കൊച്ചി: അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ -3 കപ്പലിലെ ക്യാപ്ടൻ അടക്കമുള്ള ജീവനക്കാർ, സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുമതി തേടി നൽകിയ ഹർജിയിൽ, അവർ തോപ്പുംപടി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശം. കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ കുറ്റപത്രം അപാകത പരിഹരിച്ച് വീണ്ടും സമർപ്പിച്ചെന്നും ഇതിൽ മജിസ്‌ട്രേറ്റ് കോടതി തുടർനടപടി സ്വീകരിച്ചെന്നും സർക്കാർ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം. സമൻസ് ലഭിക്കുമ്പോൾ ഹാജരാകുകയോ അല്ലെങ്കിൽ കേസ് നേരത്തെ പരിഗണിക്കാൻ അപേക്ഷ നൽകുകയോ ചെയ്യാനാണ് ഹർജിക്കാരോട് നിർദ്ദേശിച്ചിരിക്കുന്നത്. നിയമപരമായ ഇളവ് തേടാമെന്നും കോടതി പറഞ്ഞു. വിഷയം 30ന് വീണ്ടും പരിഗണിക്കും.
കപ്പലിന്റെ ക്യാപ്റ്റൻ ഇവാനോവ് അലക്‌സാണ്ടറടക്കം 7 ജീവനക്കാരാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുമതിതേടി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇതിൽ മൂന്ന് പേർക്ക് മടങ്ങാൻ അനുമതി നൽകിയിരുന്നു. അവർ ക്രിമിനൽ കേസിൽ പ്രതികളായിരുന്നില്ല. എന്നാൽ ക്രിമിനൽ കേസിൽ ക്യാപ്ടനൊപ്പം പ്രതികളായ ചീഫ് എൻജിനിയർ ഒലെക്സി ചോർണെ, കപ്പൽ ചീഫ് ഓഫീസർ, സെക്കൻഡ് എൻജിനിയർ എന്നിവർക്കാണ് മടങ്ങാൻ ഇനിയും അനുമതി കിട്ടാത്തത്.
കഴിഞ്ഞവർഷം മേയിൽ മുങ്ങിയ കപ്പൽ ഇതുവരെ നീക്കിയിട്ടില്ല. കണ്ടെയ്‌നറുകളടക്കം കടലിൽ മുങ്ങിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |