
ആലപ്പുഴ: നരഹത്യാ ശ്രമം, പിടിച്ചുപറി, അടിപിടി, സ്തീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഭരണിക്കാവ് മോനു ഭവനത്തിൽ മോനുവിനെ (കിളിമോൻ -27) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. ഇയാൾക്കെതിരെ മുമ്പും കാപ്പാ നിയമപ്രകാരം കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ ആറുമാസത്തെ കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയ മോനു, സെപ്റ്റംബർ രണ്ടിന് ഭരണിക്കാവ് തെക്കേമങ്കുഴി സ്വദേശിയായ യുവതിയെ ആക്രമിച്ചതിന് ഇയാൾക്കെതിരെ വള്ളികുന്നം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.
കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാൽ വീണ്ടും ഒരു വർഷത്തേക്ക് തടവിൽ പാർപ്പിക്കാൻ വള്ളികുന്നം പൊലീസ് ശുപാർശ സമർപ്പിച്ചിരുന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഒരു വർഷത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മറ്റൊരു കേസിനായി കോടതിയിൽ ഹാജരായതിനുശേഷം പൊലീസിനെ വെട്ടിച്ച് ഒളിച്ചു കടക്കാൻ ശ്രമിച്ച മോനുവിനെ വള്ളികുന്നം പൊലീസ് പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |