SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.05 AM IST

ആലപ്പുഴയി​ൽ നി​ന്ന് പൊളി​ച്ച് മാറ്റരുതേ പിറ്റ്ലൈൻ

ആലപ്പുഴ: തീരദേശപാത ഇരട്ടിപ്പിക്കൽ പ്രഖ്യാപനം യാത്രക്കാർക്ക് പ്രതീക്ഷ പകർന്നെങ്കിലും, വികസനത്തിന്റെ പേരിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പിറ്റ്‌ലൈൻ ഇല്ലാതാകുമെന്ന ആശങ്കയും ശക്തമാകുന്നു. ദീർഘദൂരട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കും സർവീസ് ക്രമീകരണങ്ങൾക്കും നിർണായകമായ പിറ്റ്‌ലൈൻ പൊളിച്ചുമാറ്റാൻ, പാത ഇരട്ടിപ്പിക്കലിനെപ്പറ്റിയുള്ള വിശദപദ്ധതി റിപ്പോർട്ടിൽ നിർദ്ദേശമുള്ളതാണ് കാരണം.

പിറ്റ്‌ലൈൻ നഷ്ടപ്പെട്ടാൽ ആലപ്പുഴയിൽ നിന്നുള്ള ദീർഘദൂര ട്രെയിൻ സർവീസുകളെയും റെയിൽവേ ഡിപ്പോയുടെ പ്രവർത്തനത്തെയും ബാധിക്കും. റെയിൽവേ സ്റ്റേഷനിൽ സ്ഥലമുള്ളതിനാൽ പ്ലാറ്റ് ഫോമുകളുടെ എണ്ണം വ‌‌ർദ്ധിപ്പിക്കുകയും പിറ്റ്ലൈൻ നിലനിറുത്തുകയും വേണമെന്ന് യാത്രക്കാർ പറയുന്നു. പിറ്റ്‌ലൈൻ ഉണ്ടെങ്കിൽ മാത്രമേ 1500 കിലോമീറ്ററിൽ കൂടുതൽ ദൂരം ഓടുന്ന ട്രെയിനുകൾ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്താനാകൂ. തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം നോർത്ത്, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ മാത്രമാണ് പിറ്റ് ലൈൻ നിലവിലുള്ളത്.പിറ്റ്‌ ലൈൻ നഷ്ടമായാൽ പിന്നീട് തിരിച്ചുകിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.

ആലപ്പുഴ സ്റ്റേഷന്റെ വരുമാനത്തിന്റെ എട്ടിലൊന്ന് ധൻബാദ് എക്‌സ്പ്രസിൽ നിന്നുമാണ്. പക്ഷേ, ധൻബാദ് കൊച്ചുവേളിയിലേക്ക് നീട്ടാനുള്ള ആലോചനയും നിലവിലുണ്ട്.

എറണാകുളത്ത് അവസാനിക്കുന്ന ടാറ്റ നഗർ എക്‌സ്പ്രസ്, ബംഗളൂരു ഇന്റർസിറ്റി, ബിലാസ്പൂർ, പാറ്റ്‌ന ഇവയിൽ ഏതെങ്കിലും ട്രെയിൻ ആലപ്പുഴയിലേക്ക് നീട്ടിയതിന് ശേഷമേ ധാൻബാദ് കൊച്ചുവേളിയിലേക്ക് നീട്ടാൻ അനുവദിക്കാവൂ എന്നാണ് യാത്രക്കാരുടെ ആവശ്യം.

1. പിറ്റ്‌ ലൈൻ പൊളിക്കാതെ തന്നെ നിലവിലെ പാളത്തിന്റെ കിഴക്കുവശത്ത് പുതിയ പാത പണിയാം. ട്രാക്കിനും എൻ.എച്ച് ബൈപാസ് പില്ലറിനും ഇടയിൽ 12 മീറ്ററിൽ അധികം സ്ഥലമുണ്ട്. ഒരുട്രാക്കിന് നാലര മീറ്റർ സ്ഥലം മതിയാകും

2. പാലക്കാട് ടൗൺ സ്റ്റേഷനിൽ രണ്ട് പിറ്റ് ലൈനുകൾക്കും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമായി 46 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത്രയധികം ചെലവ് വരുന്ന സംവിധാനമാണ് പൊളിക്കാൻ ലക്ഷ്യമിടുന്നത്

3. ആവശ്യത്തിന് പ്ലാറ്റ്‌ഫോമുകളും പാളങ്ങളും ഉണ്ടായിട്ടും കൊല്ലം, തൃശൂർ, പാലക്കാട്, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ദീർഘദൂര ട്രെയിനുകൾ സർവീസ് നടത്താൻ കഴിയാത്തത് പിറ്റ് ലൈൻ ഇല്ലാത്തതുകൊണ്ടാണ്

പി​റ്റ് ലൈൻ

ട്രെയി​നുകളുടെ അറ്റകുറ്റപ്പണി​ക്കും പരി​ശോധനകൾക്കുമായി​ റെയി​ൽവേ സ്റ്റേഷനുകളി​ൽ ഒരുക്കുന്ന പ്രത്യേക ട്രാക്ക്. ട്രെയി​നി​ന്റെ അടി​ഭാഗം പരി​ശോധി​ക്കാനും അറ്റകുറ്റപ്പണി​ നടത്താനും കഴി​യുന്ന രീതി​യി​ൽ ട്രാക്കി​നടി​യി​ൽ കുഴി​ ഉണ്ടാകും

കായംകുളത്ത് അഞ്ച് പ്ലാറ്റ്ഫോമുകളുള്ളപ്പോൾ പ്രധാന റെയിൽവേ സ്റ്റേഷനായ ആലപ്പുഴയിൽ മൂന്നെണ്ണം മാത്രമാണുള്ളത്. പ്ലാറ്റ്ഫോമുകൾ വർദ്ധിപ്പിച്ച് പിറ്റ്ലൈൻ നിലനിറുത്തണം

-അരുൺകുമാർ,യാത്രക്കാരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL