
തൊടുപുഴ: ലഹരി വിരുദ്ധ ജാഥ ക്യാപ്ടനായിരുന്ന ഡി.വൈ.എഫ്.ഐ നേതാവടക്കം നാലു യുവാക്കൾ എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി പൊലീസ് പിടിയിൽ. പൊതുപ്രവർത്തനത്തിന്റെ മറവിൽ ലഹരി വില്പന നടത്തുകയായിരുന്നു ഇവർ. ഡി.വൈ.എഫ്.ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയായിരുന്ന തേക്കുംകാട്ടിൽ ടി.എസ്. ഷിയാസ് (35), സുഹൃത്തുക്കളായ കുമ്പൻകല്ല് ഓലിക്കൽ വീട്ടിൽ ആഷിക് സഹീർ (23), ഇടവെട്ടി ചീങ്കല്ലേൽ ഹർഷിദ് ജബ്ബാർ (33), വെങ്ങല്ലൂർ കണിപറമ്പിൽ നിഹാൽ ഷെഫീഖ് (22) എന്നിവരാണ് തൊടുപുഴ പൊലീസിന്റെ വലയിലായത്. 18.18 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 4070 രൂപയും രണ്ടു വാഹനങ്ങളും ഇവരിൽനിന്ന് പൊലീസ് പിടികൂടി.
ഷിയാസ് കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെക്കുംഭാഗം ഡിവിഷനിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ പുലർച്ചെ നാലോടെ ഇടവെട്ടി കനാൽപാലംഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പൊലീസ് പിടികൂടാൻ ശ്രമിച്ചപ്പോൾ പ്രതികളിലൊരാളായ നിഹാൽ പെപ്പർ സ്‌പ്രേ ഉപയോഗിച്ച് അറസ്റ്റ് തടയാൻ ശ്രമം നടത്തി. ബലപ്രയോഗത്തിലൂടെയാണ് ഇവരെ കീഴടക്കിയത്. മറ്റൊരു പ്രതിയായ ആർഷിദ് ഒരാഴ്ച മുമ്പ് ലഹരിയുമായി പൊലീസിന്റെ പിടിയിലായിരുന്നെങ്കിലും ചെറിയ അളവായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിലും ലഹരിമരുന്നിന്റെ ഉറവിടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ലഹരി കച്ചവടത്തിന് മറയാക്കിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും അന്വേഷിക്കുമെന്ന് ജില്ല പൊലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു.
പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ
പിടിയിലായ ഷിയാസിന് സംഘടനയിൽ നിലവിൽ ഭാരവാഹിത്വമില്ലെന്നും കമ്മിറ്റികളിലും പരിപാടികളിലും തുടർച്ചയായി പങ്കെടുക്കാത്തതിനാൽ ഒഴിവാക്കിയതാണെന്നും ഡി.വൈ.എഫ്.ഐ തൊടുപുഴ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. ലഹരി ഇടപാടിൽ പ്രതിയായതിനാൽ ഷിയാസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും ബ്ലോക്ക് സെക്രട്ടറി കെ.എം. അൽത്താഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |