ആലപ്പുഴ: അഞ്ച് മുതൽ 17 വരെ പ്രായമുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യമായി ആധാർ സർവീസ് ഉള്ള എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാകുമെന്ന് അക്ഷയ ചീഫ് കോ-ഓർഡിനേറ്ററായ ജില്ലാ കളക്ടർ അറിയിച്ചു.
കുട്ടികൾ അഞ്ച് വയസ്സിലും 15 വയസ്സിലും ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) വിവരങ്ങൾ നിർബന്ധമായും പുതുക്കേണ്ടതാണ്. കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാർ കാർഡുകൾ താത്കാലികമായി അസാധുവാകാൻ സാദ്ധ്യതയുണ്ട്. വിവിധ സ്കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്കൂൾ/കോളേജ് അഡ്മിഷനുകൾ, ഡിജിലോക്കർ, പാൻ കാർഡ്, അപാർ എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്. സമയബന്ധിതമായി ആധാർ പുതുക്കുന്നത് വഴി നീറ്റ് , ജെ.ഇ.ഇ. , കീം തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
നവജാത ശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എൻറോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് ബയോമെട്രിക്സ് ശേഖരിക്കാറില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് ആധാർ നൽകുക. ഇതിനായി ജനന സർട്ടിഫിക്കറ്റ് മാത്രം മതിയാകും. കുട്ടികൾക്ക് ഭാവിയിൽ സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ തന്നെ ആധാർ എടുക്കുന്നതിന് ശ്രദ്ധിക്കണം.
പരാതി പരിഹാരത്തിനായുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ:സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.റ്റി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442.ഇ-മെയിൽ ഐഡി: uidhelpdesk@kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |