
മുഹമ്മ: പതിറ്റാണ്ടുകൾക്ക് മുമ്പ് മുണ്ടകൻ പാടമായിരുന്ന മുഹമ്മ പഞ്ചായത്ത് പത്താം വാർഡിലെ ഇടക്കരി പാടശേഖരത്തിൽ കൃഷി നിലച്ചിട്ട്
കാലങ്ങളായി. എന്നാൽ, കാടുകയറി സ്വാഭാവിക വനമായി മാറിയ ഇവിടം നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമായി മാറ്റിയെടുക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. കാട്ടാത്ത, ഓട(വേഴംകോൽ), മുള, പന, ആഞ്ഞിലി, മാവ്, തെങ്ങ് തുടങ്ങിയ മരങ്ങളും ധാരാളം സസ്യങ്ങളും വള്ളിച്ചെടികളും നിറഞ്ഞ കാടാണ് ഇവിടം. കീരി, ഉടുമ്പ്, മലമ്പാമ്പ്, പാമ്പുകൾ, ചേര തുടങ്ങിയ ഉരഗങ്ങളും വെള്ളിരി, കൊക്ക്, നീർ കാക്ക, ഉപ്പൻ, കുളക്കോഴി, കുയിൽ,തത്ത, മരംകൊത്തി,പൊൻമാൻ,പേരത്തത്ത, കാക്ക തമ്പുരാട്ടി തുടങ്ങിയ നിരവധി പക്ഷികളും കൂട്ടമായി ഇവിടെ വസിക്കുന്നുണ്ട്.
തൈക്കൂനകൾക്ക് ഇടയിലെ വെള്ളത്തിൽ വെള്ളാമ, കാരാമ, വരാൽ ,കാരി തുടങ്ങിയവും വസിക്കുന്നുണ്ട്. ഇവിടം സർക്കാരിനോ, വ്യക്തികൾക്കോ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്താൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
ജൈവ വൈവിദ്ധ്യങ്ങളുടെ ചതുപ്പ്
മൂന്നര ഏക്കർ വരുന്ന ഇടക്കരി പാടത്ത് മുമ്പ് വിരിപ്പും മുണ്ടകനും വിതച്ച് കൊയ്തിരുന്നു. ഇടവേളകളിൽ വഴുതനയും വെള്ളരിയും മത്തനും തണ്ണിമത്തനുമൊക്കെ നന്നായി വിളഞ്ഞിരുന്നു
എന്നാൽ വർഷങ്ങൾ കഴിഞ്ഞ് പാടം വാങ്ങിയ വ്യക്തിക്ക് കൂനകൾ കൂട്ടി തെങ്ങിൻ തൈ വയ്ക്കാനേ കഴിഞ്ഞുള്ളു. പ്രതീക്ഷിച്ച നേട്ടം ലഭിച്ചതുമില്ല. അതോടെ അദ്ദേഹത്തിന്റെ ശ്രദ്ധ പാടത്ത് നിന്ന് മാറി, പ്രദേശം കാടുകയറി. അങ്ങനെ ഇടക്കരി സസ്യ- ജന്തു വൈവിധ്യം നിറഞ്ഞ സ്വാഭാവിക ചതുപ്പ് വനമായി മാറി
പാതിരാമണലും മാളികപ്പുറത്തമ്മയുടെ ജന്മ ഗൃഹമായ മുക്കാൽ വെട്ടം ക്ഷേത്രവും എലിപ്പനം റോഡും പെരുന്തുരുത്ത് തെക്ക് - വടക്ക് പാടങ്ങളും ബന്ധിപ്പിച്ച് നല്ലൊരു ടൂറിസം പാതയായി വികസിപ്പിക്കാനും കഴിയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |