കൊച്ചി: പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായുള്ള ജില്ലാതല കായിക സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് തുടക്കം. ആദ്യദിനമായ ഇന്നലെ ജില്ലയിൽ 279 പേർ ഓൺലൈനായി രജിസ്റ്റർ ചെയ്തു. ഇതിൽ 123പേർ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു. ഇതിൽ പരിശോധന പൂർത്തിയാക്കിയ 45 കായികതാരങ്ങൾക്ക് ആദ്യദിനം തന്നെ സ്കോർ കാർഡുകൾ വിതരണം ചെയ്തു. ബാക്കിയുള്ളവരുടെ അപേക്ഷകളിൽ നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു. 17 വരെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
2024 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിൽ നേടിയ കായിക സർട്ടിഫിക്കറ്റുകൾ മാത്രമേ വെരിഫിക്കേഷനായി പരിഗണിക്കുകയുള്ളൂ. വെബ്‌സൈറ്റ് വഴി കായിക മികവ് രജിസ്റ്റർ ചെയ്തതിനുശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട്, ഒറിജിനൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവയുമായി വിദ്യാർത്ഥികൾ നേരിട്ട് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം. സ്കൂൾതല മത്സരങ്ങൾക്ക് പുറമെ, സംസ്ഥാന/ജില്ലാ അംഗീകൃത സ്പോർട്സ് അസോസിയേഷനുകൾ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട സ്പോർട്സ് കൗൺസിൽ നിരീക്ഷകന്റെ ഒപ്പ്, സീരിയൽ നമ്പർ, സർട്ടിഫിക്കറ്റ് നൽകിയ തീയതി, അതോറിട്ടിയുടെ പേര് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. ഇവയില്ലാത്ത സർട്ടിഫിക്കറ്റുകളുടെ പൂർണഉത്തരവാദിത്വം അതാത് അതോറിട്ടിക്കും അപേക്ഷിക്കുന്ന വിദ്യാർത്ഥിക്കുമായിരിക്കുമെന്ന സത്യവാങ്മൂലം അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. അസോസിയേഷനുകളുടെ ദേശീയ മത്സരങ്ങളുടെ സർട്ടിഫിക്കറ്റുകളിൽ അതാത് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കൗണ്ടർ സൈൻ ചെയ്തിരിക്കണം.
രണ്ടാംഘട്ട അപേക്ഷ സമർപ്പണം
ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നിന്ന് സെക്രട്ടറി ഒപ്പിട്ട സ്കോർ കാർഡ് കൈപ്പറ്റിയതിന് ശേഷം വേണം രണ്ടാം ഘട്ട അപേക്ഷ സമർപ്പിക്കാൻ. ഇതിനായി പ്രവേശന വെബ് സൈറ്റ് വഴി പ്ലസ് വൺ സ്പോർട്സ് ക്വാട്ട അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്ന് ലഭിക്കുന്ന സ്കോർ കാർഡ് പിന്നീട് അഡ്മിഷൻ സമയത്ത് സ്കൂളുകളിൽ നിർബന്ധമായും ഹാജരാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |