ആലപ്പുഴ : കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ നാലാംപ്രതിയായ 13കാരിയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ജസ്റ്റിസ് ബോർഡ് തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂട്ടർക്കും പെൺകുട്ടിയ്ക്ക് നിയമ സഹായം നൽകുന്ന അഭിഭാഷകനും ശനിയാഴ്ച ബോർഡ് മുമ്പാകെ ഹാജരാകുന്നതിനുണ്ടായ അസൗകര്യം കണക്കിലെടുത്താണിത്. കേസിലെ 1 മുതൽ 3വരെ പ്രതികളായ ആൺകുട്ടികളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിൽ അവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയിൽനിന്ന് കൂടുതൽ വിവരങ്ങൾ മനസിലാക്കുന്നതിനാണ് പെൺകുട്ടിയെ ചോദ്യം ചെയ്യാൻ പൊലീസ് അപേക്ഷ നൽകിയത്.
പ്രായപൂർത്തിയാകാത്ത ആളെന്ന നിലയിൽ പെൺകുട്ടിയെ ജില്ലാ പ്രൊബേഷൻ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ സൈക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ദരുടെ സഹായത്തോടെയേ ചോദ്യം ചെയ്യാനാകൂ. ഇക്കാര്യത്തിൽ തിങ്കളാഴ്ച ചേരുന്ന ബോർഡ് തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
ആഗസ്റ്റ് 15ന് രാത്രിയാണ് പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (67) കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ആൺസുഹൃത്തുൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ ഏതാനും ദിവസം മുമ്പ് ബോർഡിന്റെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട്, പരവൂർ റെയിൽവേ സ്റ്റേഷനുകൾ, ഹരിപ്പാട് സ്റ്റാൻഡ്, ഹരിപ്പാട്ടെ രണ്ടു ഹോട്ടലുകൾ കുറ്റാരോപിതരുടെ വീടുകൾ എന്നിവിടങ്ങളിൽ തെളിവെടുപ്പിനെത്തിക്കുകയും കൃത്യസമയത്ത് ധരിച്ച
വസ്ത്രങ്ങളും മോഷ്ടിച്ച ആഭരണങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |