ആലപ്പുഴ: ജില്ലയിൽ ആശങ്കയായി വയറിളക്കരോഗം പടരുന്നു. കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ ജില്ലയിൽ 1780 പേരാണ് വയറിളക്ക രോഗത്തിന് ചികിത്സ തേടിയത്. ജൂൺ ഒന്ന് മുതൽ വെള്ളിയാഴ്ചവരെ സർക്കാർ ആശുപത്രിയിലെ കണക്കാണിത്. സ്വകാര്യആശുപത്രിയിലെ കണക്കുകൂടി
കൂട്ടിയാൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകും. വെള്ളത്തിൽ നിന്നാണ് ഭൂരിഭാഗം പേർക്കും രോഗബാധയെന്നാണ് നിഗമനം.
ജില്ലയിൽ ഇതുവരെ കുട്ടികളടക്കം ഏഴുപേർക്കാണ് ഷിഗെല്ല പിടിപെട്ടത്. ഇതിൽ ആറുപേർ ആറാട്ടുപുഴയിലും ഒരാൾ കോടംതുരുത്തിലുമാണ്.
ആറാട്ടുപുഴ പ്രദേശത്ത് കുട്ടികൾക്ക് മാരകമായ ബാക്ടീരിയൽ അണുബാധയായ ഷിഗെല്ല രോഗലക്ഷണമാണ് കണ്ടെത്തിയത്. മോശം ഭക്ഷണം, കുടിവെള്ളം എന്നിവയിൽ നിന്നാണ് രോഗവ്യാപനമുണ്ടായത്. ജല അതോറിട്ടിയുടെ കുടിവെള്ള സാമ്പിളുകൾ പരിശോധിച്ചപ്പോൾ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.എന്നാൽ, അതുതന്നെയാണ് രോഗവ്യാപനത്തിന് കാരണമെന്ന് വ്യക്തമല്ല.
ശക്തമായ പനി, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവ രോഗലക്ഷണമുള്ളവരെ ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ച് വയോധികൻ മരിച്ചതിന് പിന്നാലെ വള്ളികുന്നം പഞ്ചായത്തിൽ നാലുപേർക്കുകൂടി കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പാലമേലിൽ നാലും അരൂക്കുറ്റി, എടത്വ, അരൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗംപിടിപെട്ടു. രണ്ടുപേർ ഡെങ്കിപ്പനി ലക്ഷണത്തോടെയും ചികിത്സ തേടി. ഇൻഫ്ലുവൻസ വൈറസ് സാന്നിദ്ധ്യവും ജില്ലയിൽ കൂടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |