ആലപ്പുഴ: അടിക്കടിയുള്ള ഇന്ധനവിലവർദ്ധനയിൽ ജീവിതം കരയ്ക്കടുപ്പിക്കാൻ പെടാപ്പാട് പെടുകയാണ് ഓൺ ഡെലിവറി ജീവനക്കാർ.
പാചകവാതകക്ഷാമവും വിലക്കയറ്റവും കാരണം ഓർഡറുകൾ
കുത്തനെ കുറയുന്നതിനിടെയാണ് പ്രഹരമായി ഇന്ധനവില കുതിച്ചുയർന്നത്. ഇതോടെ, വരുമാനത്തിന്റെ നല്ലൊരുഭാഗം ഇന്ധനത്തിനായി മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. വിലവർദ്ധനയ്ക്ക് അനുസരിച്ച് ഡെലിവറി കമ്പനികൾ അടിസ്ഥാന നിരക്കോ, കിലോമീറ്റർ നിരക്കോ വർദ്ധിപ്പിക്കാൻ തയ്യാറാകാത്തതാണ് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നത്. ഓർഡർ കുറയുന്നതും വിദ്യാർത്ഥികളടക്കം മേഖലയിലേക്ക് കൂടുതൽ പേരെത്തുന്നതും പ്രധാന ജീവിത മാർഗമാക്കിയ ജീവനക്കാർക്ക് തിരിച്ചടിയാണ്. പലരും ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.
ദിവസം 30മുതൽ 60 കിലോമീറ്റർ ബൈക്ക് ഓടണം. 25 ഡെലിവറിയെങ്കിലും നടത്തണം. എങ്കിൽ മാത്രമേ മാസാവസാനം ജീവിച്ചുപോകാനുള്ളത് കിട്ടൂ. ഇതുകൂടാതെ, ഭക്ഷണത്തിനും ഇന്ധനത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുമുള്ള തുകയും കണ്ടെത്തണം.
10 മുതൽ 12 മണിക്കൂർ ജോലി എടുത്താൽ മാത്രമേ 1000 രൂപയെങ്കിലും ലഭിക്കൂ. ഇതിൽ 300 രൂപയോളം ഇന്ധന ചെലവിനായി മാറ്റി വയ്ക്കണം. പല ദിവസങ്ങളിലും ഉച്ച ഭക്ഷണം പോലും കഴിക്കാൻ സാധിക്കാറില്ലെന്നും ഡെലിവറി ജീവനക്കാർ പറയുന്നു.
നേട്ടമില്ല, ഓട്ടംബാക്കി
1.നാലുകിലോമീറ്റർ ഓടിയാൽ മുമ്പ് 60 രൂപ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 30-35 രൂപയാണ് ഇൻസന്റീവായി ലഭിക്കുന്നത്. 35രൂപ നൽകുന്നത് തന്നെ ഡെലിവറിക്ക് പോകുന്ന ഒരുഭാഗത്തേക്കുള്ളതാണ്. തിരിച്ചുവരുന്നത് കമ്പനികൾ കണക്കാക്കാറില്ല
2.ദിവസം 15ൽ കൂടുതൽ ഓർഡറുകർ പൂർത്തീകരിച്ചാലേ ഇൻസെന്റീവ് ഉൾപ്പടെ ലഭിക്കൂ. രാത്രി 11നുശേഷമുള്ള ഓർഡറുകൾക്ക് കൂലിയും കുറച്ചു. ഹോട്ടലുകളിൽ കാത്തുനിൽക്കുന്ന സമയത്തിനുള്ള കൂലിയും വെട്ടിക്കുറച്ചിട്ടുണ്ട്
3.ഡെലിവറി വൈകിയാൽ പിഴയിടും. അതിനാൽ സമയക്രമം പാലിക്കാനുള്ള ഓട്ടപ്പാച്ചിലിനിടെ അപകടങ്ങൾ പതിവാണ്.ചില കമ്പനികൾ അപകടമരണത്തിനേ ഇൻഷ്വറൻസ് ആനുകൂല്യമുള്ളൂ. ചില കമ്പനികളിൽ ടാർജറ്റ് തികയ്ക്കുന്നവർക്ക് മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷ
ഡെലിവറി ജീവനക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതിന്. ഇന്ധന വില കൂട്ടിയത് തിരിച്ചടിയാണ്
-ഡെലിവറി ജീവനക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |