ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായി പരാതി. കരുനാഗപ്പള്ളി പന്മന വടക്കുംതല വയയ്ക്കൽ തെക്കതിൽ ജി.രാജുവാണ് അമ്പലപ്പുഴ പൊലീസിനെതിരെ പൊലീസ് കംപ്ളയിന്റ് അതോറിട്ടിയിൽ പരാതി നൽകിയത്.
ചികിത്സയിൽ കഴിയുന്ന സഹോദരന്റെ ഭാര്യയെ സന്ദർശിക്കാനാണ് എസ്.എൻ.ഡി.പി യോഗം പന്മന 555-ാം നമ്പർ ശാഖാ സെക്രട്ടറിയും കൃഷിപ്പണിക്കാരനുമായ രാജു ഭാര്യയ്ക്കൊപ്പം കഴിഞ്ഞ 11ന് മെഡിക്കൽ കോളേജിലെത്തിയത്. ഉച്ചയ്ക്ക് കഞ്ഞി വാങ്ങാൻ ഭക്ഷണശാലയിൽ ക്യൂ നിൽക്കുന്നതിനിടെ അമ്പലപ്പുഴ എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം രാജുവിനെ കൈകാട്ടി വിളിച്ചു.
ചോദ്യം ചെയ്യുന്നതിനിടെ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ട പൊലീസ് ഇതിനിടെ ഒരു സ്ത്രീയെ അവിടേക്ക് വിളിച്ചുവരുത്തി. ഓട്ടോറിക്ഷയിലെത്തിയ സ്ത്രീ 'ഈ കളർ ഷർട്ടിട്ടയാളാണ് തന്റെ വീട്ടിലെത്തിയതെന്നും കതകിന്റെ കൊളുത്ത് പൊളിച്ചതെന്നും' പൊലീസിനോട് വെളിപ്പെടുത്തി. ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ താൻ അത്യാഹിത വിഭാഗത്തിലെ ഒബ്സർവേഷൻ വാർഡിലും എട്ടാം വാർഡിലുമായി രാവിലെ 11.30 മുതൽ വൈകിട്ട് 5.30 വരെ ഉണ്ടായിരുന്നതായി രാജു വ്യക്തമാക്കി.
എന്നാൽ സംഭവസ്ഥലത്തെയോ ആശുപത്രിയിലെയോ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കിക്കാൻ പൊലീസ് തയ്യാറായില്ല. തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്ന പൊലീസിനോട് വീട്ടിലെത്തിയശേഷം എസ്.ഐക്ക് വാട്ട്സ് ആപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. പൊലീസ് തടഞ്ഞുവച്ചിരിക്കുന്ന വിവരം മാദ്ധ്യമങ്ങളെ അറിയിക്കണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടതോടെ ഫോൺ സഹിതം കസ്റ്റഡിയിലെടുത്ത രാജുവിനെ അമ്പലപ്പുഴ സ്റ്റേഷനിലേക്ക് മാറ്റി. ദൃശ്യങ്ങൾ സംഭവസ്ഥലത്തുണ്ടായിരുന്നവർ മൊബൈൽ ഫോണുകളിൽ ചിത്രീകരിച്ചിരുന്നു. സി.ഐ എത്തിയപ്പോഴാണ് തനിക്ക് പരിചയമുള്ളയാൾ കസ്റ്റഡിയിലായതിലെ അബദ്ധം തിരിച്ചറിഞ്ഞ് വിട്ടയച്ചത്.
അന്വേഷണമില്ലാതെ പൊലീസ് അകത്താക്കി
സ്ത്രീയുടെ പരാതിയിൽ മതിയായ അന്വേഷണമോ തെളിവുശേഖരണമോ ഇല്ലാതെയാണ് രാജുവിനെ കസ്റ്റഡിയിലെടുത്തത്. വിവരം കുടുംബാംഗങ്ങളെ ഉൾപ്പടെ വിളിച്ചറിയിക്കുകയും ചെയ്തു. ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ മക്കളും ഉൾപ്പെടുന്ന കുടുംബമാണ് ഇതിലൂടെ ആക്ഷേപിക്കപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. തന്നെ കസ്റ്റഡിയിലെടുക്കാനിടയായ സ്ത്രീയെയും പരാതിയെയും സംബന്ധിച്ച വിവരങ്ങളും സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളും ഉൾപ്പടെ വിവരാവകാശ നിയമ പ്രകാരം സ്റ്റേഷനിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജു പറഞ്ഞു.
സംഭവത്തിൽ എസ്.ഐ ഉൾപ്പടെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. സംഭവത്തിൽ യാതൊന്നും പ്രതികരിക്കാൻ അമ്പലപ്പുഴ പൊലീസ് തയ്യാറായിട്ടില്ല.
രാജു, പരാതിക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |