SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.27 AM IST

കള്ളക്കടൽ: ആറാട്ടുപുഴയിൽ റോഡ‌ിലെ മണ്ണ് നീക്കി തുടങ്ങി

jcb

ഹരിപ്പാട്: ആറാട്ടുപുഴയിൽ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ മണ്ണ് മൂടിയ തീരദേശ പാതയിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. എ.സി പള്ളി മുതൽ കാർത്തിക ജംഗ്ഷൻ വരെ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ റോഡിൽ അടിഞ്ഞുകൂടിയ കടൽമണ്ണ്,​ ജെ.സി.ബിയുടെ സഹായത്തോടെ ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും ചേർന്ന് നീക്കം ചെയ്തു. ശിവൻ നട ജംഗ്ഷനിൽ അരകിലോമീറ്ററോളം സ്ഥലത്തും തറയിൽകടവ്- വലിയഴീക്കൽ മേഖലയിലും മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം തുടർന്നുവരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് മൈമുനത്ത് പറഞ്ഞു.

മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളിൽ വാഹന ഗതാഗതം സാധാരണ നിലയിലായി. റോഡിൽ നിന്ന് മണ്ണ് പൂർണമായും നീക്കിയാലേ കെ.എസ്.ആർ.ടി.സി സർവീസുകളുൾപ്പെടെ പൂർണതോതിൽ ആരംഭിക്കാനാകൂ. അതേസമയം,​ കടലാക്രമണത്തിൽ അപകടാവസ്ഥയിലായ വീടുകൾ സുരക്ഷിതമാക്കാൻ ചുറ്റും മണൽചാക്ക് അടുക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന് ആവശ്യമായ പ്ലാസ്റ്റിക് കാരിബാഗുകൾ വാങ്ങി നൽകുമെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു.

കടൽക്ഷോഭത്തിന് ശമനം

ഞായറാഴ്ചയുണ്ടായതുപോലെ ശക്തമായ കടൽക്ഷോഭം തുടർന്ന് ഉണ്ടാകാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചിട്ടുണ്ട്. ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിലെ വലിയഴീക്കൽ മുതൽ മംഗലം വരെയുള്ള വാ‌ർ‌ഡുകളിലാണ് കള്ളക്കടൽ ജനജീവിതം ദുരിതത്തിലാക്കിയത്.

പുലിമുട്ടില്ലാത്ത മംഗലം, പത്തിശേരി, എ.സി പള്ളി, കാർത്തിക ജംഗ്ഷൻ, കടപ്പുറം പള്ളി എന്നിവിടങ്ങളിൽ തീരദേശ റോഡ് കവിഞ്ഞുകയറിയ കടൽവെള്ളം വീടുകളുടെ മുറ്റത്തുകൂടി പരന്നൊഴുകുകയായിരുന്നു. ടെട്രാപോഡും കടൽ ഭിത്തിയുമുള്ള എ.കെ.ജി ജംഗ്ഷൻ ഭാഗത്തും ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടു. കടലാക്രമണം തുടർന്നതോടെ തീരദേശറോഡിൽ ഗതാഗതം ക്ളേശപൂർണമായി. മാതാ അമൃതാനന്ദമയി ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് വള്ളിക്കാവ് അമൃതപുരിയിലേക്ക് ഭക്തരുമായെത്തിയ വാഹനങ്ങളുൾപ്പെടെ റോഡിൽ പുതഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL