
ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത 330 കേസുകളിലായി 390 പേർ അറസ്റ്റിലായി. പെരുമ്പാവൂർ സബ് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കേസെടുത്തത് 130. അറസ്റ്റിലായവർ 155. ആലുവയിൽ 75 കേസുകളിലായി 101 പേർ അറസ്റ്റിലായി. 145 കിലോയോളം കഞ്ചാവ് പിടികൂടി. ഇതിൽ 17 കിലോ ഹൈബ്രിഡ് കഞ്ചാവ് പെരുമ്പാവൂരിൽ നിന്നുമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് പ്രധാന പ്രതി അടക്കം ദമ്പതികൾ ഉൾപ്പെടെ 10 പേർ അറസ്റ്റിലായി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ അടക്കം ആറു വാഹനങ്ങൾ പിടികൂടി. തായ്‌ലൻഡിലേക്ക് ടൂറിസ്റ്റ് വിസ ചെലവടക്കം നൽകിയാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിരുന്ന സംഘമാണ് പൊലീസ് വലയിലായത്.
35 ഗ്രാമോളം എം.ഡി.എം.എ ആണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടിയത്. ഇതിൽ 24 ഗ്രാം അത്താണി ജംഗ്ഷനിൽ വച്ച് കാറിൽ കടത്തുന്നതിനിടയിലാണ് പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. 790 ഗ്രാം ഹാഷിഷ് ഓയിലും 200 ഗ്രാം ഹെറോയിനും പിടികൂടി. ഹെറോയിന്‍ വില്പന സംഘത്തിലെ പ്രധാന കണ്ണിയായ അസം നഗോൺ സ്വദേശി ഷെഫീഖുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലേക്ക് ഹെറോയിൻ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് റൂറൽ ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതി നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |