
മാവേലിക്കര: ഭാര്യയുടെ ആത്മഹത്യയിൽ ഭർത്താവിന് 10 വർഷം കഠിനതടവും 2 ലക്ഷം പിഴയും ശിക്ഷ. വള്ളികുന്നം പടീറ്റടത്ത് കിഴക്കതിൽ ഗോപകുമാറിനെയാണ് (49) മാവേലിക്കര ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വി.ജി.ശ്രീദേവി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികം കഠിനതടവ് അനുഭവിക്കണം. പ്രതി നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിട്ടുള്ള കാലയളവ് ശിക്ഷയിൽ നിന്നും ഇളവ് ചെയ്തിട്ടുണ്ട്.
2019 ജൂൺ 26നായിരുന്നു കേസിനാസ്പദമായ സംഭവം. വള്ളികുന്നത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന മൈനാഗപ്പള്ളി സ്വദേശിനി രാജിയാണ് (33) ഭർത്താവായ ഗോപകുമാറിന്റെ നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങളും ആത്മഹത്യാ പ്രേരണയും സഹിക്കവയ്യാതെ വീട്ടുമുറ്റത്ത് വച്ച് ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2019 ജൂലായ് 2ന് രാജി മരണമടഞ്ഞു.
രാജിയുടെ മാതാവ് കൊല്ലം മൈനാഗപ്പള്ളി രാജി ഭവനിൽ രാജേശ്വരിയമ്മ നൽകിയ പരാതിയിൽ വള്ളികുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. സന്തോഷ് കുമാർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. വള്ളികുന്നം സി.ഐയായിരുന്ന ഷൈജു എബ്രഹാമാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ സിന്ധു, എസ്.സി.പി.ഒ രഞ്ജുനാഥ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |