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മാത്രമേ അച്ചടക്ക നടപടിയിലേക്ക് കടക്കാനാവൂ എന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. സർക്കാരിന്റെ എല്ലാ നടപടികളും കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നും നിയമപരമായി ചെയ്യേണ്ടത് സമയത്ത് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
ഈ മാസം അവസാനത്തോടെ അജിത്കുമാറിന് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പായി വകുപ്പുതല നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. അജിത്കുമാറിന്റെ ഓഫീസിലുണ്ടായിരുന്ന രണ്ട് ഗ്രേഡ് എസ്.ഐമാർക്കെതിരെയും നടപടിയുണ്ടാകും. 2024ൽ അന്വേഷണ ഉദ്യോഗസ്ഥരെ എം ആർ അജിത് കുമാർ തന്റെ ഓഫീസിൽ വിളിപ്പിച്ചാണ് കേസ് ഡയറിയും അന്തിമ റിപ്പോർട്ടും തിരുത്തി കോടതിയിൽ സമർപ്പിച്ചതെന്നാണ് ആരോപണം.
The Kerala DGP returned the SIT report against ADGP M.R. Ajith Kumar, seeking clarification on certain findings in the Alappuzha case involving alleged interference in an assault investigation. The government is considering departmental action before his expected promotion, while the Congress has criticized delays in acting on the SIT's recommendations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |